യുവാവിന് വേണ്ടിയിരുന്നത് ഭാര്യയെ അല്ല അനുസരണയുള്ള വേലക്കാരിയെ; വിവാഹമോചനത്തിനുള്ള അപ്പീൽ തള്ളി കർണാടക ഹൈക്കോടതി

Published : Oct 23, 2025, 12:39 PM IST
court

Synopsis

"വിവാഹം കുട്ടിക്കളിയല്ല. ദാമ്പത്യ ജീവിതം നയിക്കുന്നതിന്, ഭാര്യാഭർത്താക്കന്മാർ പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും പൊരുത്തപ്പെട്ട് പോകേണ്ടിയും വരും" എന്നും കോടതി പറഞ്ഞു.

ഭാര്യയുടെ ക്രൂരത സഹിക്കാനാകുന്നില്ല, വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്, അപ്പീൽ തള്ളി കര്‍ണാടക ഹൈക്കോടതി. ബെംഗളൂരു കുടുംബ കോടതിയുടെ വിധിക്കെതിരെയാണ് അപ്പീലുമായി യുവാവ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇയാൾക്ക് വേണ്ടത് ഒരു ഭാര്യയെ ആയിരുന്നില്ല, മറിച്ച് വിശ്വസ്തയായ ഒരു വേലക്കാരിയെ ആയിരുന്നു. ഒരു വിവാഹജീവിതമാകുമ്പോൾ‌ രണ്ടാളും വിട്ടുവീഴ്ച ചെയ്യണം എന്നാണ് കർണാടക ഹൈക്കോടതി പറഞ്ഞത്.

ജസ്റ്റിസ് ജയന്ത് ബാനർജി, ഉമേഷ് അഡി​ഗ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സപ്തംബർ 15 -നാണ് ബെം​ഗളൂരു കുടുംബ കോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ പരി​ഗണിച്ചത്. കുടുംബ കോടതി യുവാവിന്റെ വിവാഹമോചനത്തിനുള്ള അപേക്ഷ തള്ളുകയായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവും കുടുംബവും അതൃപ്തരായിരുന്നു എന്നത് തെളിയിക്കാൻ ഭാര്യയ്ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് കുടുംബ കോടതി പറഞ്ഞത്.

2015 -ൽ വിവാഹിതരായ ദമ്പതികൾ പത്ത് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. താൻ അമേരിക്കയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഭാര്യ സിംഗപ്പൂരിൽ ജോലിക്ക് പോയിരുന്നു. വിവാഹശേഷം ഭാര്യ തന്നോടൊപ്പം യുഎസിൽ താമസിക്കാൻ വിസമ്മതിച്ചുവെന്നും തുടർന്ന് 2016 -ൽ കുടുംബ കോടതിയിൽ വിവാഹമോചന നടപടികൾ ആരംഭിച്ചുവെന്നും യുവാവ് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, സ്ത്രീധനത്തിന്റെയും സ്വത്തിന്റെയും കാര്യത്തിൽ ഭർത്താവും അമ്മയും അതൃപ്തരായിരുന്നെന്നും, യുഎസിൽ അയാളൊടൊപ്പം പോകുന്നതിന് വേണ്ടി തന്റെ വിസയ്ക്ക് വേണ്ടി അയാൾ ഒന്നും ചെയ്തില്ല എന്നും യുവതി ഹൈക്കോടതിയിൽ പറഞ്ഞു. തന്റെ അമ്മായിയമ്മ നിരന്തരം തങ്ങളുടെ ജീവിതത്തിൽ ഇടപെട്ടു. ഇത് കാരണം സമാധാനപരമായ ദാമ്പത്യ ജീവിതം അസാധ്യമാണെന്നും അവർ അവകാശപ്പെട്ടു.

ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം, ഭർത്താവിന്റെ പ്രതീക്ഷകൾ ന്യായരഹിതമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഭാര്യ ക്രൂരത കാണിക്കുന്നുവെന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. "വിവാഹം കുട്ടിക്കളിയല്ല. ദാമ്പത്യ ജീവിതം നയിക്കുന്നതിന്, ഭാര്യാഭർത്താക്കന്മാർ പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും പൊരുത്തപ്പെട്ട് പോകേണ്ടിയും വരും" എന്നും കോടതി പറഞ്ഞു.

"ഹർജിക്കാരന് ഒരു ഭാര്യ എന്നതിനേക്കാൾ അനുസരണയുള്ള, ആത്മാർത്ഥതയുള്ള ഒരു വേലക്കാരിയെയായിരുന്നു ആവശ്യം എന്നത് വ്യക്തമാണ്. ജീവിതപങ്കാളി തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഓരോ പ്രവൃത്തിയും ചെയ്യണമെന്നതടക്കം അയാൾ ഭാര്യയിൽ നിന്നും വളരെയധികമാണ് പ്രതീക്ഷിച്ചിരുന്നത്. പരസ്പര ചർച്ചയിലൂടെയും ധാരണയിലൂടെയും പരിഹരിക്കാമായിരുന്ന നിസ്സാരമായ വിഷയങ്ങളാണ് ഭർത്താവ് ഉന്നയിച്ചത്" എന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി