ഇവള്‍ 'കേരളാ സുന്ദരി' ബംഗാളി കര്‍ഷകരുടെ പ്രിയങ്കരി!

By Web TeamFirst Published Nov 19, 2019, 2:38 PM IST
Highlights

ബംഗാളിലെ സുന്ദരവനം എന്ന സ്ഥലത്താണ് ഈ നെല്ല് കൂടുതലായും കണ്ടുവരുന്നത്. നല്ല വിളവ് ലഭിക്കുന്ന ഇനം നെല്ലാണ് ഇതെന്ന് കൃഷി ചെയ്തവര്‍ പറയുന്നു. ചോറിന് വേണ്ടിയാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള അരിയാണ് ഇത്.

ബംഗാളിലെ സുന്ദരവനം എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ സുന്ദരിയെ കണ്ടെത്തിയത്. ഏത് സുന്ദരിയെ എന്നല്ലേ? സാക്ഷാല്‍ കേരളാ സുന്ദരിയെന്ന നെല്‍വിത്തിനെ. എന്നാലും കേരളത്തിലെ ഈ സുന്ദരിയെങ്ങനെ ബംഗാളിലെത്തി? യഥാര്‍ഥത്തില്‍ ഇത് 'കേരള സുന്ദരി' തന്നെയാണെന്ന കാര്യത്തില്‍ നെല്‍വിത്തുകളെ അറിയുന്ന കര്‍ഷകര്‍ക്ക് യാതൊരു സംശയവുമില്ല. അപ്പോഴും ബംഗാളിലെ സുന്ദരിക്കെങ്ങനെ കേരളാ സുന്ദരിയെന്ന പേര് വന്നുവെന്ന കാര്യത്തിലാണ് സംശയം.

Kerala Sundari. pic.twitter.com/K7gc4BG7Um

— Arjun Kolady (@arjunkolady)

എന്നാല്‍, 'കേരള സുന്ദരി എന്നത് ബംഗാളില്‍ നിന്നുള്ള ഇനമാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു പേര് വന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബംഗാളിലുള്ള എന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ നെല്ല് ഞാന്‍ കേരളത്തില്‍ കൊണ്ടുവരുന്നത്.' സുന്ദരിയുമായി കേരളത്തിലെത്തിയ സേവ് റൈസ് ക്യാമ്പെയിന്‍ പ്രവര്‍ത്തകനായ ലെനീഷ് പറയുന്നു. ഈ കേരളസുന്ദരിയെന്ന പേരിന്റെ ഉറവിടം തേടി മലയാളിയായ ലെനീഷ് മാത്രമല്ല സഞ്ചരിച്ചത്. ബംഗാളില്‍ നിന്നുള്ള സേവ് റൈസ് ക്യാമ്പെയിന്‍ പ്രവര്‍ത്തകനായ സൗമിക് ബാനര്‍ജിയും പലയിടങ്ങളിലും സുന്ദരിയെ തപ്പിനടന്നു. വെബ്‌സൈറ്റില്‍ നിന്നോ മറ്റെവിടെ നിന്നുമോ ഇങ്ങനെയൊരു പേര് കണ്ടെത്താനായില്ലെന്ന് സൗമികും പറയുന്നു.

ഈ സുന്ദരി ശരിക്കും ആരാണ്?

ബംഗാളിലെ സുന്ദരവനം എന്ന സ്ഥലത്താണ് ഈ നെല്ല് കൂടുതലായും കണ്ടുവരുന്നത്. നല്ല വിളവ് ലഭിക്കുന്ന ഇനം നെല്ലാണ് ഇതെന്ന് കൃഷി ചെയ്തവര്‍ പറയുന്നു. ചോറിന് വേണ്ടിയാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള അരിയാണ് ഇത്.

എന്നാല്‍, വയനാട്ടിലുമുണ്ട് ഇപ്പോള്‍ കേരളാ സുന്ദരി. പിന്നില്‍ ലെനീഷ് തന്നെ. ലെനീഷ് കേരളാ സുന്ദരിയെ വളര്‍ത്തിയിരിക്കുന്നത് വയനാട്ടിലെ മാനന്തവാടിയിലുള്ള കാട്ടിക്കുളം എന്ന സ്ഥലത്താണ്. 'വളരെ ചെറിയ സ്ഥലത്താണ് ഈ നെല്ല് കൃഷി ചെയ്തിരിക്കുന്നത്. ട്രേയില്‍ വിത്ത് പാകിമുളപ്പിച്ച് വയലിലേക്ക് പറിച്ചുനട്ടതാണ്. ആഗസ്റ്റ് അവസാനത്തെ ആഴ്ചയാണ് ഞാറ് നട്ടത്. ഇപ്പോള്‍ കതിരിട്ട് തുടങ്ങുന്നു. ഡിസംബര്‍ പകുതി ആകുമ്പോഴേക്കും വിളവെടുക്കാം.' ലെനീഷ് പറയുന്നു

എട്ട് വര്‍ഷമായി കൃഷി ചെയ്യുന്ന ആളാണ് ലെനീഷ്. ഒന്‍പത് വര്‍ഷമായി സേവ് റൈസ് ക്യാമ്പെയിന്‍ എന്ന പ്രോജെക്റ്റില്‍ അംഗമായിരുന്നു ഇദ്ദേഹം. നെല്ലിനങ്ങളുടെ വ്യത്യസ്ത ഇനങ്ങളെ പരിചയപ്പെടാനും കൃഷിരീതികള്‍ അറിയാനുമായി കേരളത്തിന് പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. 48 നെല്ലിനങ്ങള്‍ ലെനീഷ് കൃഷി ചെയ്യുന്നുണ്ട്.

ഒരു ഏക്കറില്‍ നിന്ന് 2400 കി ഗ്രാം കേരളാ സുന്ദരി ഇനത്തില്‍പ്പെട്ട നെല്ല് വിളവെടുക്കാന്‍ കഴിയും. മറ്റുള്ള അത്യുത്പാദനശേഷിയുള്ള നെല്‍വിത്തുകളെ അപേക്ഷിച്ച് കൃഷി ചെയ്യാനുള്ള മുടക്കുമുതല്‍ വളരെ കുറവാണെന്ന് ബംഗാളില്‍ നിന്നുള്ള കര്‍ഷകര്‍ പറയുന്നു. മറ്റുള്ള നെല്ലിനങ്ങളില്‍ നിന്ന് ഒരു ഏക്കറില്‍ 1400 കി.ഗ്രാം നെല്ലാണ് ഇവര്‍ക്ക് വിളവെടുക്കാന്‍ കഴിഞ്ഞത്. ജൈവരീതിയിലാണ് ഇവര്‍ കൃഷി ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ ഫുലിയയിലെ അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡോ. അനുപം ഖേര്‍ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത്. ബംഗാളിലെ സേവ് റൈസ് ക്യാമ്പെയിന്‍ പ്രവര്‍ത്തകരായ അലാവുദ്ദീന്‍ അഹമ്മദും ഹിമാംശു മൊണ്ടോളുമാണ് കേരള സുന്ദരി ബംഗാളില്‍ വന്‍തോതില്‍ കൃഷി ചെയ്ത് വിളവെടുക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്തത്.

 

click me!