
മനുഷ്യത്വം ഇല്ലാതായിക്കൊണ്ടിരിക്കുന്ന, എങ്ങും വെറുപ്പും വിദ്വേഷവും കൂടിക്കൊണ്ടിരിക്കുന്ന കാലമാണ് ഇതെന്ന് പലരും പരാതി പറയാറുണ്ട്. എന്നാൽ, അപ്പോഴും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും ചില വാർത്തകൾ നമ്മെ തേടിയെത്താറുണ്ട്. അതുപോലെ ഒരു കഥയാണ് ഇതും. അച്ഛന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക് നടക്കുക എന്ന ആഗ്രഹം നടക്കാതെ പോയപ്പോൾ അച്ഛന്റെ സ്ഥാനത്തുനിന്നും യുവതിയുടെ കൈപിടിക്കാനെത്തിയ ഒരു വീട്ടുടമയുടെ കഥയാണ് ഇത്.
ഒഹായോയിൽ താമസിക്കുന്ന ഷാക്കോൾ ഫോക്സ് എന്ന യുവതിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്നും അവളെ വിവാഹവേദിയിലേക്ക് ആനയിച്ചത് അവളുടെ വീട്ടുടമയായ 79 -കാരനാണ്. സിബിഎസ് ന്യൂസിനോട് സംസാരിക്കവെ ഫോക്സ് പറഞ്ഞത്, അച്ഛൻ വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് തന്നെ കാര്യമായി ബാധിക്കില്ലെന്നാണ് ആദ്യം താൻ കരുതിയത് എന്നാണ്. പക്ഷേ വിവാഹദിവസം അടുത്തപ്പോൾ അച്ഛന്റെ അസാന്നിധ്യം തന്നിൽ ശൂന്യത നിറയ്ക്കാൻ തുടങ്ങി എന്നും അവൾ പറയുന്നു.
എന്നാൽ, ആ സമയത്താണ് അവളുടെ വീട്ടുടമസ്ഥനായ ഗിൽ എന്ന 79 -കാരൻ അവളെ അത്ഭുതപ്പെടുത്തിയത്. അദ്ദേഹം അവളുടെ കൈപിടിച്ച് അവൾക്കൊപ്പം വിവാഹവേദിയിലേക്ക് നടന്നു. താൻ കരഞ്ഞുപോയി എന്നാണ് ആ നിമിഷത്തെ കുറിച്ച് ഫോക്സ് പറയുന്നത്. ഫോക്‌സിന്റെ കുടുംബത്തിന്റെ സാഹചര്യത്തെക്കുറിച്ച് ഗില്ലിന് അറിയാമായിരുന്നു, അതിനാൽ തന്നെയാണ് വിവാഹവേദിയിലേക്ക് ആനയിക്കാൻ താൻ വരട്ടെ എന്ന് അദ്ദേഹം ഫോക്സിനോട് ചോദിച്ചത്. ഫോക്സിന് അതിൽ നൂറുവട്ടം സമ്മതമായിരുന്നു. അങ്ങനെയാണ് ഫോക്സിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയായി അത് മാറിയത്.
'അവിടമാകെ സംഗീതം മുഴങ്ങിക്കൊണ്ടിരുന്നു, ഞാൻ വിവാഹവേദിയിലേക്ക് നടക്കാൻ ഒരുങ്ങുകയായിരുന്നു, അദ്ദേഹം എന്റെ കൈ വളരെ മുറുക്കെ പിടിച്ചു. അതൊരു മികച്ച അനുഭവമായിരുന്നു. അതെ, ഇപ്പോഴും അത് അങ്ങനെ തന്നെ എന്റെ ഉള്ളിലുണ്ട്. എന്റെ ഹൃദയത്തിലുണ്ടായിരുന്ന ഒരു മുറിവ് ഉണക്കിയതുപോലെ ഒരു അനുഭവമായിരുന്നു അത്' എന്നാണ് ഫോക്സ് പറയുന്നത്.