സാധാരണക്കാരന്‍റെ ജീവിതത്തെ സ്വാധീനിച്ച, പ്രധാനമന്ത്രി മോദി രാജ്യത്തിനായി സമര്‍പ്പിച്ച പദ്ധതികള്‍

Published : Sep 15, 2022, 06:15 PM ISTUpdated : Sep 16, 2022, 12:59 PM IST
സാധാരണക്കാരന്‍റെ ജീവിതത്തെ സ്വാധീനിച്ച, പ്രധാനമന്ത്രി മോദി രാജ്യത്തിനായി സമര്‍പ്പിച്ച പദ്ധതികള്‍

Synopsis

 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷൻ നിർത്തലാക്കി. പകരം നീതി ആയോഗ് കൊണ്ടുവന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികൾക്ക് അവസാനമായി. 2012 മുതല്‍ 2017 വരെയായിരുന്നു ഇന്ത്യയിലെ അവസാന പഞ്ചവത്സരപദ്ധതിയായ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലം. 


2014 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദി, സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണത്തിന് ഉടമയാണ്. 2014 മുതല്‍ 2022 വരെയുള്ള ഭരണകാലത്തിനിടയ്ക്ക് നിരവധി പദ്ധതികളാണ് അദ്ദേഹം രാജ്യത്ത് ആവിഷ്ക്കരിച്ചത്. ഇതില്‍ പ്രധാനപ്പെട്ട ചില പദ്ധതികളാണ് ജൻ ധന്‍, ആധാർ, സ്വച്ഛ് ഭാരത്, മേക്ക് ഇൻ ഇന്ത്യ, ആയുഷ്മാൻ ഭാരത്, മൻ കി ബാത്ത്, ആത്മ നിർഭർ ഭാരത്, ഡിജിറ്റൽ ഇന്ത്യ, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, നമാമി ഗംഗേ എന്നിവ. അതുവരെ രാജ്യത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ മിക്കവയും നിശ്ചയിക്കപ്പെട്ടിരുന്നത് പഞ്ചവത്സര പദ്ധതികളിലായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് പഞ്ചവത്സര പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി ചെയര്‍മാനായുള്ള ആസൂത്രണ കമ്മീഷനായിരുന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പ് ചുമതല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളിൽ സാമ്പത്തികമായും, ക്ഷേമപരമായും ഉള്ള പദ്ധതികള്‍ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത്. എന്നാല്‍,  2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷൻ നിർത്തലാക്കി. പകരം നീതി ആയോഗ് കൊണ്ടുവന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികൾക്ക് അവസാനമായി. 2012 മുതല്‍ 2017 വരെയായിരുന്നു ഇന്ത്യയിലെ അവസാന പഞ്ചവത്സരപദ്ധതിയായ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലം. 

പ്രധാനമന്ത്രി ജൻ ധൻ യോജന (പ്രധാനമന്ത്രിയുടെ പൊതു ധനകാര്യ പദ്ധതി)

പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ആദ്യ സ്വാതന്ത്രദിന പ്രസംഗത്തിലാണ് ജൻ ധൻ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യൻ പൗരന്മാരുടെ ബാങ്കിങ്ങ് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ പൗരന്മാര്‍ക്കായി കൂടുതല്‍ ബാങ്കിങ്ങ് അക്കൗണ്ട് ആരംഭിക്കുന്നതായിരുന്നു പദ്ധതി. 90 % വീടുകളിലും ബാങ്കിങ് സേവനം ലഭ്യമാക്കുക എന്ന പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന ഒരു പദ്ധതിയുടെ തുടര്‍ച്ചയാണ് ഈ പദ്ധതി എന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും ലോകത്ത് ഒറ്റ ദിവസം കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് തുടക്കമിട്ട പദ്ധതിയെന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് ലഭിച്ചു. 15 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഉദ്ഘാടന ദിവസം തന്നെ തുറന്നത്. 

ആധാർ കാര്‍ഡ്

രാജ്യത്തെ പൗരന്മാര്‍ക്കായി കൊണ്ടുവന്ന 12 അക്ക അദ്വിതീയ ഐഡന്‍റിറ്റി നമ്പറാണ് ആധാര്‍ എന്നറിയപ്പെട്ടത്.  2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തില്‍ ആദ്യത്തെ ആധാർ കാര്‍ഡ് വിതരണം ചെയ്തു. ആധാര്‍ കാര്‍ഡിനെ സംബന്ധിച്ച് ഏറെ ആശങ്ക ജനങ്ങള്‍ക്കിടിയില്‍ നിലനിന്നിരുന്നതിനാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായി. പിന്നാലെ വന്ന എന്‍ഡിഎ സര്‍ക്കാര്‍ പൗരന്മാരുടെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് അവശ്യമാണെന്ന നയമാണ് മുന്നോട്ട് വച്ചത്. ഇതോടെ രാജ്യമെമ്പാടും ആധാര്‍ നിര്‍ബന്ധമായി. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡി സംവിധാനമാണ് ഇന്ന് ആധാർ. എന്നാല്‍ ആധാര്‍ പൗരത്വത്തിന്‍റെ തെളിവല്ലെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചു. ഇത് രാജ്യത്ത് താമസിക്കുന്നതിന്‍റെ തെളിവായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ആധാർ കാര്‍ഡ് ഇന്ത്യയിൽ താമസിക്കാനുള്ള അവകാശം നൽകുന്നില്ല. നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് പോലും ആധാർ സാധുവായ തിരിച്ചറിയൽ രേഖയല്ലെന്ന് 2017 ജൂണിൽ ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കി. 

സ്വച്ഛ് ഭാരത് അഭിയാൻ (ക്ലീൻ ഇന്ത്യ മിഷൻ)

രാജ്യം സ്വതന്ത്രമായി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്ത്യ പോലെ വിശാലമായ ഭൂപ്രദേശവും ജനസാന്ദ്രതയും ഉള്ള രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഒച്ചിഴയും വേഗത്തിലായിരുന്നു നടന്നിരുന്നത്. പൊതുജനങ്ങള്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിന് തടയിടുക എന്ന ആശയത്തില്‍ നിന്നാണ് പ്രധാനമന്ത്രി സ്വച്ഛ ഭാരത് പദ്ധതി പ്രഖ്യാപിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാൻ അല്ലെങ്കിൽ ക്ലീൻ ഇന്ത്യ മിഷൻ എന്നായിരുന്നു പദ്ധതി അറിയപ്പെട്ടിരുന്നത്. 2009-ൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച നിർമ്മൽ ഭാരത് അഭിയാന്‍റെ പുതിയ രൂപമായിരുന്നു സ്വച്ഛ ഭാരത് അഭിയാന്‍. ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ  നിർമ്മൽ ഭാരത് അഭിയാന്‍ പരാജയപ്പെട്ടു. അങ്ങനെ തുറസ്സായ പ്രദേശത്തെ മലമൂത്ര വിസർജ്ജനം ഇല്ലാതാക്കുന്നതിനും രാജ്യത്തെ ഖരമാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനുമായി നരേന്ദ്രമോദി 2014 ല്‍ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാൻ.

മേക്ക് ഇൻ ഇന്ത്യ

ഇന്ത്യയിൽ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും സമർപ്പിത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, ആധുനികവും കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വിദേശ മൂലധനത്തിനായി പുതിയ മേഖലകൾ തുറക്കുക എന്നിവയായിരുന്നു നയ സമീപനം. "ഇന്ത്യയെ ഒരു ആഗോള രൂപകൽപന, ഉൽപ്പാദന കയറ്റുമതി കേന്ദ്രമാക്കി മാറ്റുക" എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചതെങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി പോലുള്ള പല പദ്ധതികള്‍ക്കും ചൈനയില്‍ നിന്ന് സാധനസാമഗ്രികള്‍ ഇറക്കുമതി ചെയ്തെന്നെ ആരോപണമുയര്‍ന്നു. അതേ സമയം,  ഐഎന്‍എസ് വിക്രാന്ത് പോലുള്ള വിമാനവാഹിനി കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന സാഹചര്യവുമുണ്ടായി. ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വര്‍ഷാഘോഷത്തിന് ദേശീയ പതാകകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

ആയുഷ്മാൻ ഭാരത് (പ്രധാനമന്ത്രിയുടെ ജനകീയ ആരോഗ്യ പദ്ധതി)

പ്രധാനമന്ത്രിയുടെ ജനകീയ ആരോഗ്യ പദ്ധതി അഥവാ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന  ഇന്ത്യാ ഗവൺമെന്‍റിന്‍റെ ദേശീയ പൊതുജനാരോഗ്യ ഇൻഷുറൻസ് ഫണ്ടാണ്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ഏറ്റവും താഴെയുള്ള  ഏകദേശം 50 % ആളുകൾ ഈ സ്കീമിന് യോഗ്യരാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകൾക്ക് ഒരു ഫാമിലി ഡോക്ടറിൽ നിന്ന് അവരുടെ പ്രാഥമിക പരിചരണ സേവനങ്ങൾ ലഭിക്കും. ആർക്കെങ്കിലും കൂടുതൽ പരിചരണം ആവശ്യമായി വരുമ്പോൾ, PM-JAY യും വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ദ്വിതീയ ആരോഗ്യ പരിരക്ഷയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവർക്ക് തൃതീയ ആരോഗ്യ പരിരക്ഷയും നൽകുന്നു. എന്നാല്‍, കൊവിഡ് മഹാമാരിയുടെ കാലത്ത് പദ്ധതി നിശ്ചലമായെന്ന ആരോപണം നേരിട്ടു. 

മൻ കി ബാത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതിനായി ആരംഭിച്ച ഒരു ഇന്ത്യൻ റേഡിയോ പരിപാടിയാണ് മന്‍ കി ബാത്ത്. അതിൽ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോ, ഡിഡി നാഷണൽ, ഡിഡി ന്യൂസ് എന്നിവയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. 2014 ഒക്ടോബർ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. ഇതുവരെയായി 92 എപ്പിസോഡുകൾ കഴിഞ്ഞു.  92-ാം എപ്പിസോഡ് 2022 ഓഗസ്റ്റ് 28-നാണ് സംപ്രേക്ഷണം ചെയ്തത്. 2021 ജൂലൈയിൽ രാജ്യസഭയിൽ ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുടെ പ്രസ്താവന പ്രകാരം, "ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക" എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 

ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ)

ആത്മനിർഭർ ഭാരത്  അഥവാ സ്വാശ്രയ ഇന്ത്യ രാജ്യത്തിന്‍റെ സാമ്പത്തിക വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ജനപ്രിയമാക്കപ്പെട്ട ഒരു പദമാണ്. ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഒരു വലിയ പങ്ക് വഹിക്കുന്നതിനും കൂടുതൽ കാര്യക്ഷമവും മത്സരപരവും പ്രതിരോധശേഷിയും കൈവരിക്കുന്നതിനുള്ള എന്‍ഡിഎ സര്‍ക്കാറിന്‍റെ പദ്ധതിയാണിത്.  2020-ൽ കൊവിഡ് 19 മായി ബന്ധപ്പെട്ട സാമ്പത്തിക പാക്കേജിന്‍റെ പ്രഖ്യാപന വേളയിലാണ് നരേന്ദ്ര മോദി ആദ്യമായി ആത്മനിർഭർ ഭാരത് അഭിയാൻ (സ്വാശ്രയ ഇന്ത്യ മിഷൻ) എന്ന പദപ്രയോഗം ഉപയോഗിക്കുന്നത്. ഒരു പദ്ധതി എന്നതിനേക്കാളേറെ സ്വാശ്രയ ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഈ പദപ്രയോഗം കൊണ്ട് സാധ്യമാക്കുന്നത്. 

ഡിജിറ്റൽ ഇന്ത്യ

സാങ്കേതിക വിദ്യാമേഖലയിൽ രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിലൂടെയും ഗവൺമെന്‍റിന്‍റെ സേവനങ്ങൾ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പൗരന്മാർക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച ഒരു കാമ്പെയ്‌നാണ് ഡിജിറ്റൽ ഇന്ത്യ. ഗ്രാമപ്രദേശങ്ങളെ അതിവേഗ ഇന്‍റർനെറ്റ് നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്‍റെ വികസനം, സർക്കാർ സേവനങ്ങൾ ഡിജിറ്റലായി വിതരണം ചെയ്യുക, സാർവത്രിക ഡിജിറ്റൽ സാക്ഷരത എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. എന്നാല്‍, ഡിജിറ്റല്‍ ഇന്ത്യയെ ശക്തിപ്പെടുത്താനായി ആരംഭിച്ച പദ്ധതി ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞെന്നും സ്വകാര്യ മേഖലയെ പ്രോത്സാപ്പിക്കുവെന്നുമുള്ള ആരോപണം നേരിടുന്നു. 

ബേട്ടി ബച്ചാവോ / ബേട്ടി പഠാവോ 

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (മകളെ രക്ഷിക്കുക, മകളെ പഠിപ്പിക്കുക) എന്ന പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ്. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാർ, ഡൽഹി എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. 2014-ലെ അന്താരാഷ്‌ട്ര പെൺകുട്ടികളുടെ ദിനത്തിൽ, ഇന്ത്യയിലെ പെൺകുട്ടികൾക്കെതിരായ ലിംഗവിവേചനം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. #SelfieWithDaughter എന്ന ഹാഷ്‌ടാഗില്‍ 2015 ജൂണിൽ സാമൂഹിക മാധ്യമം വഴിയാണ് പദ്ധതി പ്രചരിപ്പിക്കപ്പെട്ടത്. ഹാഷ്ടാഗ് ലോകമെമ്പാടും പ്രശസ്തി നേടിയെങ്കിലും ഉത്തരേന്ത്യയില്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

നമാമി ഗംഗേ

2014 ജൂണിൽ 20,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ "ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം" ആയി അംഗീകരിച്ച ഒരു സംയോജിത നദീ സംരക്ഷണ ദൗത്യമാണ് നമാമി ഗംഗേ പദ്ധതി. ദേശീയ നദിയായ ഗംഗയുടെ മലിനീകരണം നിയന്ത്രിക്കൽ, സംരക്ഷണം, പുനരുജ്ജീവനം എന്നിവ ഈ പരിപാടിയുടെ ലക്ഷ്യങ്ങളാണ്. ശാസ്ത്രജ്ഞർ, സാങ്കേതിക കമ്പനികൾ, നിക്ഷേപകർ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ താൽപ്പര്യ ഗ്രൂപ്പുകളെ ബന്ധിപ്പിക്കുന്ന യുകെ കമ്മ്യൂണിറ്റിയുമായി ഇടപഴകാൻ ഇത് ലക്ഷ്യമിടുന്നു.  നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ (എൻ‌എം‌സി‌ജി) റിപ്പോര്‍ട്ട് അനുസരിച്ച് 341 പദ്ധതികളിൽ 147 (അല്ലെങ്കിൽ 43 ശതമാനം) പൂർത്തിയായി. അതിൽ ഭൂരിഭാഗം പദ്ധതികളും മലിനജല അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും 157 മലിനജല പദ്ധതികളിൽ 61 എണ്ണം (39 ശതമാനം) പൂർത്തീകരിച്ചുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടുന്നു. എന്നാല്‍, ഗംഗാ നദി ഇപ്പോഴും മാലിന്യം നിറഞ്ഞ് ഒഴുകുകയാണ്. കൊവിഡ് കാലത്ത് ഉത്തര്‍പ്രദേശില്‍ നിന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും അന്താരാഷ്ട്രാതലത്തില്‍ രാജ്യത്തിന് തന്നെ നാണക്കേടാവുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ