
'ആർക്കിടെക്ച്ചറിലെ നൊബേൽ' എന്ന ഖ്യാതിയുള്ള അംഗീകാരമാണ് പ്രിറ്റ്സ്കർ പുരസ്‌കാരം. 2006 -ൽ നമ്മുടെ ലാറി ബക്കറിനൊക്കെ നാമനിർദേശം കിട്ടിയിട്ടുള്ള സമ്മാനം. ഏറെക്കാലമായി ആർക്കിടെക്ച്ചർ രംഗത്തെ അതികായന്മാർ നേടിക്കൊണ്ടിരുന്ന ഈ പുരസ്കാരം, ഇക്കുറി തേടിയെത്തിയത് ലക്കാറ്റൻ & വാസ്സൽ എന്ന ഒട്ടു വ്യത്യസ്തതയാർന്ന ഒരു ആർക്കിടെക്ച്ചർ സ്ഥാപനത്തിനാണ്. എന്താണ് വ്യത്യസ്തത എന്നല്ലേ? അടുത്തിടെ ഫ്രാൻസിലെ ബോർഡ്യൂവിൽ ഉള്ളൊരു പൊതു ചത്വരം, പുതുക്കിപ്പണിയാനുള്ള കരാർ അവർക്കു കിട്ടി. സ്ഥലം സന്ദർശിച്ച ശേഷം അവരുടെ ഡിസൈൻ ടീമിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം വളരെ അസാധാരണമായ ഒന്നായിരുന്നു. 'ഇപ്പോഴുള്ളതിനെ പൊളിച്ചു പണിയേണ്ട ഒരാവശ്യവുമില്ല' എന്നതായിരുന്നു ടീമിന്റെ ഏകകണ്ഠമായ അഭിപ്രായം. അതിനായി നീക്കിവെച്ചിട്ടുള്ള ഭീമമായ തുക, പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ ഏതെങ്കിലും പ്രൊജക്റ്റുകൾക്കായി നീക്കിവെക്കണം എന്നും.
"നിങ്ങൾ ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ എല്ലായ്പ്പോഴും അവർ ശസ്ത്രക്രിയ നിർദേശിക്കാറുണ്ടോ? ഇല്ലല്ലോ..? ആർക്കിടെക്ടുകളും അതുപോലെ തന്നെ ആവണം. ഒരു കെട്ടിടത്തെ, വേണ്ട സമയമെടുത്ത് സസൂക്ഷ്മം, ശാസ്ത്രീയമായിത്തന്നെ അടുത്ത് പരിശോധിച്ചാൽ ചിലപ്പോൾ മനസ്സിലാവുക ഒന്നും ചെയ്യേണ്ടതില്ല എന്നാവും." എന്ന് ഴാങ് ഫിലിപ്പെ വാസ്സൽ പറഞ്ഞു. ബോർഡ്യൂവിലെ ചത്വരത്തിന്റെ കാര്യത്തിലും അതുതന്നെ ആയിരുന്നു ലക്കാറ്റൻ & വാസ്സലിന്റെ സുചിന്തിതമായ അഭിപ്രായം. അവിടെ ഏറിവന്നാൽ, ചെറിയ ചില മരാമത്തുകൾ നടത്തി മുറ്റത്ത് ഒരിത്തിരി ചരൽ വിരിച്ചാൽ മതി എന്നതുമാത്രമായിരുന്നു അവർ ക്ലയന്റിന് നൽകിയ ഉപദേശം.
ഴാങ് ഫിലിപ്പെ വാസ്സലും പങ്കാളി ആൻ ലക്കാറ്റനും ചേർന്ന് നടത്തുന്ന ഈ സ്ഥാപനം കഴിഞ്ഞ മുപ്പതു വർഷം കൊണ്ട് നടപ്പിലാക്കിയ കെട്ടിട പുനർരൂപനിർണയ മാതൃകകൾ അവയുടെ സാമ്പത്തിക ഫലസിദ്ധിക്ക് കേൾവി കേട്ടതാണ്. ഒരു കെട്ടിടത്തെ പാടെ പൊളിച്ചു കളഞ്ഞു കൊണ്ട് പുതിയൊരെണ്ണം തൽസ്ഥാനത്ത് പണിയുക എന്നത് വളരെ എളുപ്പമുള്ള ഒരു പണിയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിനോട് ഇവർക്ക് യോജിപ്പില്ല. നിലവിലെ സംവിധാനങ്ങളോട് ഇണങ്ങി നിന്നുകൊണ്ട് പുതുതായി കൂട്ടിച്ചേർക്കുകയും, ഉള്ളതിന് ബുദ്ധിപരമായി രൂപമാറ്റം വരുത്തുകയും ചെയ്യുക എന്നതാണ് അവരുടെ രൂപകല്പനകളുടെ ആത്മാവ്. കെട്ടിടങ്ങൾ പൊളിച്ചു കളയുന്നതിനു പകരം, കൃത്യമായ പഠനങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ ഇവർ നടത്തിയിട്ടുള്ള കെട്ടിടങ്ങളുടെ 'വൃദ്ധിപ്പെടുത്തൽ' സ്വാധീനിച്ചിട്ടുള്ളത് ആയിരക്കണക്കിന് പേരുടെ ജീവിതങ്ങളെയാണ്. അവർ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി നടത്തിയിട്ടുള്ള ഇത്തരം ഇടപെടലുകൾക്കാണ് ഇക്കൊല്ലം അവർക്ക് ആർക്കിടെക്ച്ചർ മേഖലയിലെ പരമോന്നത പുരസ്‌കാരം എന്ന് കണക്കാക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
സോഷ്യൽ ഹൗസിങ് പ്രോജക്ടുകൾ മുതൽ ആർട്ട് സെന്ററുകൾ വരെ, തങ്ങൾക്ക് കിട്ടുന്ന പ്രോജക്ടുകളിൽ എല്ലാം തന്നെ ലക്കാറ്റൻ & വാസ്സൽ പിന്തുടരുന്നത് ഒരേ നയമാണ്. നിലവിലുള്ള കെട്ടിടത്തിന്റെ ഒരു ഫോറൻസിക് പഠനം നടത്തുക. ആ പഠനത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി, ഏറ്റവും കുറഞ്ഞ രീതിയിൽ വിഭവങ്ങൾ ചെലവിട്ടുകൊണ്ട്, ഇനി എങ്ങനെയൊക്കെ നിലവിലെ സംവിധാനത്തെ മെച്ചപ്പെടുത്താം എന്നാലോചിക്കുക. ആഗോള താപനത്തിന്റെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത്, ഏറ്റവും ചുരുങ്ങിയ രീതിയിൽ കാർബൺ ഫുട്ട് പ്രിന്റ് അവശേഷിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമേ സാമൂഹികമായ അവബോധമുള്ള ഡിസൈൻ സ്ഥാപനങ്ങൾ ചിന്തിക്കാവൂ എന്നാണ് ഇവരുടെ ചിന്ത.
2000 -ന്റെ തുടക്കത്തിൽ ഫ്രഞ്ച് ഗവണ്മെന്റ് ഒരു അപ്പാർട്ട്മെന്റ് പൊളിച്ചു പണിയാൻ വേണ്ടി 1,67,000 യൂറോ വരെ ചെലവിടാൻ തയ്യാറായിരുന്ന കാലത്തും ലക്കാറ്റൻ & വാസ്സൽ പറഞ്ഞത് ആ തുക കൊണ്ട് മൂന്നു അപ്പാർട്ട്മെന്റുകൾ എങ്കിലും പുതുക്കിയെടുക്കാം എന്നായിരുന്നു. ഫ്രഡറിക് ഡ്രുവോട്ടുമായി ചേർന്നുകൊണ്ട് അവർ പാരിസിലെ പല പ്രധാന കെട്ടിടങ്ങൾക്കും പുതുജീവൻ നൽകി. അതേ കെട്ടിടങ്ങളിൽ കൂടുതൽ പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന രീതിയിലുള്ള പരിഷ്കാരങ്ങളാണ് ഇവരുടെ നൂതനമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഈ മാറ്റങ്ങൾ ഒക്കെയും നടപ്പിൽ വരുത്തുമ്പോഴും അവിടത്തെ താമസക്കാർക്ക് ഒരു ശല്യവും ഉണ്ടാകാത്ത രീതിയിലുമാണ് കമ്പനി പണികൾ മുന്നോട്ടു നീക്കിയത്.
"എന്തും തകർക്കുക ഏറെ എളുപ്പമാണ്. അത് പലത്തിന്റെയും ദുർവ്യയമാണ്. ഊർജത്തിന്റെ, വിഭവങ്ങളുടെ, ചരിത്രത്തിന്റെ ദുർവ്യയം. എന്നുമാത്രമല്ല അത് സമൂഹത്തിൽ വളരെ നെഗറ്റീവ് ആയ ഒരു ഫലമാണ് ഉണ്ടാക്കുന്നത്. വല്ലാത്തൊരു അക്രമപ്രവർത്തനമാണ് കെട്ടിടം തകർക്കൽ." ആൻ ലക്കാറ്റൻ പറഞ്ഞു.
പ്രായോഗിക സമീപനത്തിൽ നിന്നുടലെടുക്കുന്ന കവിതയിൽ കുറഞ്ഞൊന്നുമല്ല ഇവരുടെ നിർമിതികൾ. കണ്ണഞ്ചുന്ന ഡിസൈനുകൾ കൊണ്ട് കസ്റ്റമർമാരെ പ്രലോഭിപ്പിക്കുന്ന, കാര്യമായ മത്സരം തന്നെ നടക്കുന്ന ആർക്കിടെക്ച്ചർ ഡിസൈൻ മേഖലയിൽ, ലക്കാറ്റൻ & വാസ്സൽ നടത്തിയ സാമൂഹിക പ്രതിബദ്ധതിയിൽ ഊന്നിയ പ്രവർത്തനങ്ങളാണ് അവരെ പ്രിറ്റ്സ്കർ പുരസ്‌കാരത്തിന് അർഹരാക്കിയത്.