ഈ സർവകലാശാല ശേഖരത്തിൽ ഉള്ളത് 10,000 -ത്തോളം മനുഷ്യമസ്തിഷ്കങ്ങൾ

Published : Mar 19, 2023, 10:26 AM IST
ഈ സർവകലാശാല ശേഖരത്തിൽ ഉള്ളത് 10,000 -ത്തോളം മനുഷ്യമസ്തിഷ്കങ്ങൾ

Synopsis

പിന്നീട് പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ കൂടുതൽ ചിട്ടയുള്ളതാക്കുകയും രോഗികളുടെ അവകാശങ്ങളെ കുറിച്ചും കൂടി ചിന്തിച്ചു തുടങ്ങുകയും ചെയ്തതോടെ 1982 -നു ശേഷം മസ്തിഷ്കങ്ങള്‍ ഇതിലേക്ക് വന്നില്ല. അപ്പോഴും ശേഖരിക്കപ്പെട്ട മസ്തിഷ്കങ്ങൾ എന്തു ചെയ്യണം എന്ന ചോദ്യം ഉയർന്നു.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മസ്തിഷ്ക ശേഖരം സ്വന്തമാക്കി ഡെൻമാർക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഒഡെൻസ്.  ഗവേഷണ ആവശ്യങ്ങൾക്കായി 37 വർഷമായി ശേഖരിച്ച 9,479 മനുഷ്യ മസ്തിഷ്കങ്ങൾ ആണ് സർവ്വകലാശാല ശേഖരത്തിൽ ഉള്ളത്. 1980 -കൾ വരെയുള്ള നാല് പതിറ്റാണ്ടിനിടെ മാനസികാരോ​ഗ്യക്കുറവുള്ള ആളുകളുടെ മൃതദേഹങ്ങളിൽ നിന്നും ശേഖരിച്ച മസ്തിഷ്കങ്ങളാണ് ഇവയെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.

ഫോർമാലിനുള്ളിൽ ആണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പ്രമുഖ ഡാനിഷ് സൈക്യാട്രിസ്റ്റ് എറിക് സ്‌ട്രോംഗ്രെൻ തൻ്റെ ഗവേഷണ പഠനങ്ങൾക്കായി 1945 -ൽ ആരംഭിച്ചതാണ് ഈ ശേഖരം. ഡെൻമാർക്കിൽ ഉടനീളമുള്ള മാനസികാരോഗ്യ സ്ഥാപനങ്ങളിൽ മരണപ്പെട്ട രോഗികളുടെ മൃതദേഹങ്ങളിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് തലച്ചോറുകൾ ശേഖരിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മരിച്ചവരിൽ നിന്നോ അവരുടെ കുടുംബാംഗങ്ങളിൽ നിന്നോ അനുമതി വാങ്ങിയിട്ടില്ലെന്നാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരത്തിൽ മസ്തിഷ്കങ്ങൾ ശേഖരിച്ച ആശുപത്രികളെല്ലാം സർക്കാരിൻറെ മാനസികാരോഗ്യ സ്ഥാപനങ്ങൾ ആയിരുന്നതിനാൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പുറത്തുനിന്നുള്ള ആരും ചോദിച്ചിരുന്നില്ല എന്നാണ് മനോരോഗ ചരിത്ര വിദഗ്ധനായ ജെസ്‌പർ വാസി ക്രാഗ് പറയുന്നത്. അക്കാലത്ത് മാനസികാരോ​ഗ്യക്കുറവുള്ളവരെ സമൂഹത്തിന് ഒരു ഭാരമായാണ് കണക്കാക്കിയിരുന്നത്. അവരുടെ മാനുഷിക അവകാശങ്ങൾ വലിയതോതിൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു. 1989 വരെ ഡെന്മാർക്കിൽ അവർക്ക് വിവാഹം കഴിക്കാൻ പ്രത്യേക അനുമതി വേണ്ടിയിരുന്നു.

എന്നാൽ, പിന്നീട് പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ കൂടുതൽ ചിട്ടയുള്ളതാക്കുകയും രോഗികളുടെ അവകാശങ്ങളെ കുറിച്ചും കൂടി ചിന്തിച്ചു തുടങ്ങുകയും ചെയ്തതോടെ 1982 -നു ശേഷം മസ്തിഷ്കങ്ങള്‍ ഇതിലേക്ക് വന്നില്ല. അപ്പോഴും ശേഖരിക്കപ്പെട്ട മസ്തിഷ്കങ്ങൾ എന്തു ചെയ്യണം എന്ന ചോദ്യം ഉയർന്നു. ഒടുവിൽ ഡെന്മാർക്കിന്റെ സ്റ്റേറ്റ് എത്തിക്‌സ് കൗൺസിൽ അതിൻറെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും ശാസ്ത്രീയ ഗവേഷണ പഠനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ