
ദക്ഷിണ കൊറിയ ആക്രമണത്തിന് മുതിര്‍ന്നാല്‍ ആണവായുധ പ്രയോഗത്തിലൂടെ അവരെ ഭസ്മമാക്കുമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ സഹോദരിയും ഭരണത്തിലെ പ്രബലയുമായ കിം യോ ജോംഗ് ആണ് മുന്നറിയിപ്പ് നല്‍കിയത്. കിമ്മിന്റെ സഹോദരി ചില്ലറക്കാരിയല്ല. കിമ്മിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായി കരുതപ്പെടുന്ന ഇവര്‍, അക്രമാസക്തമായ നിലപാടുകള്‍ക്ക് പേരെടുത്ത ആളാണ്. പലപ്പോഴും കിമ്മിനെ വെല്ലുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താറുള്ള ഇവര്‍ ഇപ്പോള്‍, ഒരു മയവുമില്ലാത്ത ഭാഷയിലാണ്, ദക്ഷിണ കൊറിയക്കെതിരെ പ്രസ്താവന നടത്തിയത്.
തീവ്രനിലപാടുകാരനായ യൂന്‍ സുക് യോള്‍ പുതിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, ഉത്തരകൊറിയക്കെതിരെ സൈന്യത്തെ ഉപയോഗിക്കാന്‍ ഒരു മടിയുമില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഭീഷണി മുഴക്കിയിരുന്നു. അതിനു മറുപടിയായാണ്, കിമ്മിന്റെ സഹോദരിയുടെ അപകടകരമായ മുന്നറിയിപ്പ് പുറത്തുവന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ശക്തി തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇരുകൊറിയകള്‍ക്കുമിടയിലുള്ള സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ്, കടുത്ത നിലപാടുകാരനായ യൂന്‍ സുക് യോള്‍ പുതിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. െതരഞ്ഞെടുപ്പിനുശേഷം, പ്രകോപനപരമായ രീതിയിലുള്ള ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് അത്യന്തം പ്രകോപനപരമായ പ്രസ്താവനയുമായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി സു വോക്ക് രംഗത്തുവന്നത്. ഉത്തരകൊറിയയിലെ ഏതിടവും അതീവ കൃത്യതയോടെ, അതിവേഗം തകര്‍ത്തുകളയാനാവുന്ന അനേകം ആയുധങ്ങള്‍ തങ്ങളുടെ ആവനാഴിയിലുണ്ടെന്നാണ് സു വോക്ക് ഭീഷണി മുഴക്കിയത്. മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍, ഉത്തരകൊറിയക്ക് എതിരായ സൈനിക നടപടിക്ക് മടിക്കില്ലെന്നും ഇദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
തുടര്‍ന്നാണ്, കഴിഞ്ഞ ദിവസം നടന്ന മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ, കിമ്മിന്റെ സഹോദരി ആണവായുധ ഭീഷണി മുഴക്കിയത്. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണെന്ന് ഉത്തരകൊറിയന്‍ ഭരണത്തില്‍ നിര്‍ണായക ശക്തിയായ കിം യോ ജോംഗ് പറഞ്ഞു.
''ഉത്തരകൊറിയ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കുന്നില്ല. അത് ഉപഭൂഖണ്ഡത്തെ നശിപ്പിക്കും. ദക്ഷിണ കൊറിയയാവട്ടെ ഞങ്ങളുടെ മുഖ്യശത്രുവുമല്ല. എന്നാല്‍, എന്തെങ്കിലും കാരണത്താല്‍ ദക്ഷിണ കൊറിയ ആക്രമണത്തിന് മുതിര്‍ന്നാല്‍ കാര്യം മാറും. അങ്ങനെ വന്നാല്‍ ദക്ഷിണകൊറിയയെ വെറുതെവിടില്ല. ദക്ഷിണ കൊറിയന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചാല്‍ സങ്കല്‍പ്പിക്കാനാവാത്ത തിരിച്ചടി നേരിടേണ്ടിവരും. ഉത്തരകൊറിയയുടെ ആണവായുധപ്പട അതിന്റെ പണിയെടുക്കും. ഉത്തരകൊറിയയുടെ പൊടിപോലും കാണില്ല. ''-കിം യോ ജോംഗ് പറഞ്ഞു.