'പഠിക്കുന്ന കാലത്തൊന്നും ഒരു മുസ്‍ലിം ആണെന്ന് തോന്നിയിരുന്നില്ല , ഇപ്പോഴെന്താണിങ്ങനെ?' ബി‌എച്ച്‌യുവിലെ സംസ്കൃതാധ്യാപകൻ ഫിറോസ് ഖാൻ പറയുന്നു

By Web TeamFirst Published Nov 19, 2019, 1:21 PM IST
Highlights

ഡോക്ടറേറ്റിന് പുറമേ സംസ്‌കൃതത്തിൽ നെറ്റും ജെആർഎഫും ഫിറോസ് ഖാൻ നേടിയിട്ടുണ്ട്.
 

പേര് ഫിറോസ് ഖാൻ. വിദ്യാഭ്യാസ യോഗ്യത, സംസ്കൃതഭാഷയിലും സാഹിത്യത്തിലൂടെ ഡോക്ടറേറ്റ് ബിരുദം. ഒരു മാസം മുമ്പുവരെ ഫിറോസ് ഖാന്റെ ജീവിതം ഏറെ സമാധാനപൂർണ്ണമായിരുന്നു. സ്ഥിരമായ ഒരു ജോലിയില്ലെങ്കിലും ഫിറോസിന്റെ ജീവിതത്തിൽ പ്രത്യേകിച്ച് സംഘർഷങ്ങൾക്കൊന്നും സ്ഥാനമില്ലായിരുന്നു. അദ്ദേഹത്തിന് ഏറെ സന്തോഷം തോന്നിയ ഒരു ദിവസമായിരുന്നു നവംബർ 7. അന്നായിരുന്നു ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സംസ്‌കൃത വിദ്യാ ധരം വിഗ്യാൻ(SVDV) -ൽ അസിസ്റ്റൻറ് പ്രൊഫസറായി അദ്ദേഹം ജോയിൻ ചെയ്യുന്നത്. ഫിറോസിന്റെ മൊബൈലിലേക്ക് അന്നുമുതൽ നിർത്താതെ ഭീഷണി കോളുകൾ വന്നുകൊണ്ടിരുന്നു. മുസ്ലീമായ ഫിറോസ് ഖാൻ തങ്ങളെ സംസ്‌കൃതം പഠിപ്പിക്കേണ്ട എന്നും പറഞ്ഞുകൊണ്ട് വൈസ് ചാൻസലറുടെ വസതിയുടെ മുമ്പിൽ ഹോമകുണ്ഡമൊരുക്കി പ്രതിഷേധ ധർണ നടത്തുകയാണ് SVDV യിലെ ഇരുപതോളം വിദ്യാർത്ഥികൾ. ഖാൻ ജോയിൻ ചെയ്ത അന്നുമുതൽ അന്നേദിവസം വരെ ആ കലാലയത്തിൽ ക്ലാസുകളില്‍ നടന്നിട്ടില്ല. 

ഭീഷണികൾ വർധിച്ചതോടെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത് ഒളിവിൽ പോകേണ്ടി വന്നു ഫിറോസ് ഖാന്. ഖാൻ ആകെ പരിഭ്രാന്തനാണ്.
"എന്റെ ജീവിതകാലം മുഴുവൻ ഞാൻ ആവേശപൂർവം അഭ്യസിച്ച ഭാഷയാണ് സംസ്കൃതം. പഠിച്ചുകൊണ്ടിരുന്ന കാലത്തൊന്നും തന്നെ ആരും എനിക്ക് ഞാനൊരു മുസ്‌ലിം ആണെന്ന് തോന്നിക്കുന്ന തരത്തിൽ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, ഞാൻ വേണ്ട യോഗ്യതകളൊക്കെ നേടി, പരീക്ഷയിലും ഒന്നാമനായി, പഠിപ്പിക്കാൻ തുടങ്ങുന്ന ദിവസം പെട്ടെന്നെങ്ങനെയാണ് ഞാൻ ജന്മം കൊണ്ട് ഒരു മുസ്‌ലിം ആണെന്നത് ഇവർക്ക് പ്രശ്‌നമാകുന്നത്..?" ഖാൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

സംസ്കൃതത്തിൽ ശാസ്ത്രി( ബിരുദം), ശിക്ഷാ ശാസ്ത്രി ( ബി എഡ്), ആചാര്യ (ബിരുദാനന്തര ബിരുദം) എന്നിവ പ്രഥമശ്രേണിയിൽ വിജയിച്ചിട്ടുള്ള ഫിറോസ് ഖാൻ, രാജസ്ഥാനിലെ ജയ്‌പ്പൂരിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ  എന്ന വിഖ്യാതമായ  ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2018-ലാണ് പിഎച്ച്ഡി ബിരുദം നേടുന്നത്. ഡോക്ടറേറ്റിന് പുറമേ സംസ്‌കൃതത്തിൽ നെറ്റും ജെആർഎഫും ഫിറോസ് ഖാൻ നേടിയിട്ടുണ്ട്.

രണ്ടാം ക്ലാസ് തൊട്ട് സംസ്കൃതം അഭ്യസിച്ചുവന്നയാളാണ് ഫിറോസ്. അതേപ്പറ്റി അന്നുതൊട്ടിന്നുവരെ, മുപ്പതുശതമാനത്തിലധികം പേരും മുസ്‌ലീങ്ങളുള്ള സ്വന്തം മൊഹല്ലയിൽ നിന്ന് പോലും ഒരെതിർപ്പും ഫിറോസിന് നേരിടേണ്ടി വന്നിട്ടില്ല. സംസ്കൃതസാഹിത്യം ഹൃദിസ്ഥമാക്കിയിട്ടുള്ളത്ര ഖുർആൻ പോലും താൻ പഠിച്ചുകാണില്ല എന്നും ഫിറോസ് പറയുന്നുണ്ട്. മുസ്ലീമായിരുന്നിട്ടും സംസ്കൃതസാഹിത്യത്തിൽ വെച്ചുപുലർത്തിയിരുന്ന ജ്ഞാനത്തിന്റെ പേരിൽ തന്നെ പല ഹിന്ദുപണ്ഡിതരും അഭിനന്ദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു. ഫിറോസിന്റെ അച്ഛൻ റംസാൻ ഖാനും സംസ്കൃത ബിരുദധാരിയാണ്.  

എന്നാൽ സമരത്തിലുള്ള വിദ്യാർത്ഥികൾ അധ്യാപകനെ മാറ്റണം എന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നില്കുന്നു. ആർഷഭാരത സംസ്കാരവുമായി വൈകാരികബന്ധമില്ലാത്ത ഒരാൾക്ക് അതെങ്ങനെ മനസ്സിലാക്കാനും, അഭ്യസിപ്പിക്കാനുമാകും എന്നാണ് അവരുടെ ചോദ്യം. കൃഷ്ണകുമാർ, ശശികാന്ത് മിശ്ര, ശുഭം തിവാരി, ചക്രപാണി ഓജ എന്നിവരാണ് സമരത്തിനിറങ്ങിയത്. 

സംസ്കൃതം എന്ന ഭാഷയും, അതിലെ സാഹിത്യവും പഠിപ്പിക്കാനുള്ള ശേഷിയും അധ്യാപകന്റെ മതവുമായി യാതൊരു ബന്ധവുമില്ല എന്നകാര്യം ഇതുവരെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ BHU അഡ്മിനിസ്ട്രേഷന് സാധിച്ചില്ല. അഭിജ്ഞാന ശാകുന്തളം, ഉത്തരരാമചരിതം, രഘുവംശം തുടങ്ങിയ മഹാകാവ്യങ്ങളാണ് പഠിക്കാനുള്ളത്, മതത്തിന് അതിന് കുറുകെ വരാനുള്ള കാരണമില്ല. BHU -ലെ മറ്റു വിഭാഗങ്ങളിലെ അധ്യാപകർ ഫിറോസ് ഖാന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 

വേദങ്ങളും, ധർമ്മശാസ്ത്രങ്ങളോ, ജ്യോതിഷമോ ആണ് സിലബസിലുള്ളത് എങ്കിൽ താൻ പഠിപ്പിക്കുന്നതിനേക്കാൾ നല്ലത് വിശ്വാസിയായ ഒരു ഹിന്ദു പഠിപ്പിക്കുന്നതാണ് എന്ന് പറയുന്നതിൽ യുക്തിയുണ്ടായിരുന്നു എന്ന് ഫിറോസ് ഖാനും സമ്മതിക്കുന്നു. എന്നാൽ, സംസ്കൃതസാഹിത്യവും മതാചാരങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നും പാഠഭാഗങ്ങൾ അഭ്യസിപ്പിക്കാൻ മറ്റാരേക്കാളും യോഗ്യനാണെന്ന തികഞ്ഞ ആത്മവിശ്വാസവും തനിക്കുണ്ടെന്നും ഖാൻപറഞ്ഞു. 

click me!