കന്നിയാത്രക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ, കാത്തിരിക്കുന്നത് അവസാനിക്കാത്ത അത്ഭുതങ്ങൾ

By Web TeamFirst Published Sep 22, 2021, 2:56 PM IST
Highlights

വിനോദ സൗകര്യങ്ങളും മികച്ച ഡൈനിംഗ് സൗകര്യവും കപ്പലിലുണ്ട്. ഒപ്പം തന്നെ സാഹസികതകൾക്കും ഉള്ള സൗകര്യങ്ങളുണ്ട്. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് വലിയ വണ്ടർ തന്നെയാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും മനസിലാവുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ഒടുവില്‍ കാത്തിരുന്ന കന്നിയാത്രയ്ക്കൊരുങ്ങുന്നു. അടുത്ത വർഷം മാർച്ച് 4 -ന്, റോയൽ കരീബിയന്റെ 'വണ്ടർ ഓഫ് ദി സീസ്' (Wonder Of The Seas), യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേലിൽ നിന്ന് യാത്ര തുടങ്ങും. കപ്പലിന് 1,188 അടി (362 മീറ്റർ) നീളവും 210 അടി (64 മീറ്റർ) വീതിയുമുണ്ട്, കൂടാതെ 16 ഡെക്കുകളിലായി 6,988 അതിഥികളെയുള്‍ക്കൊള്ളും. ഒപ്പം, 24 അതിഥി എലവേറ്ററുകളും 2,300 ക്രൂ അംഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയും. 

യുഎസിൽ നിശ്ചിതസമയം ചെലവഴിച്ച ശേഷം കപ്പൽ യൂറോപ്യൻ പര്യടനങ്ങൾക്കായി ബാഴ്‌സലോണയിലേക്കും റോമിലേക്കും പോകും. പിന്നീട് ചൈനയിലേക്കാണ് കപ്പല്‍ യാത്രയാവുക. ഫ്രാൻസിലെ കപ്പൽശാലയായ ചാന്റിയേഴ്സ് ഡി എൽ അറ്റ്ലാന്റിക്കിന് പുറത്തുനിന്നുള്ള കപ്പലിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്. 

വിനോദ സൗകര്യങ്ങളും മികച്ച ഡൈനിംഗ് സൗകര്യവും കപ്പലിലുണ്ട്. ഒപ്പം തന്നെ സാഹസികതകൾക്കും ഉള്ള സൗകര്യങ്ങളുണ്ട്. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് വലിയ വണ്ടർ തന്നെയാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും മനസിലാവുന്നത്. സെൻട്രൽ പാർക്ക്, ബോർഡ്‍വാക്ക്, പൂൾ ആൻഡ് സ്പോർട്സ് സോൺ, എന്റർടൈൻമെന്റ് പ്ലേസ്, റോയൽ പ്രൊമെനേഡ്, വൈറ്റാലിറ്റി സ്പാ ആൻഡ് ഫിറ്റ്നസ് സെന്റർ, യൂത്ത് സോൺ, സ്യൂട്ട് നെയിബർഹുഡ് എന്നിവയെല്ലാം ഇതിൽ പെടുന്നു. സമുദ്രത്തിലെ ആദ്യത്തെ ലിവിം​ഗ് പാർക്കാണ് സെൻട്രൽ പാർക്ക്, അതിൽ 20,000 -ത്തിലധികം സസ്യങ്ങളും ഉയർന്ന സ്പെഷ്യാലിറ്റി റെസ്റ്റോറന്റുകളും ബുട്ടിക്കുകളും ഉണ്ട്. തത്സമയ സം​ഗീത പരിപാടികളും മറ്റും ഇതിലുണ്ടാവും.

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിന്റെ നിലവിലെ റെക്കോർഡ് ഉടമയായ സിംഫണി ഓഫ് ദ സീസിന്റെ അരങ്ങേറ്റത്തിന് നാല് വർഷത്തിന് ശേഷമാണ് ഈ കപ്പൽ വരുന്നത്. 


 

click me!