Prison for rent : ജയിലില്‍ സ്ഥലമില്ല, വിദേശ രാജ്യത്തെ ജയില്‍ വാടകക്കെടുത്ത് ഡെന്‍മാര്‍ക്ക്

Web Desk   | Asianet News
Published : Dec 22, 2021, 06:05 PM ISTUpdated : Dec 22, 2021, 06:13 PM IST
Prison for rent : ജയിലില്‍ സ്ഥലമില്ല, വിദേശ രാജ്യത്തെ ജയില്‍  വാടകക്കെടുത്ത് ഡെന്‍മാര്‍ക്ക്

Synopsis

ജയിലില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കില്‍, സാധാരണ പുതിയ ജയിലുകള്‍ നിര്‍മിക്കുകയാണ് ചെയ്യാറ്. എന്നാല്‍, പുതിയ കാലത്ത് അതല്ല ട്രെന്റ്. ജയിലില്‍ സ്ഥലമില്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ ജയിലുകള്‍ വാടകക്കെടുക്കുകയാണ് പുതിയ രീതി. അതാണ് ഡെന്‍മാര്‍ക്കും കൊസോവയും തമ്മില്‍ ഇന്നലെ ഉണ്ടാക്കിയ കരാര്‍. 

ജയിലില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കില്‍, സാധാരണ പുതിയ ജയിലുകള്‍ നിര്‍മിക്കുകയാണ് ചെയ്യാറ്. എന്നാല്‍, പുതിയ കാലത്ത് അതല്ല ട്രെന്റ്. ജയിലില്‍ സ്ഥലമില്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ ജയിലുകള്‍ വാടകക്കെടുക്കുകയാണ് പുതിയ രീതി. അതാണ് ഡെന്‍മാര്‍ക്കും കൊസോവയും തമ്മില്‍ ഇന്നലെ ഉണ്ടാക്കിയ കരാര്‍. 

ജയിലില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ഡെന്‍മാര്‍ക്ക് 1641 കിലോ മീറ്റര്‍ അകലെ കൊസോവയിലെ 300 ജയില്‍ സെല്ലുകള്‍ വാടകയ്ക്ക് എടുക്കുകയാണ്. പ്രതിവര്‍ഷം 12. 8 മില്യണ്‍ ഡോളറിനാണ് (96 കോടി രൂപ) ഇക്കാര്യത്തില്‍ കൊസോവോയും ഡെന്‍മാര്‍ക്കും കരാറില്‍ ഒപ്പിട്ടത്. ഇതോടൊപ്പം ഡെന്‍മാര്‍ക്ക് ഹരിത ഊര്‍ജ പദ്ധതിക്കായി കൊസോവയ്ക്ക് ധനസഹായം നല്‍കും. ഡെന്‍മാര്‍ക്കില്‍നിന്നും ശിക്ഷ കഴിഞ്ഞ ശേഷം നാടുകടത്തുന്ന യൂറോപ്പിതര രാജ്യങ്ങളിലെ തടവുകാരെയാണ് ഈ തടവറകളില്‍ താമസിപ്പിക്കുക. ഡെന്‍മാര്‍ക്കിലെ നിയമപ്രകാരമായിരിക്കും ഇവരുടെ ശിക്ഷ നടപ്പാക്കുക. 

കൊസോവയില്‍ 700 മുതല്‍ 800 വരെ ജയില്‍ സെല്ലുകള്‍ നിലവില്‍ ഉപയോഗിക്കുന്നില്ല. ഇതില്‍ 300 സെല്ലുകളാണ് ഇപ്പോള്‍ വിദേശരാജ്യത്തിന് വാടകയ്ക്ക് നല്‍കുന്നത്. തടറകള്‍ വാടകയ്ക്ക് നല്‍കുന്ന വിഷയത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഇന്നലെ ഒപ്പുവെച്ചത്. ഈ കരാര്‍ ്രപകാരം പത്തുവര്‍ഷത്തേക്ക് 210 മില്യന്‍ പൗണ്ട് (1792 കോടി രൂപ) ഡെന്‍മാര്‍ക്ക് കൊസോവയ്ക്ക് നല്‍കും.

കൊസോവോ ധനകാര്യമന്ത്രി ആര്‍ടെയിന്‍ റിസാവാനോലി, നീതിന്യായവകുപ്പ് മന്ത്രി അല്‍ബുലേന ഹക്‌സിയു, ഡെന്‍മാര്‍ക്കിലെ വികസന വകുപ്പ് മന്ത്രിയായ ഫ്‌ളെമിംഗ് മൊലര്‍ മോര്‍ടന്‍സന്‍, കൊസോവ നീതിന്യായവകുപ്പ് മന്ത്രി നിക് ഹെകര്‍പ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. തലസ്ഥാനമായ പ്രിസ്റ്റിനയില്‍നിന്നും 50 കിലോ മീറ്റര്‍ അകലെയുള്ള ഗില്‍ജാന്‍ ജയിലാണ് ഡെന്‍മാര്‍ക്കിന് വാടകയ്ക്ക് നല്‍കുന്നത്.

ഡെന്‍മാര്‍ക്കില്‍ തടവുകാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. തടവുകാരുടെ എണ്ണം 3400-ല്‍ നിന്നും ഈയിടെ 4200 ആയി കൂടിയിരുന്നു. അതേസമയം ജയില്‍ ഗാര്‍ഡുകളുടെ എണ്ണം 2500-ല്‍നിന്നും 2000 ആയി കുറയുകയും ചെയ്തു. ആവശ്യത്തിന് ജീവനക്കാരും സെല്ലുകളുമില്ലാത്തത് നിലവിലെ പ്രതിസന്ധി മൂര്‍ഛിക്കാനിടയാക്കി. 2025 -ഓടെ ഡെന്‍മാര്‍ക്കില്‍ ആയിരം ജയില്‍ സെല്ലുകളുടെ കുറവുണ്ടാവുമെന്ന് ഈയിടെ നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് പുതിയ സാദ്ധ്യതകള്‍ അന്വേഷിച്ചത്.  

കരാറില്‍ ഒപ്പിട്ടുവെങ്കിലും കൊസോവയിലെ പാര്‍ലമെന്റിന്റെ അംഗീകാരം ഇതിനാവശ്യമാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചെങ്കില്‍ മാത്രമാണ് ഈ കരാറിന് നിയമസാധുത ലഭിക്കുകയുള്ളൂ. 

ജയിലില്‍ സ്ഥലമില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് കുറ്റവാളികളെ മാറ്റുന്നത് യൂറാപ്പില്‍ ഇതാദ്യമായല്ല. നോര്‍വേയും ബെല്‍ജിയവും സമാനമായ രീതിയില്‍ നോര്‍വേയിലെ ജയിലുകള്‍ വാടകക്കെടുത്ത് കുറ്റവാളികളെ താമസിപ്പിക്കുന്നുണ്ട്.  

അതേസമയം ഈ തീരുമാനത്തിനെതിരെ ഇരു രാജ്യത്തും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിദേശ തടവുകാരെ, അവരുടെ കുടുംബങ്ങളില്‍നിന്നും വളരെ അകലെയുള്ള മറ്റ് രാജ്യങ്ങളിലെ ജയിലുകളിലേക്ക് മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് ഡെന്‍മാര്‍ക്കിലെ ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടു. 

എന്നാല്‍, എല്ലാ നിയമപ്രകാരമാണ് ചെയ്യുന്നതെന്ന് ഡെന്‍മാര്‍ക്ക് നീതിന്യായ വകുപ്പ് മന്ത്രി പറഞ്ഞു. ഡെന്‍മാര്‍ക്കിലെ അതേ നിയമപ്രകാരമായിരിക്കും കൊസോവയിലെ ജയിലുകളില്‍ കുറ്റവാളികള്‍ കഴിയുക. ഭീകരവാദം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ കൊസോവ ജയിലിലേക്ക് മാറ്റില്ലെന്നു അദ്ദേഹം പറഞ്ഞു. 
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം