വാഗാ അതിര്‍ത്തിയില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനൊപ്പമെത്തിയ വനിത ഇവരാണ്

By Web TeamFirst Published Mar 2, 2019, 3:49 PM IST
Highlights

ഇന്നലെ രാത്രിയില്‍ അദ്ദേഹമെത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ച് ഒരു പട്ടാള ഉദ്യോഗസ്ഥനും ഒരു വനിതയുമുണ്ടായിരുന്നു. ആരാണാ വനിത എന്ന് സ്വാഭാവികമായും സംശയവും ഉയര്‍ന്നിരുന്നു. അത്, മറ്റാരുമായിരുന്നില്ല..

രാജ്യത്തെയാകെ ആശ്വാസത്തിലും അഭിമാനത്തിലുമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ കാല്‍കുത്തിയത്. മിഗ് 21 വിമാനം തകര്‍ന്ന് ഫെബ്രുവരി 27 -നാണ് അദ്ദേഹം പാക് സേനയുടെ പിടിയിലായത്. അനിശ്ചിതത്വങ്ങള്‍ നീങ്ങി അദ്ദേഹം ഇന്ത്യയില്‍ തിരികെയെത്തിയപ്പോള്‍ രാജ്യമൊന്നടങ്കം ആ വാര്‍ത്തയെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും എതിരേറ്റു. 

ഇന്നലെ രാത്രിയില്‍ അദ്ദേഹമെത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ച് ഒരു പട്ടാള ഉദ്യോഗസ്ഥനും ഒരു വനിതയുമുണ്ടായിരുന്നു. ആരാണാ വനിത എന്ന് സ്വാഭാവികമായും സംശയവും ഉയര്‍ന്നിരുന്നു. അത്, മറ്റാരുമായിരുന്നില്ല, പാക് വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഇന്ത്യന്‍ കാര്യങ്ങള്‍ പരിശോധിക്കുന്ന ഡയറക്ടറുമായ ഡോ. ഹരിഫ ബുഗ്തി ആയിരുന്നു അത്. ഇന്ത്യയുടെ ഐ എഫ് എസ് പദവിക്ക് തുല്ല്യമായ പദവിയാണ് ഡോ. ബുഗ്തിയുടേത്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരിലൊരാളാണ് ഇവര്‍. കഴിഞ്ഞ വര്‍ഷമാണ് കുല്‍ഭൂഷണ്‍ ജാദവിന്‍റെ ഭാര്യയ്ക്കും മാതാവിനും ഇസ്ലാമാബാദില്‍ കൂടിക്കാഴ്ചയൊരുക്കിയത്. അന്നും ഡോ. ബുഗ്തി അവര്‍ക്കൊപ്പമുണ്ടായിരുന്നു. 

ഇന്നലെ ഡോ. ബുഗ്തിയെ കൂടാതെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയില്‍ മിലിട്ടറി അറ്റാഷെ മലയാളി ഗ്രൂപ്പ് കമാന്‍ഡര്‍ ജെ.ടി കുര്യനായിരുന്നു അഭിനന്ദന് ഒപ്പമുണ്ടായിരുന്നത്. 
 

click me!