കിം ജോങ് ഉൻ : തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരം

By Web TeamFirst Published Apr 21, 2020, 10:50 AM IST
Highlights

സ്നേക്ക് വൈനിന്റെയും ആരാധകനായിരുന്നു കിം. കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി  സേവിച്ചാൽ  ലൈംഗിക ശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തരകൊറിയക്കാർക്കിടയിലുണ്ട്. 

ശത്രുരാജ്യങ്ങളെ ആണവായുധം കൊണ്ട് ഭസ്മമാക്കും എന്ന് ഭീഷണിപ്പെടുത്തുക, ഇടയ്ക്കിടെ ആണവമിസൈലുകൾ പരീക്ഷിക്കുക, സ്വന്തം അമ്മാവനടക്കം രാഷ്ട്രീയ ശത്രുക്കളെന്നു തോന്നിയ പലരെയും വധശിക്ഷക്ക് ഇരയാക്കുക, കൊവിഡ് ബാധിച്ചവരെ വെടിവെച്ചു കൊല്ലുക, അനിഷ്ടം തോന്നുന്നവരെ പട്ടിണിക്കിട്ട വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുക്കുക - കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ വീരസ്യം എന്ന് വേർതിരിച്ചറിയുക പ്രയാസമാണ്. കാരണം, അത്രമേൽ സർക്കാർ നിയന്ത്രണത്തിൽ കാര്യങ്ങൾ നടത്തപ്പെടുന്ന ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. 

ആരാണ് കിം ജോങ് ഉൻ ?

2011 -ൽ കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ ജനപ്രിയ നേതാവുമായിരുന്ന കിം ജോങ് ഇൽ മരണപ്പെടുമ്പോൾ, അദ്ദേഹം ഇഷ്ടപുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയാക്കാൻ വേണ്ട പരിശീലനം നല്കിക്കൊണ്ടിരിക്കയായിരുന്നു. കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയിൽ, 1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉൻ, അധികാരത്തിലേറുമ്പോൾ 29 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ, പരമരഹസ്യമായി, ഒരു ഉത്തരകൊറിയൻ ഡിപ്ലോമാറ്റിന്റെ മകൻ എന്ന ഭാവേനയായിരുന്നു കിം ജോങ് ഉന്നിന്റെ കോൺവെന്റ് വിദ്യാഭ്യാസം. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ അക്കാലത്ത് അദ്ദേഹം അവഗാഹം നേടി. 

 

 

കുട്ടിക്കാലത്ത് തികഞ്ഞ വികൃതിയായിരുന്നു കിം ജോങ് ഉൻ എങ്കിലും, ബാസ്കറ്റ് ബോളിലെ അപാരമായ താത്പര്യം അയാളെ ഏകാഗ്രത നിലനിർത്താൻ സഹായിച്ചു. മണിക്കൂറുകളോളം നേരം ചെലവിട്ട് ബാസ്കറ്റ് ബോൾ ഇതിഹാസം ഷിക്കാഗോ ബുൾസിന്റെ സുവർണതാരം മൈക്കൽ ജോർദാന്റെ ചിത്രം വരച്ചിരുന്നു കിം എന്ന് അന്നത്തെ സഹപാഠികളിൽ പലരും പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള സ്പോര്‍‌ട്‌സ് ഷൂകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ടായിരുന്ന കിം ജോങ് ഉൻ, തൊട്ടാൽ പൊട്ടുന്നത്ര ദേഷ്യമുള്ള ഒരു തെറിച്ച പയ്യൻ കൂടിയായിരുന്നു. അന്നൊക്കെ കളിക്കളത്തിലും പുറത്തും കിമ്മിന്റെ ദേഷ്യത്തിന്റെ രുചിയറിഞ്ഞിരുന്നു സഹപാഠികളെല്ലാവരും.  എന്നാൽ, അന്ന് പെൺകുട്ടികളോട് ഇടപെടുമ്പോൾ മാത്രം വല്ലാത്ത ഒരു അന്തർമുഖത്വവും നാണവും ഒക്കെ അയാളെ ബാധിച്ചിരുന്നുവത്രേ. ആരോടും അധികം മനസ്സുതുറക്കാത്ത കിം ഒരിക്കൽ മാത്രം, ക്‌ളാസിൽ തന്റെ ഡെസ്ക് പങ്കിട്ടിരുന്ന ഉറ്റകൂട്ടുകാരൻ മിഹായേലോയോട് മാത്രം താൻ ഉത്തരകൊറിയയിലെ സുപ്രീം ലീഡറുടെ മകനാണ് എന്ന സത്യം തുറന്നുപറഞ്ഞു. 

 

 

2011 -ൽ അച്ഛന്റെ മരണത്തിനു ശേഷം, അധികം വൈകാതെ കിം ജോങ് ഉൻ അധികാരത്തിൽ അവരോധിക്കപ്പെട്ടു. 'ദ ഗ്രേറ്റ് സക്സസർ' അഥവാ 'മഹാനായ പിൻഗാമി' എന്ന് പത്രങ്ങൾ വെണ്ടയ്ക്കാ തലക്കെട്ടുനിരത്തി. ആദ്യമൊക്കെ കിം ജോങ് ഉൻ ആയിരുന്നില്ല കൊറിയയുടെ അടുത്ത ഭരണാവകാശി എന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. അത് അദ്ദേഹത്തിന്റെ മൂത്ത അർദ്ധസഹോദരന്മാരായ കിം ജോങ് നാം,  കിം ജോങ് ജോൽ എന്നിവരായിരുന്നു. ഇതിൽ, കിം കോങ്ങ് നാമിനെ വ്യാജപാസ്‌പോർട്ടുമായി ജപ്പാനിൽ പിടിയിലായി നാടുകടത്തപ്പെട്ടതോടെ അതിന് അയോഗ്യനായി. കിം ജോങ് ജോലിനാകട്ടെ രാജ്യത്തെ നയിക്കാൻ വേണ്ടത്ര ആണത്തമില്ല എന്ന് അച്ഛൻ കിം ജോങ് ഇൽ ധരിച്ചിരുന്നു. അങ്ങനെ ഒടുവിൽ അടുത്ത അവകാശിയായ കിം ജോങ് ഉന്നിന് നറുക്കു വീഴുകയായിരുന്നു. 

 

സുപ്രീം ലീഡറിലേക്കുള്ള വളർച്ച

അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓർ നോർത്ത് കൊറിയയിൽ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റേതാണ്. തന്റെ രാജ്യം ഏതുനിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്ന വേവലാതി ഏറെ അലട്ടിയിരുന്നു കിം ജോങ് ഉന്നിനെ. അതുകൊണ്ടുതന്നെ സൈനിക സംവിധാനങ്ങളുടെ പരിഷ്കരണമാണ് കിമ്മിന്റെ ഇഷ്ട നേരം പോക്ക്. ഇതുവരെ നടത്തിയിട്ടുള്ളത് നാല് ആണവ പരീക്ഷണങ്ങൾ. മിസൈൽ ടെസ്റ്റുകൾ എത്ര നടത്തിയിട്ടുണ്ട് എന്ന് ആർക്കും കൃത്യമായി അറിവില്ല. മിസൈലിലേക്ക് ലോഡ് ചെയ്യാവുന്ന ഒരു ഹൈഡ്രജൻ ബോംബ് വരെ അദ്ദേഹം സൈന്യത്തെക്കൊണ്ട് ഉണ്ടാക്കിച്ചിട്ടുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. അമേരിക്കയിലേക്കുവരെ തൊടുത്തുവിടാവുന്ന ദീർഘദൂര മിസൈലുകൾ ഉത്തരകൊറിയ വിജയകരമായി ടെസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് കേൾക്കുന്നത്.'ആത്മഹത്യാവാസനയുള്ള ഒരു റോക്കറ്റ് മാൻ' എന്നാണ് ട്രംപ് ഒരിക്കൽ കിമ്മിനെ വിളിച്ചത്. 'തലക്ക് സ്ഥിരതയില്ലാത്ത കിളവൻ' എന്ന് അപ്പോൾ തന്നെ കിം തിരിച്ച് ട്രംപിനെയും പരിഹസിച്ചിരുന്നു.  

തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറിൽ, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ൽ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ ക്വലാലംപുർ വിമാനത്താവളത്തിൽ വെച്ച് വളരെ വിദഗ്‌ദ്ധമായി വിഷം കൊടുത്ത് കൊന്നതും കിം ജോങ് ഉൻ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്. 

 

 

വ്യക്തിജീവിതത്തിലേക്ക് അധികം മാധ്യമശ്രദ്ധ അനുവദിക്കാത്ത കിം ജോങ് ഉൻ ഒടുവിൽ 2012 -ൽ ഒരു യുവതിക്കൊപ്പം ചടങ്ങുകളിൽ പങ്കുകൊള്ളുന്നതിന്റെ വീഡിയോ കൊറിയൻ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തതിനു പിന്നാലെ സഖാവ് റീ സോൾ ജുവുമായി അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതായി പ്രഖ്യാപിക്കപ്പെട്ടു. മിസ് റീയെപ്പറ്റിയും കാര്യമായി ഒന്നും മാധ്യമങ്ങൾക്ക് അറിവില്ല. ഏതോ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ കിം ജോങ് ഉന്നിന്റെ കണ്ണിൽപെട്ടതാണ് മിസ് റീ എന്നും മാധ്യമങ്ങളിൽ ഊഹാപോഹങ്ങളുണ്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണ് പലയിടത്തും കിമ്മിന്റെ അടുത്ത പിന്തുടർച്ചക്കാരി എന്നമട്ടിൽ പ്രത്യക്ഷപ്പെട്ടുവരുന്നത്. അവർ കൊറിയയിലെ വർക്കേഴ്സ് പാർട്ടിയുടെയും ഉന്നതസ്ഥാനത്ത് പ്രവർത്തിക്കുന്നവരാണ്. 

അടുത്തിടെയുണ്ടായ മാറ്റം 

അധികാരം ഏറ്റെടുത്ത കാലം മുതൽ തുടങ്ങിയിരുന്ന കൊല്ലും കൊലയും വധശിക്ഷകളും മിസൈൽ ആണവ പരീക്ഷണങ്ങളും ഒകെ നടത്തിയിരുന്ന കിം ജോങ് ഉൻ എന്ന ധിക്കാരിയിൽ നിന്ന്, കിം ജോങ് ഉൻ എന്ന രാഷ്ട്രനേതാവിലേക്കുള്ള വളർച്ചയാണ് 2018 -നു ശേഷം ദൃശ്യമായത്. രാജ്യത്തെ കായികതാരങ്ങളെയും, സ്വന്തം അനുജത്തിയേയും വരെ ദക്ഷിണ കൊറിയയിൽ നടന്ന വിന്റർ ഒളിമ്പിക്സിന് പറഞ്ഞയച്ചു കിം. പിന്നീട് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് എന്നിവരുമായി ഒരേ മേശക്ക് ഇരുപുറമിരുന്ന്, തുല്യമായ പരിഗണനകൾ ഏറ്റുവാങ്ങി, കൃത്യമായ ചർച്ചകളും, വിലപേശലുകളും ഒക്കെ നടത്തുന്ന തികഞ്ഞ ഒരു നയതന്ത്രജ്ഞനിലേക്ക് കിം ജോങ് ഉൻ വളർന്നിരുന്നു. 

പ്രതിച്ഛായ തകർത്ത കൊവിഡ് കാലം 

ഈ കൊവിഡ് കാലം പക്ഷേ, ആ പ്രതിച്ഛായക്ക് ചെറിയ ക്ഷീണമുണ്ടാക്കിയിരുന്നു. കൊവിഡ് 19 -ന്റെ ആക്രമണത്തിൽ ലോകം മുഴുവന്‍ വിറങ്ങലിച്ചു നിൽക്കുമ്പോൾ, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷണം നടത്തി എന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയ കൊവിഡ് 19 -ന്റെ പിടിയിലായിരുന്നു അവസ്ഥയിലും, നൂറുകണക്കിന് സൈനികർ കൊവിഡ് 19 ബാധിച്ച് മരിച്ചുകഴിഞ്ഞപ്പോഴും, ആയിരക്കണക്കിന് പേര് ക്വാറന്റൈൻ ചെയ്യപ്പെട്ടപ്പോഴും, അവിടെനിന്നു ഔദ്യോഗികമായി പുറത്തുവന്നിരുന്ന വാർത്തകളിൽ അതിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. തന്റെ സാമ്രാജ്യത്തിലേക്ക് കാലെടുത്തുവെക്കാൻ ഇതുവരെ കൊവിഡ് 19 എന്ന മഹാമാരിക്ക് സാധിച്ചിട്ടില്ല എന്ന നിലപാടിലായിരുന്നു കിം ആ ദിനങ്ങളിൽ. അനൗദ്യോഗിക കണക്കുകൾ പ്രകാരം,  ഈ നിഷേധങ്ങൾക്കിടയിലും180 -ല്പരം ഉത്തരകൊറിയൻ സൈനികർ കൊവിഡ് 19 ബാധിച്ചു മരിചിരുന്നു, 3700 -ൽ പരം സൈനികർ ഐസൊലേഷനിൽ കഴിയുന്നുമുണ്ടായിരുന്നു. ഉത്തരകൊറിയയില്‍ ആദ്യമായി വൈറസ് ബാധിച്ചയാളെ കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരം സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും പാശ്ചാത്യ മാധ്യമങ്ങള്‍  അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 

ആരോഗ്യം നശിപ്പിച്ച ശീലങ്ങൾ 

വളരെ വിചിത്രമായ ഭക്ഷണശീലങ്ങളാണ് കിം ജോങ് ഉന്നിനുണ്ടായിരുന്നത്. ഈ ശീലങ്ങൾ അധികം താമസിയാതെ കിമ്മിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നുള്ള മുന്നറിയിപ്പ് ഡോക്ടർമാരിൽ നിന്ന് കിട്ടിയിട്ടും അതൊന്നും തന്നെ കിം മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കിമ്മിന്റെ ചീസ് അഥവാ പാൽക്കട്ടിയോടുള്ള കൊതി പരസ്യമായ ഒരു രഹസ്യമാണ്. ഇതിനു മുമ്പൊരിക്കലും കണക്കിലധികം ചീസ് ശാപ്പിട്ട് അസുഖബാധിതനായി ആശുപത്രിവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട് കിമ്മിന്. സലാമി പോലുള്ള മാംസോത്പന്നങ്ങൾ, പ്രോസസ് ചെയ്ത മത്സ്യം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ സോഡിയത്തിന്റെ അംശം ഏറെയുളള ഭക്ഷണമായിരുന്നു അദ്ദേഹത്തിന് പ്രിയം. ഭക്ഷണത്തിലെ സോഡിയത്തിന്റെ കൂടിയ അംശം ദീർഘകാലത്തെ സേവകൊണ്ട് ആരോഗ്യത്തിനുണ്ടാക്കുന്ന ആഘാതം വളരെ ഗുരുതരമാണ് എന്ന മുന്നറിയിപ്പുകൾ നേരത്തെ കിട്ടിയിട്ടും കിം അവഗണിക്കുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത പ്രമേഹവും, രക്താതിമർദ്ദവും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. രക്ത ധമനികളിൽ പലയിടത്തും ബ്ലോക്കുകളുള്ളതായും ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നു. 

ഭക്ഷണത്തിനു പുറമെ കിമ്മിനെ ഈ ഗുരുതരാവസ്ഥയിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ കടുത്ത മദ്യപാനമായിരുന്നു. എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ ശാപ്പിടുമായിരുന്നു കിം. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് ആയിരുന്നു കിം സ്ഥിരം സേവിച്ചിരുന്നത്. സ്നേക്ക് വൈനിന്റെയും ആരാധകനായിരുന്നു കിം.കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി  സേവിച്ചാൽ   ലൈംഗിക ശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തര കൊറിയക്കാർക്കിടയിലുണ്ട്. കരളിനെ ഇല്ലാതാക്കാൻ പോന്നത്ര കൂടിയ അളവിലായിരുന്നു കിമ്മിന്റെ മദ്യസേവ എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. വർഷാവർഷം ഏകദേശം 30 മില്യൺ ഡോളർ (ഏകദേശം 230 കോടി രൂപ) കിമ്മിന്റെ മദ്യപാനത്തിന് തന്നെ ചെലവുവന്നിരുന്നു. 

ഇതിനൊക്കെ പുറമെ അദ്ദേഹത്തിന്റെ ഹൃദയത്തെയും ശ്വാസകോശത്തെയും ദോഷകരമായി ബാധിച്ച മറ്റൊരു ദുശ്ശീലം അദ്ദേഹത്തിന്റെ ചെയിൻ സ്‌മോക്കിങ് ആയിരുന്നു. ഉറക്കമില്ലായ്‌ക അലട്ടിയിരുന്ന അദ്ദേഹം രാത്രി വൈകുവോളം ഒന്നിന് പിന്നാലെ മറ്റൊന്നായി സിഗരറ്റുകൾ കൊളുത്തി പുകച്ചുപുകച്ച് ഇരിക്കുമായിരുന്നു.  ഒപ്പം, പൊണ്ണത്തടികൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും കിമ്മിനെ അലട്ടിയിരുന്നു. ഭാരം കുറച്ചില്ലെങ്കിൽ ആകെ പ്രശ്നമാകും എന്ന താക്കീത് ഡോക്ടർമാരിൽ നിന്ന് നാലഞ്ച് വർഷം മുമ്പുതന്നെ കിമ്മിന് കിട്ടിയതാണ്. കൂടിവന്നു ഭാരം കാലുകൾക്ക് ക്ഷീണമുണ്ടാക്കി അദ്ദേഹം മുടന്താൻ തുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു ഇടക്ക്. 

ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. അതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നിനും ഉത്തര കൊറിയൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമായിട്ടില്ല


 

'ഫ്രീ ജോസിയോൺ', കിമ്മിന്റെ ഏകാധിപത്യത്തെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ ഉത്തരകൊറിയയിലെ വിപ്ലവകാരികളുടെ അധോലോകം

click me!