ഫേസ്ബുക്കിലൂടെ പ്രണയം, വിവാഹ വാഗ്ദാനം,യുവതി തട്ടിയത് 40 ലക്ഷം രൂപ!

Published : Nov 19, 2022, 05:29 PM IST
ഫേസ്ബുക്കിലൂടെ പ്രണയം, വിവാഹ വാഗ്ദാനം,യുവതി തട്ടിയത് 40 ലക്ഷം രൂപ!

Synopsis

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് കെ ആര്‍ മഞ്ജുള എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് ഇയാള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്.

ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി യുവതി തട്ടിയെടുത്തത് 40 ലക്ഷം രൂപ. കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം. ഐഎഎസ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെ 40 ലക്ഷം രൂപ തട്ടിയെടുത്തത്.

ബഗലൂര്‍ വില്ലേജില്‍ താമസിക്കുന്ന പരമേശ്വര്‍ ഹിപ്പാര്‍ഗിയാണ് യുവതിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പരമേശ്വര്‍. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് കെ ആര്‍ മഞ്ജുള എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് ഇയാള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇയാള്‍ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തതോടെ ഇരുവരും തമ്മില്‍ സൗഹൃദമായി. പിന്നെ സ്ഥിരമായി ചാറ്റിങ് ആരംഭിച്ചു. സൗഹൃദ സംഭാഷണത്തില്‍ തുടങ്ങിയ സംസാരം പിന്നീട് പ്രണയത്തിലേക്കും ഒടുവില്‍ വിവാഹാലോചനയിലേക്കും വഴിമാറി. 

ഇതിനിടയില്‍ മഞ്ജുള തന്റെ അമ്മയ്ക്ക് സുഖം ഇല്ലെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും തെറ്റിദ്ധരിപ്പിച്ച് പരമേശ്വരില്‍ നിന്നും പണം ആവശ്യപ്പെട്ടു. ഇവരെ അന്ധമായി വിശ്വസിച്ച പരമേശ്വര്‍ ഓണ്‍ലൈനായി പണം അയച്ചുകൊടുത്തു. പിന്നീട് പലപ്പോഴായി അമ്മയ്ക്ക് അസുഖം കൂടുതലാണെന്നും  അമ്മ മരിച്ചുപോയെന്നും അമ്മയുടെ ശവസംസ്‌കാര ചടങ്ങിന് ആണെന്നുമൊക്കെ പറഞ്ഞ് ഇവര്‍ ഇയാളില്‍ നിന്ന് പലതവണകളായി പണം വാങ്ങിയെടുത്തു. ഇങ്ങനെ പല തവണയായി ഇയാളില്‍ നിന്നും മഞ്ജുള തട്ടിയത്് 41,26,800 രൂപയാണ്.

ഇതിനിടയില്‍ താന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായും മഞ്ജുള ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. തനിക്ക് ബാംഗ്ലൂര്‍ ജില്ലാ കമ്മീഷണര്‍ ആയി നിയമനം ലഭിച്ചതായും ജോലിയില്‍ പ്രവേശിക്കാനായി അങ്ങോട്ട് പോകുകയാണെന്നും യുവതി ഇയാളോട് പറഞ്ഞിരുന്നു. ജോലിയില്‍ കയറിയ ശേഷം, താന്‍ വാങ്ങിയ പണം എല്ലാം ഒരുമിച്ച് തിരികെ നല്‍കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. 

എന്നാല്‍ പിന്നീടാണ് താന്‍ ചതിക്കപ്പെടുകയാണെന്ന് പരമേശ്വറിന് മനസ്സിലായത് .  ഇതോടെ ഇയാള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി