Kim Jong Un : പറഞ്ഞ സമയത്ത് ചുവന്ന പൂക്കള്‍ വിരിഞ്ഞില്ല, തോട്ടക്കാരെ കിം ജയിലിലിട്ടു

Web Desk   | Asianet News
Published : Feb 15, 2022, 04:50 PM IST
Kim Jong Un : പറഞ്ഞ സമയത്ത് ചുവന്ന പൂക്കള്‍ വിരിഞ്ഞില്ല,  തോട്ടക്കാരെ കിം ജയിലിലിട്ടു

Synopsis

പൂക്കള്‍ യഥാസമയത്ത് വിരിഞ്ഞില്ലെന്ന പേരിലാണ് നിരവധി തോട്ടക്കാരെ കിം തടവിലാക്കിയത് എന്നാണ് വാര്‍ത്ത. കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. 

ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്‍ എന്തിനൊക്കെയാണ് ദേഷ്യപ്പെടുക എന്ന് പറയാന്‍ സാധിക്കില്ല. ചെറിയ തെറ്റുകള്‍ക്ക് പോലും ശിക്ഷ കടുത്തതായിരിക്കും. ഏറ്റവുമൊടുവില്‍ കുറേ തോട്ടക്കാരാണ് ആ കോപത്തിന് ഇരയായത്. 

പൂക്കള്‍ യഥാസമയത്ത് വിരിഞ്ഞില്ലെന്ന പേരിലാണ് നിരവധി തോട്ടക്കാരെ കിം തടവിലാക്കിയത് എന്നാണ് വാര്‍ത്ത. കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഫെബ്രുവരി 16 ന് മുമ്പ് അവ വിരിയുമെന്നായിരുന്നു തോട്ടക്കാരുടെ ഉറപ്പ്. എന്നആല്‍, പൂക്കള്‍ പറഞ്ഞ സമയത്ത് വിരിഞ്ഞില്ല. തുടര്‍ന്നാണ് കലി പൂണ്ട കിം  ലേബര്‍ ക്യാമ്പിലേക്ക് അയച്ചത് എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജയിലുകളാണ് ഉത്തരകൊറിയയില്‍ ലേബര്‍ ക്യാമ്പുകള്‍ എന്നറിയപ്പെടുന്നത്.

ഫെബ്രുവരി 16 നാണ് കിമ്മിന്റെ പിതാവും ഉത്തരകൊറിയയുടെ മുന്‍ ഏകാധിപതിയുമായ കിം ജോങ് ഇല്ലിന്റെ ജന്മവാര്‍ഷിക ദിനം. തിളങ്ങുന്ന നക്ഷത്ര ദിനം എന്നാണ് ഉത്തരകൊറിയയില്‍ ഇത് അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അവധി ദിനം കൂടിയാണിത്. അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഉത്തര കൊറിയന്‍ നഗരങ്ങളിലെ തെരുവുകള്‍ മുഴുവന്‍ ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന പതിവുണ്ട്. അതും ഏതോ ചുവന്ന പൂക്കളല്ല, മറിച്ച് കിംജോംഗിലിയ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക തരം പൂക്കളാണ്. 

1988-ല്‍ കിം ജോങ് ഇല്ലിന്റെ ജന്മദിനം പ്രമാണിച്ച് ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ കാമോ മോട്ടോട്ടെരു ഉണ്ടാക്കിയെടുത്തതാണ് 'അനശ്വര പുഷ്പം' എന്നും അറിയപ്പെടുന്ന കിംജോംഗിലിയാസ്. 2011-ല്‍  69-ാം വയസ്സില്‍ അദ്ദേഹം മരിച്ചതിനുശേഷം, ഈ പൂക്കള്‍ കൂടുതല്‍ പ്രശസ്തമായി.  മിതശീതോഷ്ണ കാലാവസ്ഥയില്‍ മാത്രമേ ഈ പൂക്കള്‍ വളരുകയുള്ളൂ. വടക്കന്‍ കൊറിയയിലും ചൈനയിലും വ്യാപകമായ ഈ പൂക്കള്‍ ദക്ഷിണേഷ്യയില്‍ കാണപ്പെടുന്ന ഹിബിസ്‌കസ് ജനുസ്സില്‍ പെട്ടതാണെന്ന് പറയപ്പെടുന്നു.

ഫെബ്രുവരി 16 ന് കിം ജോങ് ഇല്ലിന്റെ ജന്മദിനത്തിന് മുമ്പ് ഈ പൂക്കള്‍ ഒരുക്കാനും, അവയുടെ ഒരു വലിയ പ്രദര്‍ശനം സംഘടിപ്പിക്കാനും കഴിഞ്ഞ മാസം കിങ് ജോങ് ഉത്തരവിട്ടിരുന്നു. ചെടി നട്ടുവളര്‍ത്തുന്ന പ്രത്യേക ഹരിതഗൃഹങ്ങള്‍ രാജ്യത്തുടനീളം കാണാം. ഈ പൂക്കള്‍ ശരിയായി വളരുന്നതിന് ഹരിതഗൃഹത്തിന്റെ താപനിലയും ഈര്‍പ്പവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ വിറകിന്റെ അഭാവം മൂലം തോട്ടക്കാര്‍ക്ക് താപനില ശരിയായ രീതിയില്‍ ക്രമീകരിക്കാന്‍ സാധിച്ചില്ല. പൂക്കള്‍ കൃത്യസമയത്ത് പൂത്തില്ല. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൂക്കളെ അവഗണിച്ചുവെന്ന പേരില്‍ തോട്ടക്കാരെ ജയിലിടച്ചിരിക്കുന്നത്.    

ഇതിന്റെ ചുമതലയുണ്ടായിരുന്ന വടക്കന്‍ റിയാംഗംഗ് പ്രവിശ്യയിലെ സാംസു കൗണ്ടിയില്‍ നിന്നുള്ള ഫാം മാനേജരായ ഹാന്‍ എന്നയാളെയും കിം ആറ് മാസത്തേക്ക് ജയിലിലടച്ചു. മറ്റൊരു ഫാം ഗാര്‍ഡനറായ 40 കാരനായ ചോയെയും ലേബര്‍ ക്യാമ്പില്‍ മൂന്ന് മാസം തടവിന് ശിക്ഷിച്ചു. ഗ്രീന്‍ ഹൗസ് ബോയിലറുകളുടെ ഊഷ്മാവ് കൃത്യമായി സജ്ജീകരിച്ചിരുന്നില്ലെന്നാണ് ഇയാള്‍ക്കെിരായ ആരോപണം. 

കിം ജോങ് ഇല്ലിന്റെ ജന്മദിനം ഉത്തര കൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ്. ഈ അവസരത്തില്‍ സംഭവിക്കുന്ന ചെറിയ തെറ്റിന് പോലും ഏകാധിപതി കടുത്ത ശിക്ഷയാണ് നല്‍കുന്നത്. കിം ജോങ് ഇല്ലിന്റെ പത്താമത്തെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ ഉത്തരകൊറിയക്കാര്‍ക്ക് ചിരിക്കുന്നതിനും, മദ്യപിക്കുന്നതിനും വിലക്കുണ്ടായിരുന്നു. 

കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി വമ്പന്‍ തെരച്ചില്‍ നടന്നതായി ഈയിടെ വാര്‍ത്ത വന്നിരുന്നു. ആരാണ് ഇത് എഴുതിയെന്ന് കണ്ടുപിടിക്കാനായിരുന്നു അന്വേഷണം നടന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 2021 ഡിസംബര്‍ 22ന് ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഇത്.
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ