
ബെംഗളൂരുവിലെ വാടക വീടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പുതിയ വാർത്തയല്ല. നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കാറുള്ളത്. അടുത്തിടെ ഒരു 2.5 BHK ഫ്ലാറ്റ് ഒഴിഞ്ഞ യുവാവിനുണ്ടായ അനുഭവമാണ് ഇപ്പോൾ അതുപോലെ ചർച്ചയാകുന്നത്. പെയിന്റിംഗിനും ക്ലീനിംഗിനുമായി 51,000 രൂപയിലധികം സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് ഉടമ പിടിച്ചെടുത്തതായാണ് യുവാവ് റെഡിറ്റിൽ കുറിച്ചത്. വീട്ടിൽ താമസിക്കുമ്പോൾ പെയിന്ററെ വിളിച്ച് കാണിച്ചപ്പോൾ 20,000 രൂപയിൽ താഴെ മാത്രമേ ചിലവ് വരൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വീട് ഒഴിഞ്ഞ ശേഷം ഉടമയുമായി നേരിട്ട് സംസാരിച്ച പെയിന്റർ ബില്ല് 36,000 രൂപയാക്കി ഉയർത്തിയെന്നും തന്നോട് ആലോചിക്കാതെയാണ് ഈ തുക നിശ്ചയിച്ചതെന്നും യുവാവ് പറയുന്നു.
അതുപോലെ, സാധാരണ ഗതിയിൽ 5,000 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന ഡീപ്പ് ക്ലീനിംഗിനായി 10,000 രൂപയാണ് ഉടമ ഈടാക്കിയത്. ഇത് കൂടാതെ 5,000 രൂപ 'സേഫ്റ്റി ബഫർ' എന്ന പേരിൽ ഉടമ പിടിച്ചുവെച്ചു. പുതിയ വാടകക്കാരൻ വന്ന് രണ്ടാഴ്ച താമസിച്ച് മറ്റ് കേടുപാടുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഈ തുക നൽകൂ എന്നാണ് ഉടമയുടെ നിലപാട്. നിലവിൽ അമേരിക്കയിലാണ് ഉടമ താമസിക്കുന്നത്. 'യഥാർത്ഥത്തിൽ എനിക്ക് വഞ്ചിക്കപ്പെട്ടതായും മാനസികമായി പീഡിപ്പിക്കപ്പെട്ടതായും തോന്നുന്നു' എന്നാണ് യുവാവ് പോസ്റ്റിൽ കുറിച്ചത്.
വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നൽകി. 'ഉടമയ്‌ക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണം. അടുത്ത തവണ ഇന്ത്യയിൽ വരുമ്പോൾ മറ്റൊരാളുടെ പണവും സമയവും വിലമതിക്കാൻ അയാൾ പഠിക്കട്ടെ' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 'ഇത് പകൽക്കൊള്ളയാണ്. നിങ്ങളെ അയാൾ വിഡ്ഢിയാക്കുകയാണ് ചെയ്യുന്നത്' എന്നും ഇത്തരം തട്ടിപ്പിനെതിരെ പ്രതികരിക്കണമെന്നും ആളുകൾ കമന്റ് നൽകി.