
പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി ഇല്ല എന്നാണ് പൊതുവില്‍ പറയുന്നത്. എപ്പോഴും അല്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും അത് സത്യമാണ് താനും. മക്കളുടെ കാര്യത്തില്‍ അമ്മമാര്‍ക്കുള്ള കരുതല്‍ മറ്റാരെക്കാളും മുന്നില്‍ തന്നെയാണ്. എന്നാല്‍ ഇത് മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും സത്യമാണ് എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. വൈറല്‍ വീഡിയോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന 51 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുള്ള ഈ വീഡിയോ കാണിക്കുന്നത് തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ എത്തുന്ന ശത്രുവിനോട് ജീവന്‍ മരണ പോരാട്ടം നടത്തുന്ന ഒരു അമ്മയെയാണ്.
ഒരു കോഴിയമ്മയും അതിന്റെ കുഞ്ഞുങ്ങളുമാണ് ഈ വീഡിയോയിലുള്ളത്. സ്വസ്ഥമായിരിക്കുന്ന അവരുടെ കൂടിനുള്ളിലേക്കാണ് പെട്ടെന്ന് ഒരു മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞു വരുന്നത്. പാമ്പിനെ കണ്ടതും അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു മൂലയിലേക്ക് ഒതുക്കി നിര്‍ത്തുന്നു. ശേഷം ഒട്ടും സമയം കളയാതെ മൂര്‍ഖന്‍ പാമ്പിനെ കൊത്തി ഓടിക്കാന്‍ ശ്രമം നടത്തുന്നു.
കോഴിയമ്മയുടെ ആക്രമണം മൂര്‍ഖന്‍ പാമ്പും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ടുതന്നെ വീഡിയോയുടെ ആദ്യഭാഗങ്ങളില്‍ പാമ്പ് പതിയെ പിന്മാറുന്നത് കാണാം. എന്നാല്‍ എതിരാളിയെ നിഷ്പ്രയാസം കീഴടക്കാമെന്ന ആത്മവിശ്വാസം കൊണ്ടാണോ എന്തോ എന്ന് അറിയില്ല അത് വീണ്ടും കോഴി അമ്മയ്ക്ക് നേരെ പത്തി വിടര്‍ത്തുന്നു. എന്നാല്‍ തന്റെ ശത്രുവിന്റെ ബലം തിരിച്ചറിയാവുന്ന കോഴിയമ്മ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ തന്നാല്‍ ആകും വിധം പാമ്പിനെ ആക്രമിക്കുന്നതാണ് വീഡിയോയില്‍. ഒരിക്കല്‍പോലും കോഴി ഭയപ്പെട്ട് പിന്നോട്ട് മാറുന്നില്ല എന്നുമാത്രമല്ല പാമ്പിനെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അടുത്തേക്ക് അടുക്കാന്‍ പോലും സമ്മതിക്കാത്ത വിധം വളഞ്ഞിട്ട് കൊത്തുകയും ചെയ്യുന്നു.
ഈ പോരാട്ടത്തില്‍ ആരാണ് ജയിച്ചത് എന്ന് കാണിക്കാതെയാണ് വീഡിയോ അവസാനിക്കുന്നത്. പാമ്പിന്റെ കടി കോഴിക്ക് ഏറ്റിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.അതുകൊണ്ടുതന്നെ തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പോരാടി ആ അമ്മ ജീവന്‍ വെടിഞ്ഞിരിക്കാന്‍ ആണ് സാധ്യത.
വൈറലായ ഈ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. അമ്മയുടെ പോരാട്ടത്തോളം വരില്ല മറ്റൊരു പോരാട്ടവും എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്.