വിയറ്റ്നാം യാത്രയ്ക്കിടെ ആദിത്യ ഗുപ്ത എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഇന്ത്യക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ വിയറ്റ്നാമാണ് മുന്നിലെന്നാണ് യുവാവ് പറയുന്നത്.
ഇന്ത്യയിലെ ചില നഗരങ്ങൾ വൃത്തിഹീനമായി കിടക്കുന്നതിനെ കുറിച്ച് മിക്കവാറും സ്വദേശികളും വിദേശികളും എല്ലാം പരാതികൾ പറയാറുണ്ട്. ആളുകൾ ഒട്ടും പൗരബോധമില്ലാതെയാണ് പെരുമാറുന്നത് എന്നും അതാണ് വൃത്തിയില്ലാത്തതിന് കാരണം എന്നും പലരും അഭിപ്രായപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിയറ്റ്‌നാമിനേക്കാള്‍ മികച്ചതാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണെന്നാണ് ഇന്ത്യയിൽ നിന്നുള്ള യുവാവ് പറയുന്നത്. ആദിത്യ ഗുപ്ത എന്ന യുവാവാണ് വിയറ്റ്‌നാം യാത്രയ്ക്കിടെ ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
'ഞാന്‍ ഇപ്പോള്‍ വിയറ്റ്‌നാമിലാണ് ഉള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. പക്ഷേ, ഇവിടുത്തെ തെരുവുകള്‍ അതിമനോഹരമായി വൃത്തിയാക്കിയ രീതിയിലാണ് ഉള്ളത്. ജപ്പാനിലെ അത്രയും ഇല്ലെങ്കിലും വിയറ്റ്‌നാമിലെ ശുചിത്വം യാത്രയിലുണ്ടാകുന്ന അനുഭവത്തിൽ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്. വൃത്തിയുടെ കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റം പറയുന്നതിനേക്കാള്‍ നമ്മുടെ പൗരബോധത്തെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കുറിപ്പ് ശ്രദ്ധിക്കപ്പെടുകയായിരുന്നു. 54,000 -ത്തിലധികം ആളുകള്‍ കണ്ട ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റുകളും നൽകി. യുദ്ധം തകര്‍ത്ത ഒരു രാജ്യം ഇത്ര വേഗത്തില്‍ വളര്‍ന്നതും അവിടുത്തെ ജനങ്ങളുടെ മാന്യമായ പെരുമാറ്റവും മാതൃകാപരമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ശുചിത്വത്തിന്റെ കാര്യത്തില്‍ പൗരന്മാര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കരുതെന്നും ആളുകൾ അഭിപ്രായപ്പെട്ടു. അതേസമയം തന്നെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളാണ് മികച്ചതെന്ന വാദത്തെയും ചിലര്‍ എതിര്‍ത്തു. വിയറ്റ്‌നാമിലെ റോഡുകള്‍ മികച്ചതാണെന്നും അവിടെ കുഴികള്‍ കാണാനില്ലെന്നും ഒക്ടോബറില്‍ രാജ്യം സന്ദര്‍ശിച്ച ഒരു യുവാവ് മറുപടി നല്‍കി.
