
സപ്തംബർ 17 -ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമാണ്. ഒരു സാധാരണക്കാരനിൽ നിന്നും പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്രമോദിയുടെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ടയാളായിരുന്നു നരേന്ദ്ര മോദി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പലചരക്ക് കച്ചവടക്കാരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഗുജറാത്തിലെ വഡ്‌നഗറിലെ ഒരു ചെറിയ ഒറ്റനില വീട്ടിലാണ് മോദി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മോദിയുടെ രാജ്യത്തോടുള്ള സ്നേഹം വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു എന്ന് പറയുന്നു.
കുട്ടിക്കാലത്ത്, 1965 -ലെ ഇന്ത്യ-പാക് യുദ്ധത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ ഇന്ത്യൻ സൈന്യത്തിന്റെ സന്നദ്ധപ്രവർത്തകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1967 -ലെ ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ അദ്ദേഹം സഹായിച്ചു.
വഡ്‌നഗർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ചായക്കടയിലായിരുന്നു മോദിയുടെ അച്ഛൻ ചായ വിറ്റിരുന്നത്. അന്ന് അച്ഛന് സഹായമായി അദ്ദേഹവും എപ്പോഴും ചായക്കടയിൽ ഉണ്ടാകുമായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ, ത്യാഗത്തിലേക്കും സന്യാസത്തിലേക്കും മോദി ഒരു ചായ്‌വ് വളർത്തിയെടുത്തു എന്ന് പറയുന്നു. എരിവ്, ഉപ്പ്, മുളക്, എണ്ണ, ശർക്കര എന്നിവ കഴിക്കുന്നത് പോലും അദ്ദേഹം ഉപേക്ഷിച്ചു. സ്വാമി വിവേകാനന്ദന്റെ കൃതികൾ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. തുടർന്ന് ആത്മീയതയിലേക്കുള്ള ഒരു യാത്രയ്ക്ക് അത് മോദിക്ക് പ്രചോദനമായി.
തികച്ചും എളിയ പശ്ചാത്തലത്തിൽ നിന്നാണ് മോദി വളർന്നത്. വീട്ടിലെ ചിലവുകൾ കൂടി വന്നപ്പോൾ അമ്മ അടുത്ത വീടുകളിൽ പാത്രം കഴുകാൻ പോയായിരുന്നു അത് കണ്ടെത്തിയിരുന്നത്. ക്ലാസ് മുറിയിൽ തുടങ്ങി ഓഫീസിൽ അവസാനിക്കുന്ന പരമ്പരാഗത ജീവിതത്തിന് അപ്പുറത്തേക്ക് പോകുന്ന ജീവിതമാണ് മോദി പലപ്പോഴും സ്വപ്നം കണ്ടിരുന്നത്.
കുട്ടിക്കാലം മുതലേ മോദിക്ക് സംവാദത്തിലും വായനയിലും അഭിരുചി ഉണ്ടായിരുന്നു. സ്‌കൂൾ ലൈബ്രറിയിൽ വായിക്കാൻ മണിക്കൂറുകളോളം ചെലവഴിക്കാറുണ്ടായിരുന്നു എന്ന് പറയുന്നു. തപ്പി നദിയിൽ വെള്ളപ്പൊക്കം നാശം വിതച്ചപ്പോൾ, 9 വയസ്സുള്ള മോദിയും സുഹൃത്തുക്കളും ഒരു ഭക്ഷണശാല ആരംഭിക്കുകയും അതിൽ നിന്ന് ലഭിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.
ഫോട്ടോഗ്രാഫിയും കവിതയും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. അദ്ദേഹം ഗുജറാത്തിയിൽ ചില പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, കൂടാതെ അദ്ദേഹം എടുത്ത ഫോട്ടോഗ്രാഫുകളുടെ ഒരു പ്രദർശനവും മുമ്പ് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. താൻ അധികം ഉറങ്ങാറില്ലെന്ന് പല അഭിമുഖങ്ങളിലും മോദി പറഞ്ഞിട്ടുണ്ട്. ഒരു ദിവസം അഞ്ചുമണിക്കൂർ മാത്രമേ പരമാവധി അദ്ദേഹം ഉറങ്ങാറുള്ളൂ. എത്ര വൈകി ഉറങ്ങാൻ കിടന്നാലും പുലർച്ചെ 5.30 -ന് ഉണർന്ന് എഴുന്നേറ്റ് യോഗ ചെയ്യുന്നത് അദ്ദേഹത്തിൻറെ ഒരു ദിനചര്യയാണ്.
1989 മുതൽ 1995 -ലെ തെരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ആസൂത്രകനായിരുന്നു നരേന്ദ്ര മോദി. ഗുജറാത്തിൽ ബിജെപി ഒരു പ്രധാന ശക്തിയായിത്തീരുന്നതിൽ പങ്കുവഹിച്ചു അദ്ദേഹം. കേശുഭായ് പട്ടേൽ രാജിവച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കുന്നത്. 2014 -ലെ ലോകസഭാ തെരഞ്ഞെടുപ്പോടെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിത്തീരുന്നത്.
സാധാരണക്കാരിൽ സാധാരണക്കാരനായി വളർന്ന മോദി തന്നെ കഠിനാധ്വാനത്തിലൂടെ ആണ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വരെ എത്തിയത്.