India @ 75 : കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ലാലാ അമർനാഥ്, കളിക്കളത്തിൽ ബ്രിട്ടനെ വിറപ്പിച്ച താരം

Published : Aug 08, 2022, 10:58 AM ISTUpdated : Aug 08, 2022, 04:28 PM IST
India @ 75 : കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ലാലാ അമർനാഥ്, കളിക്കളത്തിൽ ബ്രിട്ടനെ വിറപ്പിച്ച താരം

Synopsis

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ലാലാ അമർനാഥ്.

1933 ഡിസംബർ 15. മുംബെയിലെ പ്രശസ്തമായ ജിംഖാന ക്രിക്കറ്റ് മൈതാനം. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിൽ ഇന്ത്യ അംഗമായ ശേഷം സ്വന്തം മണ്ണിൽ നടന്ന ആദ്യ ടെസ്റ്റ്. അതിപ്രബലരായ ഇംഗ്ലണ്ടിനെ നയിക്കുന്നത് സാക്ഷാൽ ഡഗ്ലസ് ജാർഡീൻ. തലേ കൊല്ലം ഡോൺ ബ്രാഡ്മാൻ അടക്കം ഉള്ള ആസ്ട്രേലിയൻ ബാറ്റർമാരുടെ ശരീരം ലക്ഷ്യമാക്കി ബൗൺസർ പെരുമഴ തീർത്ത ഇംഗ്ലണ്ടിന്റെ കുപ്രസിദ്ധ ബോഡി ലൈൻ ആക്രമണത്തിന്റെ ആസൂത്രകൻ.

ഇന്ത്യയുടെ നായകൻ സി കെ നായിഡു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ വാരിക്കൂട്ടിയത് 438 റൺസ്. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ വെറും 219 റൺസിന്‌ പുറത്ത്. ഒന്നാം ഡൗൺ ബാറ്റ് ചെയ്ത കന്നിക്കാരൻ നാനിക് അമർനാഥ് ഭരദ്വാജ് എന്ന 22 വയസ്സുള്ള പഞ്ചാബിയുടെ 38 റൺസായിരുന്നു ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ. അതോടെ ഇന്ത്യയ്ക്ക് മുന്നിൽ ഇന്നിംഗ്സ് പരാജയം തുറിച്ചുനോക്കി. ഫോളോ ഓൺ ചെയ്ത ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ വീണ്ടും തകർച്ച. 21 റൺസ് തികച്ചപ്പോഴേക്കും രണ്ട് ഓപ്പണർമാരും ഔട്ട്. അടുത്തത് ഒന്നാം ഇന്നിങ്സിലെ ടോപ് സ്‌കോറർ ആയ ആ പഞ്ചാബി പയ്യൻ, അമർനാഥ്. എന്നാല്‍, പിന്നെ ജിംഖാന മൈതാനം സാക്ഷിയായത് ഒരു മഹാ വിസ്മയത്തിനാണ്.

അമർനാഥ് ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കാനാരംഭിച്ചു. 78 മിനിറ്റിൽ 88 റൺസ്. തുടർന്ന് കുറിക്കപ്പെട്ടത് ചരിത്രം. അമർനാഥ് സെഞ്ച്വറി തികച്ചു. ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ ആദ്യ സെഞ്ച്വറിയായിരുന്നു അത്. അതും തന്റെ കന്നി ടെസ്റ്റിൽ. അമർനാഥിന് മികച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ സി കെ നായിഡു 67 റൺസിന്‌ പുറത്താകുമ്പോൾ 207 റൺസിലെത്തിയിരുന്ന ഇന്ത്യ ഇന്നിംഗ്സ് പരാജയത്തിൽ നിന്ന് കരകയറാനുള്ള അടുത്തെത്തിയിരുന്നു. പക്ഷെ 258 വരെ മാത്രം തികക്കാനായ ഇന്ത്യയെ തോൽപ്പിക്കാൻ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വെറും 40 റൺസ് മാത്രമേ വേണ്ടിവന്നുള്ളൂ. തോറ്റെങ്കിലും അമർനാഥായിരുന്നു ആ മത്സരത്തിന്‍റെ മാത്രമല്ല പരമ്പരയുടെയും സൂപ്പർ താരം. ഇന്ത്യയുടെ യജമാനന്മാരായി അഹങ്കരിച്ചിരുന്ന ഇംഗ്ലണ്ടിന് അന്നത്തെ പരമ്പര വിജയത്തിലും അടിമകളിൽ നിന്ന് ലഭിച്ച ആ ആഘാതം നിസാരമായിരുന്നില്ല. ഇന്ത്യൻ ദേശീയതയ്ക്കാകട്ടെ അമർനാഥ് നൽകിയത് അഭിമാനമുഹൂർത്തം.

കപൂർത്തലയിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അമർനാഥ് കുട്ടിക്കാലത്ത് തന്നെ പ്രദർശിപ്പിച്ച ക്രിക്കറ്റ് കഴിവ് കണ്ട ഒരു മുസ്ലിം സമ്പന്നകുടുംബം അദ്ദേഹത്തെ ദത്തെടുക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നായകനായതും പിന്നീട് ലാലാ അമർനാഥ് എന്നറിയപ്പെട്ട ഈ കപൂർതലക്കാരൻ. 1952 -ൽ പാകിസ്ഥാനെതിരെ ആദ്യ പരമ്പരവിജയം നേടിയ ഇന്ത്യയെ നയിച്ചതും ലാലാ അമര്‍നാഥ്.

സ്വാതന്ത്ര്യപൂർവ കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലനിന്നിരുന്ന രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ഒക്കെ അമിതാധികാരം ചോദ്യം ചെയ്ത ലാല ഒരുപാട് നഷ്ടങ്ങളും അനുഭവിച്ചു. 24 ടെസ്റ്റുകള്‍ കളിച്ച അമർനാഥ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി തലവനായി. മക്കൾ മൊഹീന്ദറും സുരീന്ദറും ഇന്ത്യൻ കളിക്കാരായി. 1991 -ൽ പദ്മഭൂഷൺ സമ്മാനിതനായ ലാലാ അമര്‍നാഥ് രണ്ടായിരത്തിൽ 88ാം വയസിൽ അന്തരിച്ചു.

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്