'ഞങ്ങളുടെ മകള്‍ കൊല്ലപ്പെട്ടോ, അതോ ഇപ്പോഴും ഐഎസ് പീഡിപ്പിക്കുകയാണോ?' ഉത്തരം തേടി മുള്ളര്‍ കുടുംബം

By Web TeamFirst Published Oct 10, 2020, 11:33 AM IST
Highlights

ആ വാര്‍ത്തകള്‍ കൈല ജീവിച്ചിരിക്കുന്നു എന്ന് കരുതാനും അവള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരാനും തങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറയുന്നു. 

2013 -ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കുമ്പോള്‍ കൈല മുള്ളര്‍ക്ക് വയസ് വെറും 24 ആയിരുന്നു. അമേരിക്കയിലെ സന്നദ്ധ പ്രവര്‍ത്തകയായിരുന്നു കൈല മുള്ളര്‍. അഭയാര്‍ത്ഥികളെ സഹായിക്കാനായിട്ടാണ് അവള്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയിലേക്ക് പോയത്. 18 ദിവസം ബന്ദിയാക്കിയശേഷം ജോർദാൻ വ്യോമാക്രമണത്തില്‍ അവള്‍ കൊല്ലപ്പെട്ടുവെന്നാണ് ഐഎസ് പറഞ്ഞിരുന്നത്. എന്നാല്‍, യുഎസ് പറഞ്ഞത് ടെററിസ്റ്റുകളുടെ കയ്യില്‍ വച്ചാണ് അവള്‍ കൊല്ലപ്പെട്ടത് എന്നാണ്. അപ്പോഴും കൈലയ്ക്ക് എന്താണ് സംഭവിച്ചത് എന്നത് കൃത്യമായും ലോകത്തിനോ അവളുടെ മാതാപിതാക്കള്‍ക്കോ മനസിലായിരുന്നില്ല. അവള്‍ കൊല്ലപ്പെട്ടുവെന്നതിന് യാതൊരു തെളിവും കിട്ടിയില്ല. ഇപ്പോഴും അവളുടെ കുടുംബം അവള്‍ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. അവള്‍ക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം തെരയുകയാണ് അവളുടെ അമ്മയും അച്ഛനും. (കൈലയുടെ മാതാപിതാക്കള്‍ക്ക് ബിബിസിയോട് സംസാരിച്ചതില്‍ നിന്ന്). 

ഏറ്റവും മോശമായ സാഹചര്യത്തില്‍ ജീവിക്കുന്ന മനുഷ്യരെ സഹായിക്കണം എന്ന് മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. അതിനായിട്ടാണ് അവള്‍ പോകുന്നത് എന്ന് അവളുടെ പിതാവ് പറയുന്നു. തടവിലാക്കപ്പെട്ട ശേഷം 2014 -ല്‍ അവളുടെ വീഡിയോ പുറത്തുവന്നതില്‍ ഇവിടുത്തെ അവസ്ഥ വളരെ ഭീകരമാണ് എന്ന് കൈല പറഞ്ഞിരുന്നു. തനിക്ക് ഒട്ടും വയ്യ എന്ന് കൈല പറയുന്നതും ആ വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. പിന്നീട് വീട്ടുകാര്‍ കേള്‍ക്കുന്നത് അവള്‍ കൊല്ലപ്പെട്ടുവെന്ന വിവരമാണ്. അവളുടെ മൃതദേഹമാണെന്ന് കാണിച്ച് ഐസ് അവളുടെ മാതാപിതാക്കള്‍ക്ക് ചിത്രങ്ങളും അയച്ചു നല്‍കിയിരുന്നു. 

അവളുടെ ശരീരം കറുത്ത ഒരു കോട്ടിനുള്ളില്‍ തകര്‍ന്നു കിടക്കുന്ന കല്ലുകളുടെ ഇടയില്‍ കിടക്കുന്നത് പോലെയായിരുന്നുവെന്നും കൈലയുടെ മാതാപിതാക്കളായ കാള്‍, മാര്‍ഷാ മുള്ളര്‍ എന്നിവര്‍ പറയുന്നു. അത് യഥാര്‍ത്ഥമാണോ എന്ന് ഞങ്ങള്‍ക്കറിയില്ല. ആ ചിത്രങ്ങളല്ലാതെ അവള്‍ കൊല്ലപ്പെട്ടുവെന്നതിന് യാതൊരു തെളിവും ഞങ്ങള്‍ക്കിതുവരെ കിട്ടിയിട്ടില്ല. അവള്‍ ജീവിച്ചിരിപ്പുണ്ടാവും എന്ന ചിന്തയെ മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. നിങ്ങള്‍ക്കൊരിക്കലും ഒരു തീവ്രവാദ ഗ്രൂപ്പിനെ വിശ്വസിക്കാനാവില്ല എന്നും അവര്‍ പറയുന്നു. 

തങ്ങളുടെ മകള്‍ ശരിക്കും കൊല്ലപ്പെട്ടോ അതോ ജീവനോടെയുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടാനായി അവര്‍ അവരുടേതായ രീതിയില്‍ അന്വേഷണം നടത്തുകയാണ്. 'സിറിയയില്‍ നിന്നും അവളുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങളൊന്നും തന്നെ വന്നിട്ടില്ല. കിട്ടുന്ന വിവരങ്ങളെല്ലാം വൈരുദ്ധ്യം നിറഞ്ഞതാണ്. അവള്‍ സ്വര്‍ഗത്തില്‍ ദൈവത്തിന്റെ കൂടെയാണെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അങ്ങനെയല്ല എങ്കില്‍ ഇനിയും അവളെ കഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് വയ്യ. ഞങ്ങള്‍ക്കവളെ കണ്ടെത്തിയേ തീരൂ' -കൈലയുടെ മാതാപിതാക്കള്‍ പറയുന്നു. 

ഇതിനിടെയാണ് അവളുടെ മാതാപിതാക്കള്‍ക്ക് അപ്രതീക്ഷിതമായി ഒരു വീഡിയോ ലിങ്ക് അയച്ചു കിട്ടുന്നത്. അതില്‍ ഐഎസ് തടവിലാക്കിയ ഒരു സ്ത്രീ നാലര വര്‍ഷത്തിനുശേഷം രക്ഷപ്പെട്ട് വീട്ടിലേക്ക് തിരികെ വരുന്നതാണ് കാണാവുന്നത്. അതുപോലെ തന്നെ ഐഎസ് തടവിലാക്കിയ മറ്റൊരു സ്ത്രീയും ജീവിച്ചിരിക്കുന്നതായിട്ടൊരു വാര്‍ത്തയും മുള്ളര്‍ കുടുംബത്തെ തേടിയെത്തി. അത് കൈലയുമായി ബന്ധപ്പെട്ട വാര്‍ത്തയല്ലെങ്കിലും അത് തികച്ചും സന്തോഷം തരുന്ന വാര്‍ത്ത തന്നെയാണ് എന്നാണ് മുള്ളര്‍ കുടുംബം പ്രതികരിച്ചത്. ആ വാര്‍ത്തകള്‍ കൈല ജീവിച്ചിരിക്കുന്നു എന്ന് കരുതാനും അവള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരാനും തങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറയുന്നു. 

നാല് വര്‍ഷമായി ഞങ്ങളിങ്ങനെ തുടരുന്നു. കൃത്യമായ ഒരു തെളിവ് ലഭിക്കാതെ എങ്ങനെയാണ് പ്രതീക്ഷ വച്ചുപുലര്‍ത്താതിരിക്കുക എന്നാണവര്‍ ചോദിക്കുന്നത്. യു എസ് സ്റ്റേറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ അടുത്ത് അന്വേഷണത്തിന്‍റെ ഭാഗമായി മുള്ളര്‍ കുടുംബം ചെന്നു കഴിഞ്ഞു. ഞങ്ങള്‍ക്ക് പറ്റാവുന്നത് ഞങ്ങള്‍ ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്. ആ വാക്ക് വിശ്വസിച്ചിരിക്കുകയാണ് മുള്ളര്‍ കുടുംബം. ചിലപ്പോള്‍ തങ്ങളുടെ മകള്‍ ഒരിക്കലും വീട്ടിലേക്ക് തിരികെ വരില്ലായിരിക്കാം. പക്ഷേ, എങ്കിലും അതിനുവേണ്ടി പൊരുതാതിരിക്കാന്‍ തങ്ങള്‍ക്കാകില്ല എന്നും മുള്ളര്‍ കുടുംബം പറയുന്നു. ഇപ്പോഴും കൈലയ്ക്കായുള്ള അന്വേഷണത്തിലാണ് അവളുടെ മാതാപിതാക്കള്‍. 

ബാഗ്‍ദാദിയെ ഇല്ലാതാക്കിയ ഓപ്പറേഷന് പേര് കൈല മുള്ളറുടേത്

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്ർ അൽ ബാഗ്‌ദാദിയുടെ മരണത്തിലേക്കെത്തിച്ച സൈനിക നടപടിക്ക് പേര് നൽകിയത് കൈല മുള്ളറുടേതായിരുന്നു. ഐസിസ് തടവിലാക്കിയശേഷം നിരന്തരം കൈലയെ ഒരുപാടുപദ്രവിച്ചിരുന്നുവെന്ന് വിവരങ്ങളുണ്ടായിരുന്നു. ബാഗ്‍ദാദി തന്നെ കൈലയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013 ആഗസ്തില്‍ തുർക്കിയിൽ നിന്ന് ആശുപത്രി സന്ദര്‍ശിക്കുന്നതിനായി സിറിയയിലെ അലപ്പോയിലേക്കുള്ള യാത്രക്കൊടുവിലാണ് കൈല മുള്ളര്‍ തടവിലാക്കപ്പെടുന്നത്. കൈല കൊല്ലപ്പെട്ടുവെന്ന വിവരം വന്നശേഷം അവളുടെ കുടുംബം മാധ്യമങ്ങളെ കണ്ടിരുന്നു. അന്ന്, കൈലയെ നിരന്തരം ബാഗ്‍ദാദി ക്രൂരമായ പീഡനത്തിനിരയാക്കിയിരുന്നതായി കൈലയുടെ പിതാവ് പറഞ്ഞിരുന്നു. 

കൈലയുടെ പിതാവ് കാള്‍ മുള്ളര്‍ അരിസോണ റിപ്പബ്ലിക്കിനോട് ബാ​ഗ്ദാദി കൊല്ലപ്പെട്ടശേഷം പറഞ്ഞത് ഇങ്ങനെയാണ്, ''എന്താണ് ഇയാള്‍ (ബാഗ്‍ദാദി) കൈലയോട് ചെയ്‍തത്. അവളെ തട്ടിക്കൊണ്ടുപോയി. പലപലയിടങ്ങളിലായി അവള്‍ തടവിലാക്കപ്പെട്ടു. കൂടാതെ ഏകാന്തതടവിലാക്കി. ക്രൂരമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി. ബാഗ്‍ദാദി തന്നെ അവളെ എത്രയോ തവണ പീഡിപ്പിച്ചു... ഒന്നുകില്‍, അയാള്‍ തന്നെ അവളെ കൊന്നുകളഞ്ഞു. അല്ലെങ്കില്‍, അവളുടെ കൊലപാതകത്തിലയാള്‍ പങ്കുചേര്‍ന്നു. ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പിതാവിന് സ്വന്തം മകളുടെ ആ അവസ്ഥ എങ്ങനെയായിരിക്കും അനുഭവപ്പെടുക എന്നത് മനസിലാകുമെന്നാണ് ഞാന്‍ കരുതുന്നത്.'' 

കൈലയുടെ മരണവാർത്ത പുറത്തുവന്നശേഷം അവളുടെ കുടുംബം, തടവിലായിരിക്കെ അവളെഴുതിയ ഒരു കത്ത് പുറത്തുവിട്ടിരുന്നു. അതിലവള്‍ ഇങ്ങനെയെഴുതിയിരുന്നു, 'തടവിലായിരിക്കുമ്പോഴും വേണമെങ്കിൽ സ്വാതന്ത്ര്യമനുഭവിക്കാമെന്ന് ഞാൻ അറിഞ്ഞു. ആ തിരിച്ചറിവിന് ഞാൻ നന്ദിയുള്ളവളാണ്. ഏതൊരു സാഹചര്യത്തിലും നന്മയുണ്ടാകുമെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു, നമുക്ക് അത് തിരയാനുള്ള മനസ്സുണ്ടാകണം എന്നുമാത്രം.'

അന്ന് കൈലയുടെ അമ്മ മര്‍ഷാ മുള്ളര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ''എനിക്കറിയണം എന്‍റെ മകള്‍ കൈല എവിടെയാണ് എന്ന്? ശരിക്കും അവള്‍ക്കെന്താണ് പറ്റിയത്? ഞങ്ങളോട് പറയാതെ മറച്ചുവെച്ചിരിക്കുന്നത് എന്തൊക്കെയാണ്? അതീ ലോകത്ത് ആര്‍ക്കെങ്കിലും അറിയാമായിരിക്കും. എന്‍റെ ഹൃദയം കൊണ്ടുതന്നെ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ് ഈ ലോകത്ത് ആരെങ്കിലും എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തണേയെന്ന്.'' 

മനുഷ്യസ്നേഹിയും ആദര്‍ശധീരയുമായ അമേരിക്കന്‍ യുവതിയാണ് കൊല്ലപ്പെട്ട കൈല മുള്ളറെന്നും അന്ന് സുരക്ഷാ ഉപദേഷ്‍ടാവ് പറയുകയുണ്ടായി. കൈല എന്തൊക്കെ അനുഭവിക്കേണ്ടിവന്നുവെന്നതിന്‍റെ പേരിലാണ് അവളുടെ പേര് തന്നെ ഈ സൈനിക നടപടിക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം, കൈല മുള്ളറെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എങ്കിലും ഇപ്പോഴും മുള്ളർ കുടുംബം ശരിയായ ഒരു മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്, തങ്ങളുടെ മകൾ കൊല്ലപ്പെട്ടോ? അതോ ആ വാർത്ത വ്യാജമാണോ? അവളിപ്പോഴും ജീവനോടെയുണ്ടോ? 

click me!