
ചൈനയിലെ സുഷൗവിലുള്ള ഒരു ജ്വല്ലറിയിലെ ജീവനക്കാരൻ തകർത്തു കളഞ്ഞത് 1.16 കോടി രൂപ വിലമതിക്കുന്ന ജേഡ് വളകൾ. ചെറുപ്പക്കാരനായ ജീവനക്കാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണതിനെ തുടർന്നാണ് വളകൾ പൊട്ടിയത്. എന്നാൽ, വളകൾ പൊട്ടിച്ചതിന് നഷ്ടപരിഹാരം ചോദിക്കുന്നതിന് പകരം അയാളോട് ക്ഷമിക്കാനാണ് ജ്വല്ലറിയുടമ തീരുമാനിച്ചത്. ജ്വല്ലറിയുടമയുടെ തീരുമാനം വലിയ തരത്തിലാണ് ചൈനയിലെ സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കപ്പെടുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബറിൽ ജിയാങ്‌സു പ്രവിശ്യയിലെ ഒരു ജ്വല്ലറിയിൽ നടന്ന സംഭവം കടയിലെ നിരീക്ഷണ ക്യാമറയിലാണ് പതിഞ്ഞത്.
ഒരു ടേബിൾ മാറ്റുന്നതിനിടയിൽ ഇയാൾ ജേഡ് വളകൾ നിറച്ച ഒരു ബോക്സിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. അതിൽ 50 വളകളാണ് ഉണ്ടായിരുന്നത്. വളകൾ തകരുന്ന വലിയ ശബ്ദം കേട്ട് ആ സമയത്ത് ജ്വല്ലറിയിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി. ജീവനക്കാരൻ വളകൾ പെറുക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും അതിനുപോലും സാധിക്കാത്ത അത്രയും തകർന്ന അവസ്ഥയിലായിരുന്നു അവ. അതോടെ അയാൾ നിസ്സാഹായനായി നിലത്തിരുന്നുപോയി.
മുപ്പതിലധികം ജേഡ് വളകളാണ് ബോക്സിലുണ്ടായിരുന്നത്. അത് പൂർണമായും തകർന്നുവെന്നും ഒരു മില്ല്യണിലധികം യുവാന്റെ നഷ്ടമുണ്ടാക്കിയതായും ജ്വല്ലറിയുടമ ചെങ് പറഞ്ഞു. ക്ലാരിറ്റിക്കും അപൂർവതയ്ക്കും പേരുകേട്ട റഷ്യൻ നെഫ്രൈറ്റുകളായിരുന്നു ഈ വളകൾ എന്നും അവയ്ക്ക് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും ചെങ് പറഞ്ഞു. എന്നാൽ, ചെറുപ്പക്കാർക്ക് ശ്രദ്ധയില്ലാതെ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട് എന്നും അതിനാൽ ഇത്തവണ ജീവനക്കാരനോട് ക്ഷമിക്കാനാണ് താൻ തീരുമാനിച്ചത്, ഇത് അയാൾക്ക് ഒരു പാഠമായിത്തീരുമെന്ന് കരുതുന്നു എന്നും ചെങ് പറയുന്നു.
ജീവനക്കാരൻ പറയുന്നത് താൻ വല്ലാതെ ഭയന്നുപോയി എന്നാണ്. നഷ്ടപരിഹാരം വാങ്ങാത്തതിൽ ജ്വല്ലറിയുടമയോട് നന്ദിയുണ്ട് എന്നും അയാൾ പറഞ്ഞു. ആ പൊട്ടിത്തകർന്ന വളകൾ ജ്വല്ലറിയിൽ തന്നെ സൂക്ഷിക്കുമെന്നും അത് ജീവനക്കാർക്ക് ഒരു ഓർമ്മപ്പെടുത്തലായി മാറുമെന്നും ജ്വല്ലറിയുടമ പറഞ്ഞു.