'പൊളിഞ്ഞു വീഴാറായ വീട്, മക്കളില്ല, കയ്യില്‍ നയാ പൈസയില്ല': 8 ലക്ഷം തിരികെ കിട്ടാന്‍ ബാങ്ക് കയറിയിറങ്ങി 72കാരി

Published : Oct 06, 2023, 09:52 AM ISTUpdated : Oct 06, 2023, 09:58 AM IST
'പൊളിഞ്ഞു വീഴാറായ വീട്, മക്കളില്ല, കയ്യില്‍ നയാ പൈസയില്ല': 8 ലക്ഷം തിരികെ കിട്ടാന്‍ ബാങ്ക് കയറിയിറങ്ങി 72കാരി

Synopsis

'ഒരായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ തുക തിരിച്ചു കിട്ടിയില്ലെന്ന തീരാവേദനയോടെ അച്ഛൻ മരിച്ചു'- പാലക്കാട് കുഴൽമന്ദം ക്രെഡിറ്റ് സഹകരണ സംഘവും 5 വർഷമായി നിക്ഷേപകർക്ക് പണം നൽകുന്നില്ലെന്ന് പരാതി

പാലക്കാട്: സംസ്ഥാനത്തെ സഹകരണ തട്ടിപ്പിൽ സമ്പാദ്യം നഷ്ടമായവരിൽ നല്ലൊരു പങ്ക്, ജീവിതത്തിൽ ഇനിയൊരു വരുമാനവും പ്രതീക്ഷിക്കാൻ ഇല്ലാത്ത വയോജനങ്ങളാണ്. കരുവന്നൂർ ബാങ്കിന് സമാനമായി പാലക്കാട് കുഴൽമന്ദം ക്രെഡിറ്റ് സഹകരണ സംഘവും 5 വർഷമായി നിക്ഷേപകർക്ക് പണം നൽകുന്നില്ലെന്ന് പരാതി. നിക്ഷേപകര്‍ക്ക് കിട്ടാനുള്ളത് 13.5 കോടി രൂപയാണ്. പണം ചോദിച്ചെത്തുന്നവരെ ഭരണ സമിതി ഭീഷണിപ്പെടുത്തുന്നുവെന്നും ആക്ഷേപമുണ്ട്.

"പലിശ കൂടുതല്‍ കിട്ടുമെന്ന് പറഞ്ഞ് അതില്‍ ചേര്‍ന്നതാ. പൈസ കിട്ടാതെ വല്ലാത്ത സങ്കടമുണ്ട്. ഇങ്ങനെ പോയെന്ന് അറിയുമ്പോ... കുട്ടികളൊന്നുമില്ല. ആരും തരാനുമില്ല. വല്ലാത്ത കഷ്ടം. വീട് നന്നാക്കണമെങ്കില്‍ പൈസ വേണം. കണ്ണ് ഓപ്പറേഷന് കടം വാങ്ങി. നമ്മള്‍ ഇന്നേ വരെ ആരെയും ചതിച്ചിട്ടില്ല. അതുകൊണ്ട് പൈസ കിട്ടണേ ഭഗവാനേ എന്നേയുള്ളൂ"- 72 വയസുള്ള വത്സലയുടെ ഭർത്താവ് മരിച്ചിട്ട് 20 വർഷമായി. കുട്ടികളില്ല. 

എൽഐസിയിൽ നിന്ന് വിരമിച്ചപ്പോൾ ഭർത്താവിന് കിട്ടിയ പണം വത്സല നിക്ഷേപിച്ചത് കുഴൽമന്ദം ബാങ്കിലാണ്. 75 വർഷം പഴക്കമുള്ള ഓടിട്ട വീട് എപ്പോൾ പൊളിഞ്ഞു വീഴുമെന്ന് അറിയില്ല. പുതുക്കി പണിയാമെന്ന് വെച്ചാൽ കയ്യിൽ നയാ പൈസയില്ല. 8 ലക്ഷം രൂപ ബാങ്കിൽ കിടക്കുമ്പോൾ കണ്ണിന് ശസ്ത്രക്രിയ നടത്താനുള്ള തുക ഉണ്ടാക്കിയത് കടം വാങ്ങിയാണ്. സ്വസ്ഥമായി ജീവിക്കേണ്ട വാർദ്ധക്യത്തിൽ വൽസല ഇപ്പോൾ ബാങ്ക് കയറിയിറങ്ങുകയാണ്.

'35 ലക്ഷം വായ്പയെടുത്തിട്ട് ഒന്നും കിട്ടിയില്ല, 11 ലക്ഷം ബലമായി വാങ്ങി': കരുവന്നൂർ പ്രതിക്കെതിരെ വീട്ടമ്മ

ദിപുവിന്‍റെ വയോധികനായ അച്ഛന്‍റെ ഏക സമ്പാദ്യമായിരുന്നു 10 ലക്ഷം രൂപ. വീടുപണിക്കായി പണം തിരിച്ചെടുക്കാൻ ചെന്നപ്പോൾ ബാങ്ക് കൈമലർത്തി. ഒരായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ തുക തിരിച്ചു കിട്ടിയില്ലെന്ന തീരാവേദനയോടെ അച്ഛൻ മരിച്ചു. 2018 മുതൽ ഇതുപോലെ നിക്ഷേപവും പലിശയും കിട്ടാതെ നിരവധി പേരുണ്ട്. 'പണം തിരികെ ചോദിക്കുമ്പോള്‍ ഗുണ്ടകളെ പോലെയാണ് സംസാരിക്കുക. അവരൊക്കെ രാഷ്ട്രീയക്കാരല്ലേ. നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഗുണ്ടായിസം കാട്ടാന്‍ കഴിയില്ലല്ലോ' എന്ന് നിക്ഷേപകര്‍ പറയുന്നു.

'കഷ്ടപ്പെട്ടുണ്ടാക്കിയ കാശാ': പുല്ലാട് ബാങ്കിൽ നിക്ഷേപിച്ച വത്സല ഇന്ന് തകര ഷെഡില്‍, കിട്ടാനുള്ളത് 20 ലക്ഷം

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ 5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത് 2020ലാണ്. നിയമപരമായ പരിശോധനയോ ഈടോ ഇല്ലാതെ നിരവധി വായ്പകൾ അനുവദിച്ചെന്നായിരുന്നു സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ. അതേസമയം പണം നൽകാൻ നടപടി എടുക്കുമെന്നാണ് ഭരണ സമിതിയുടെ വിശദീകരണം. പണം ഉടൻ നൽകുമെന്ന് ഉറപ്പ് നൽകുമ്പോഴും അത് എപ്പോൾ എങ്ങനെയെന്ന ചോദ്യത്തിന് കൈമലർത്തുകയാണ് ഭരണ സമിതി.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?