മകൾ ട്രാൻസ്ജെൻഡർ വ്യക്തിയായി മാറി, അവളെ കുറിച്ച് അഭിമാനം, കുറിപ്പുമായി ഖാലിദ് ഹുസൈനി

Published : Jul 13, 2022, 10:55 AM ISTUpdated : Jul 13, 2022, 10:57 AM IST
മകൾ ട്രാൻസ്ജെൻഡർ വ്യക്തിയായി മാറി, അവളെ കുറിച്ച് അഭിമാനം, കുറിപ്പുമായി ഖാലിദ് ഹുസൈനി

Synopsis

ഹാരിസിന്റെ ധൈര്യത്തിൽ താൻ അഭിമാനം കൊള്ളുന്നു. തന്റെ യഥാർത്ഥ സ്വത്വം ലോകത്തോട് വെളിപ്പെടുത്താൻ‌ അവൾ കാണിച്ച ധൈര്യം തനിക്ക് പ്രചോദനമാണ്. സത്യസന്ധമായി ജീവിക്കുന്നതിനെ കുറിച്ച് അവൾ ഞങ്ങളെ പഠിപ്പിച്ചു.

മകൾ ട്രാൻസ്ജെൻഡർ വ്യക്തിയായി മാറിയതിനെ കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് എഴുത്തുകാരൻ ഖാലിദ് ഹുസൈനി. ഒരു പിതാവെന്ന നിലയിൽ തന്റെ മകളെ കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല എന്നാണ് ഖാലിദ് ഹുസൈനി എഴുതിയിരിക്കുന്നത്. സത്യത്തെ കുറിച്ചും ധൈര്യത്തെ കുറിച്ചും മകൾ ഹാരിസ് തന്റെ കുടുംബത്തെ വലിയ പാഠം പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആ നാളുകൾ അവൾക്ക് വേദനയുടേതായിരുന്നു. എന്നാൽ, അവൾ ശക്തയും ഭയമില്ലാത്തവളും ആയിരുന്നു എന്നും അദ്ദേഹം കുറിച്ചു. 

 

"ഇന്നലെ, എന്റെ മകൾ ഹാരിസ് ഒരു ട്രാൻസ് വ്യക്തിയായി മാറി. ഇത്രയേറെ ഞാനൊരിക്കലും അവളെക്കുറിച്ച് അഭിമാനിച്ചിട്ടില്ല. അവൾ ഞങ്ങളുടെ കുടുംബത്തെ ധീരതയെക്കുറിച്ചും സത്യത്തെക്കുറിച്ചും വളരെയധികം പഠിപ്പിച്ചിരിക്കുന്നു. ഈ പ്രക്രിയ അവൾക്ക് വേദനാജനകമായിരുന്നുവെന്ന് എനിക്കറിയാം. ട്രാൻസ് വ്യക്തികൾക്ക് ദിവസവും നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ അവൾക്ക് അറിയാം. എന്നാൽ, അവൾ ശാന്തയാണ്. അതേസമയം അവൾ ശക്തയും ഭയമില്ലാത്തവളുമാണ്” അദ്ദേഹം ട്വീറ്റ് ചെയ്തു.

കാബൂളിൽ ജനിച്ച ഖാലിദ് ഹുസൈനി 1980 -ൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം തിരികെ അഫ്​ഗാനിലെത്തി. എന്നാൽ, പിന്നീട് പാരീസിലേക്ക് മാറി. പിന്നെ തിരികെ വരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവലായ 'ദി കൈറ്റ് റണ്ണർ‌' ബെസ്റ്റ് സെല്ലറായി മാറി. മുപ്പത്തിനാല് രാജ്യങ്ങളിൽ അത് പ്രസിദ്ധീകരിച്ചു. 

'രണ്ട് പെൺമക്കളുണ്ട് എന്നതിൽ താൻ അഭിമാനിക്കുന്നു. ഹാരിസിന്റെ ധൈര്യത്തിൽ താൻ അഭിമാനം കൊള്ളുന്നു. തന്റെ യഥാർത്ഥ സ്വത്വം ലോകത്തോട് വെളിപ്പെടുത്താൻ‌ അവൾ കാണിച്ച ധൈര്യം തനിക്ക് പ്രചോദനമാണ്. സത്യസന്ധമായി ജീവിക്കുന്നതിനെ കുറിച്ച് അവൾ ഞങ്ങളെ പഠിപ്പിച്ചു. താനും കുടുംബവും എല്ലായ്പ്പോഴും അവൾക്കൊപ്പമുണ്ടാവും. സുന്ദരിയും ബുദ്ധിമതിയും മിടുക്കിയുമായ സ്ത്രീയായി അവൾ ലോകത്തിലേക്ക് പ്രവേശിക്കുന്നത് കാണുന്നത് തന്നെ മനോഹരമാണ്' എന്നും അദ്ദേഹം കുറിച്ചു. 


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ