മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പുകവലിച്ച വിനോദസഞ്ചാരികളെ ഒരു പ്രദേശവാസി ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായി. ചരിത്ര സ്മാരകങ്ങളിൽ പുകവലി നിരോധിച്ചതിനെക്കുറിച്ചുള്ള അറിവില്ലായ്മ സഞ്ചാരികൾ പറഞ്ഞപ്പോൾ, കോട്ട തങ്ങൾക്ക് ക്ഷേത്രം പോലെ പവിത്രമാണെന്ന് യുവാവ് പ്രതികരിച്ചു. ഈ സംഭവം ചരിത്ര സ്മാരക സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

ഹാരാഷ്ട്രയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ വെച്ച് പുകവലിച്ച സഞ്ചാരികളെ പ്രദേശവാസിയായ ഒരാൾ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോട്ടമതിലിൽ ഇരന്ന് പുകവലിക്കുകയായിരുന്ന ദില്ലി സ്വദേശികളായ വിനോദ സഞ്ചാരികൾക്ക് നേരെയാണ് പ്രാദേശവാസിയായ യുവാവ് തന്‍റെ രോഷം പ്രകടിപ്പിച്ചത്.

'അല്പം സാമാന്യബോധം?'

1 മിനിറ്റും 46 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ, ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് പുകവലിക്കാൻ ആരാണ് അനുവാദം നൽകിയതെന്ന് യുവാവ് ചോദിക്കുന്നുണ്ട്. എന്നാൽ പുകവലി നിരോധിച്ചുകൊണ്ടുള്ള ബോർഡുകളൊന്നും കണ്ടില്ലെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് വിനോദ സഞ്ചാരികൾ മറുപടി നൽകിയത്.ഇതോടെ കൂടുതൽ പ്രകോപിതനായ യുവാവ്, "നിങ്ങൾക്ക് കുറച്ചെങ്കിലും സാമാന്യബോധം വേണ്ടേ? നിങ്ങൾ ഒരു അമ്പലത്തിനുള്ളിൽ കയറി പുകവലിക്കുമോ? ഈ കോട്ട ഞങ്ങൾക്ക് അമ്പലം പോലെ പവിത്രമാണ്" എന്ന് മറുപടി നൽകുന്നത് കാണാം. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയ യുവാവ്, സഞ്ചാരികളുടെ പക്കലുണ്ടായിരുന്ന സിഗരറ്റുകൾ വാങ്ങിവെക്കുകയും ചെയ്തു.

Scroll to load tweet…

സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ചരിത്ര സ്മാരക സംരക്ഷണത്തെക്കുറിച്ചും വിനോദ സഞ്ചാരികളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും വലിയ ചർച്ചകളാണ് ഉയരുന്നത്. പൈതൃക കേന്ദ്രങ്ങളിൽ സന്ദർശകർക്കായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI)കർശന നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിച്ചു.

ചരിത്ര സ്മാരക സംരക്ഷണം

ലഹരി വസ്തുക്കൾക്ക് നിരോധനം: സംരക്ഷിത സ്മാരകങ്ങൾക്ക് ഉള്ളിൽ സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല, ഗുഡ്ക, മദ്യം എന്നിവ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

തീപിടിക്കുന്ന വസ്തുക്കൾ പാടില്ല: തീപ്പെട്ടി, ലൈറ്ററുകൾ, മെഴുകുതിരികൾ തുടങ്ങി എളുപ്പത്തിൽ തീപിടിക്കുന്ന ഒരു വസ്തുവും അകത്തേക്ക് പ്രവേശിപ്പിക്കില്ല.

സ്മാരകങ്ങൾ നശിപ്പിക്കരുത്: കോട്ടയുടെയും സ്മാരകങ്ങളുടെയും ചുവരുകളിൽ എഴുതുകയോ കൊത്തിവെക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്.

ഡ്രോൺ നിയന്ത്രണം: മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതിയില്ലാതെ ഡ്രോണുകളോ ട്രൈപോഡുകളോ ഉപയോഗിക്കാൻ അനുവാദമില്ല.

ശിക്ഷാ നടപടി: എ എസ് ഐ നിയന്ത്രണങ്ങൾ ലംഘിക്കുകയോ ചരിത്ര സ്മാരകങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നവർക്ക് 1 ലക്ഷം രൂപ വരെ പിഴയോ, 2 വർഷം വരെ തടവോ, അല്ലെങ്കിൽ ഇവ രണ്ടുമാണ് ശിക്ഷ വിധിക്കുന്നത്.

ലോഹഗഡ് കോട്ട

സമുദ്രനിരപ്പിൽ നിന്ന് 3,389 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോഹഗഡ് മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടകളിലൊന്നാണ്. 1648 -ൽ ഛത്രപതി ശിവാജി മഹാരാജ് ഈ കോട്ട പിടിച്ചെടുക്കുകയും സൂററ്റ് യുദ്ധത്തിന് ശേഷം ലഭിച്ച നിധിശേഖരം സൂക്ഷിക്കാനായി ഉപയോഗിക്കുകയും ചെയ്തു. അടുത്തിടെ കോട്ടയിലെ ഗുഹയിൽ നിന്ന് ബിസിഇ ഒന്നോ രണ്ടോ നൂറ്റാണ്ടിലെ ബ്രാഹ്മി ലിപിയിലുള്ള ശിലാലിഖിതം കണ്ടെത്തിയിരുന്നു. ഇത് ഇവിടെ പണ്ടൊരു ജൈന കേന്ദ്രമുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. തേളിന്‍റെ വാലിന്‍റെ ആകൃതിയിലുള്ള വിഞ്ചുകട എന്ന കൂറ്റൻ പാറക്കെട്ടാണ് ട്രെക്കിംഗ് പ്രേമികളെ ആകർഷിക്കുന്ന കോട്ടയുടെ പ്രധാന സവിശേഷത.