
സാധാരണ കള്ളന്മാരോട് എല്ലാവർക്കും ദേഷ്യമാണ് തോന്നുക. എന്നാൽ, കഴിഞ്ഞദിവസം സ്വേലി തിക്സോ എന്ന ട്വിറ്റർ ഉപയോക്താവ് തന്റെ ലാപ്ടോപ്പ് മോഷ്ടിച്ച കള്ളനെ കുറിച്ച് പങ്കുവച്ച കാര്യങ്ങൾ അറിഞ്ഞാൽ ഹോ എന്തൊരു മാന്യൻ എന്ന് തോന്നിപ്പോകും. കാരണം ലാപ്ടോപ്പ് മോഷ്ടിച്ചു കൊണ്ടുപോയെങ്കിലും വീട്ടിലെത്തിയപ്പോൾ കുറ്റബോധം തോന്നിയ കള്ളൻ തിക്സോയോട് ക്ഷമാപണം ചോദിച്ചുകൊണ്ട് മെയിൽ അയച്ചു എന്ന് മാത്രമല്ല. ലാപ്ടോപ്പിനുള്ളിൽ ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ പ്രധാനപ്പെട്ട ചില ഡോക്യുമെന്റ്സും അയച്ചുകൊടുത്തു. ഇപ്പോൾ കള്ളനോട് എന്തു മറുപടി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് തിക്സോ.
ഗവേഷണ വിദ്യാർത്ഥിയായ സ്വേലി തിക്സോ തൻറെ ഗവേഷണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സൂക്ഷിച്ചിരുന്നത് തൻറെ പേഴ്സണൽ ലാപ്ടോപ്പിൽ ആയിരുന്നു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ ആ ലാപ്ടോപ്പ് ഒരു കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയി. ലാപ്ടോപ്പ് പോയതിൽ ആയിരുന്നില്ല തിക്സോയ്ക്ക് വിഷമം. മറിച്ച് താൻ ഇത്രയും നാളും കഷ്ടപ്പെട്ട് ചെയ്ത് അവസാന ഘട്ടത്തിൽ എത്തിയിരുന്ന ഗവേഷണത്തിന്റെ പ്രധാന റിപ്പോർട്ട് നഷ്ടപ്പെട്ടതിന്റെ വേദനയായിരുന്നു അയാൾക്ക്. എന്തുചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് ഇരിക്കുമ്പോഴാണ് ആ മെയിൽ തിക്സോയ്ക്ക് കിട്ടിയത്. വേറെ ആരുടേതും ആയിരുന്നില്ല നമ്മുടെ കള്ളന്റേത് തന്നെയായിരുന്നു മെയിൽ.
വീട്ടിലെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് കള്ളന് മനസ്സിലായത് താൻ മോഷ്ടിച്ചു കൊണ്ടുവന്ന ലാപ്ടോപ്പിൽ ഉടമസ്ഥന്റെ അതിപ്രധാനമായ നിരവധി ഡോക്യുമെന്റ്സ് ഉണ്ടെന്ന്. ആകെ വിഷമത്തിലായി കള്ളനും. ഒടുവിൽ അയാൾ ഒരു ഉപായം കണ്ടെത്തി. താൻ മോഷ്ടിക്കാൻ ഉണ്ടായ സാഹചര്യങ്ങൾ പറഞ്ഞുകൊണ്ട് ഉടമസ്ഥന് ഒരു മെയിൽ അയക്കാം, ഒപ്പം അദ്ദേഹത്തിൻറെ ഗവേഷണ പ്രബന്ധത്തിന്റെ ഫയലുകളും അയച്ചുകൊടുക്കാം എന്ന് കള്ളൻ കരുതി.
അങ്ങനെ തനിക്ക് പണത്തിന് അത്ര അത്യാവശ്യം ഉള്ളതുകൊണ്ടാണ് ലാപ്ടോപ്പ് മോഷ്ടിച്ചതെന്നും ജീവിക്കാൻ വേറൊരു വഴിയും കാണാത്തത് കൊണ്ടാണെന്നും തന്നോട് ക്ഷമിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കള്ളൻ ലാപ്ടോപ്പിന്റെ യഥാർത്ഥ ഉടമസ്ഥന് മെയിൽ അയച്ചു. ഒപ്പം താങ്കളുടെ ഗവേഷണ പ്രബന്ധത്തിന്റെ പ്രധാന ഫയലുകൾ കൂടി താൻ അറ്റാച്ച് ചെയ്യുന്നുണ്ടെന്നും മറ്റേതെങ്കിലും ഫയലുകൾ ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി അത് അയച്ചു തരാമെന്നും കള്ളൻ മെയിലിൽ സൂചിപ്പിക്കുന്നു.
ഒപ്പം മറ്റൊന്നുകൂടി നമ്മുടെ സത്യസന്ധനായ കള്ളൻ പറയുന്നുണ്ട്. ലാപ്ടോപ്പ് വാങ്ങാൻ ഒരാൾ തയ്യാറായി വന്നിട്ടുണ്ടെന്നും അതുകൊണ്ട് ലാപ്ടോപ്പിൽ നിന്നും കൂടുതലായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിക്കായി മുമ്പു പറയണം എന്നുമാണ് കള്ളന്റെ അഭ്യർത്ഥന. മെയിൽ കണ്ട് തന്റെ കണ്ണുനിറഞ്ഞു പോയി എന്നാണ് തിക്സോ ട്വിറ്റർ പോസ്റ്റിൽ പറയുന്നത്. ഇപ്പോൾ കള്ളനോട് എന്ത് ചെയ്യണം എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു.