ഇത് കേഷ, ഈ ആർട്ടിക് ദ്വീപസമൂഹത്തിലെ ഏകാകിയായ കണ്ടൻപൂച്ച

By Web TeamFirst Published Dec 5, 2020, 1:22 PM IST
Highlights

പോളാർ ഫോക്സ് എന്നപേരിൽ രജിസ്റ്റർ ചെയ്ത് റഷ്യക്കാരാണ് ഈ കണ്ടൻ പൂച്ചയെ പത്തുപന്ത്രണ്ടു വർഷം മുമ്പെന്നോ ഇവിടേക്ക് കടത്തുന്നത്. 

നോർവേക്കാരും റഷ്യക്കാരും താമസമുള്ള സ്പിറ്റ്സ്ബെർഗെൻ ദ്വീപസമൂഹത്തിൽ വളർത്തുമൃഗങ്ങൾക്ക് വിലക്കുണ്ട്. മൃഗങ്ങളെ വീട്ടിൽ വളർത്താൻ അനുവാദമില്ല അവിടർക്കും. എന്നാൽ, ഈ ഒരു നിരോധനത്തെ അതിജീവിച്ചു കൊണ്ട് അവിടെ ഏകാകിയായ ഒരു വളർത്തുമൃഗമുണ്ട്, ഒരു കണ്ടൻ പൂച്ച. പേര് കേഷ. അവൻ എങ്ങനെ ഈ നിരോധനത്തെ മറികടന്ന് ഇവിടെ എത്തി എന്ന് ചോദിച്ചാൽ, യാത്രാ രേഖകളിൽ കേഷ ഒരു പോളാർ ഫോക്സ് ആണ്. 

ആർട്ടിക് സമുദ്രത്തിലെ നോർവീജിയൻ ദ്വീപസമൂഹമായ സ്പിറ്റ്സ്ബെർഗെനിൽ ആകെ താമസമുള്ളത് ഏകദേശം 3000 -ൽ പരം പേരാണ്. ശൈത്യകാലത്ത് ഇവിടത്തെ താപനില -16 ഡിഗ്രി സെൽഷ്യസ് വരെ താഴും. വേനലിൽ ഏറ്റവും കൂടിയ താപനില +7 ഡിഗ്രി സെൽഷ്യസ് ആണ്. ഭൂരിഭാഗം താമസക്കാരും നോർവീജിയൻ പാരമ്പര്യമുള്ളവർ തന്നെ. വിരലിലെണ്ണാവുന്ന റഷ്യക്കാരും ഉള്ളത്, ബാരെന്റ്സ്ബെർഗ് എന്ന ഗ്രാമത്തിലാണ്. മരത്തിൽ തീർത്ത ചെറുകോട്ടേജുകളും, മരപ്പലകകൾ കൊണ്ടു തന്നെ നിർമിച്ച ക്രിസ്ത്യൻ പള്ളിയും, ലെനിന്റേയും കമ്യൂണിസത്തിന്റെയും ഒക്കെ തിരുശേഷിപ്പുകളും ഒക്കെയുള്ള ഈ ഗ്രാമത്തിലാണ് കേഷ എന്ന കണ്ടൻപൂച്ചയും കഴിഞ്ഞു കൂടുന്നത്. 

ഈ പ്രദേശത്ത് വളർത്തുമൃഗങ്ങൾക്ക് വിലക്കുണ്ട് എന്ന സവിശേഷ സാഹചര്യം അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഈ ദ്വീപസമൂഹത്തിലെ കേഷയുടെ സാന്നിധ്യം ഒരു വാർത്തയേ ആകില്ലായിരുന്നു. സവിശേഷ അനുമതി വാങ്ങി കൂട്ടിൽ ഇട്ടു വളർത്തുന്ന തത്തകളും, മുയലുകളും, എലികളും അല്ലാതെ പട്ടിയോ പൂച്ചയോ പോലുള്ള വളർത്തു മൃഗങ്ങളെ വളർത്താൻ ഇവിടെ അനുവാദമില്ല. ധ്രുവക്കരടികളിൽ നിന്നും ചെവിയൻ മുയലുകളിൽ നിന്നുമൊക്കെ പേവിഷബാധ ഉണ്ടാകാതിരിക്കാനുള്ള ഒരു നിർണായകമായ മുൻകരുതൽ ആണ് ഈ 'പെറ്റ് ബാൻ'. 

ഇങ്ങനെയൊരു നിരോധനം നിലനിൽക്കെ, കേഷയെ ആരാണ് ഈ ദ്വീപസമൂഹത്തിലേക്ക് കടത്തിയത് എന്നത് ഇന്നും വ്യക്തമല്ല. പോളാർ ഫോക്സ് എന്നപേരിൽ രജിസ്റ്റർ ചെയ്ത് റഷ്യക്കാരാണ് ഈ കണ്ടൻ പൂച്ചയെ പത്തുപന്ത്രണ്ടു വർഷം മുമ്പെന്നോ ഇവിടേക്ക് കടത്തുന്നത്. പകലിരുട്ടുവോളം തെരുവിൽ തന്നെ കഴിയുന്ന കേഷ, ഇന്നാട്ടുകാരുടെ ഓമനയാണ്. അവർക്ക് ആകെ കണ്മുന്നിൽ വന്നുകിട്ടുന്ന ഒരേയൊരു വളർത്തുമൃഗം ആയതിനാൽ തന്നെ എല്ലാവരുടെയും ലാളനകൾക്ക് വിധേയമാണ് കേഷ. 

2020 -ൽ കേഷയ്ക്ക് പന്ത്രണ്ടു വയസ്സ് തികഞ്ഞു. പൂച്ചകളെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തിന്റെ സായാഹ്നകാലമാണ്. ഇന്ന് ഈ ദ്വീപസമൂഹത്തിലെ ഒരേയൊരു പൂച്ചയാണ് കേഷ എന്നാണ് അവിടത്തെ സംസാരം. എന്തായാലും ബാരെന്റ്സ്ബെർഗ് ഗ്രാമത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നായി കേഷ മാറിയിട്ടുണ്ട്. 

Courtesy : RBTH
 

click me!