
നമുക്ക് ഒരു ദിവസം വാട്‌സ് ആപ്പിലും, ഫേസ്ബുക്കിലും ഒക്കെ എത്ര വ്യാജ സന്ദേശങ്ങളാണ് ലഭിക്കുന്നത്, അല്ലേ? പലതും ഫേക്ക് ആണെന്ന് നമ്മള്‍ അറിയുന്നത് തന്നെ വളരെ വൈകിയായിരിക്കും. ഇതുപോലെ വാട്‌സ്ആപ്പില്‍ പ്രചരിച്ച ഒരു വ്യാജ സന്ദേശം വിശ്വസിച്ച് ഒരു ജനക്കൂട്ടം ഒരാളെ ആക്രമിക്കുകയും പച്ചയ്ക്ക് തീകൊളുത്തുകയും ചെയ്തു. മെക്‌സികോവിലെ പ്യൂബ്ല പട്ടണത്തിലാണ് സംഭവം. ന്ാഷനല്‍ ആക്ഷന്‍ പാര്‍ട്ടിയുടെ മുന്‍ രാഷ്ട്രീയ ഉപദേശകനും അഭിഭാഷകനുമായ 31 കാരനായ ഡാനിയല്‍ പിക്കാസോയെയാണ് ഇരുനൂറ് പേരടങ്ങുന്ന ജനക്കൂട്ടം വെറുമൊരു സംശയത്തിന്റെ പേരില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരാള്‍ പട്ടണത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ സന്ദേശത്തെ തുടര്‍ന്നായിരുന്നു അത്.
പ്യൂബ്ല പട്ടണത്തിലുള്ള ഹുവാചിനാംഗോയിലായിരുന്നു പിക്കാസോയുടെ മുത്തച്ഛന്റെ വീട്. മുത്തച്ഛനെ കാണാനാണ് കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വീട്ടില്‍ വന്നത്. ഒരു അഭിഭാഷകന്‍ കൂടിയായ അദ്ദേഹത്തിന്റെയൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. മുത്തച്ഛന്റെ വീടിന് സമീപം മുപ്പതോളം പേര്‍ ചേര്‍ന്ന് അവരെ വളയുകയായിരുന്നു. എന്നാല്‍ പൊലീസ് സംഭവസ്ഥലത്തെത്തി അവരെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ആളുകളെ അവരെ കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ടു. പിക്കാസോയും, കൂട്ടുകാരനുമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന അക്രമിക്കളെന്ന് കൂടി നിന്നവരില്‍ ചിലര്‍ ആരോപിച്ചു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ അവരെ ആക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ അദ്ദേഹത്തിന്റെ സുഹൃത്തിന് അവിടെ നിന്ന് രക്ഷപ്പെടാനും അടുത്തുള്ള ഒരു കെട്ടിടത്തില്‍ അഭയം തേടാനും സാധിച്ചു.
പിക്കാസോയെ നാട്ടുകാര്‍ അടുത്തുള്ള ഒരു മൈതാനത്തേക്ക് കൊണ്ടുപോയി. ആ നിരപരാധിയെ അവര്‍ മര്‍ദിക്കുകയും, പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കുകയും ചെയ്തു. വാട്ട്സ്ആപ്പിലൂടെയാണ് തെറ്റായ ഈ സന്ദേശങ്ങള്‍ പ്രചരിച്ചത്. അതെല്ലാം കണ്ണടച്ച് വിശ്വസിച്ച നാട്ടുകാര്‍ ആ സമയം നാട്ടിലെത്തിയ പിക്കാസോ ആണ് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന വ്യക്തിയെന്ന് കരുതി, യാതൊരു പ്രകോപനവുമില്ലാതെ അയാളുടെ മേല്‍ തീകൊളുത്തുകയായിരുന്നു.
ദേഹം മുഴുവന്‍ തീ പടര്‍ന്നപ്പോള്‍, അലറി കരഞ്ഞു കൊണ്ട് പിക്കാസോ സഹായത്തിനായി കേണു. അപരിചിതരുടെ മുന്നില്‍ മുട്ടുകുത്തി രക്ഷിക്കണമേ എന്ന് അപേക്ഷിച്ചു. എന്നാല്‍ ആരും അദ്ദേഹത്തെ രക്ഷിക്കാന്‍ മുന്നോട്ട് വന്നില്ല. കൈ പിന്നില്‍ കെട്ടിയിരുന്നത് കൊണ്ട് സ്വയം രക്ഷപ്പെടാനാകാതെ അദ്ദേഹം വെന്തു മരിക്കുകയായിരുന്നു. ഹുവാചിനാംഗോ നഗരസഭാ കൗണ്‍സില്‍ ഈ പ്രവൃത്തിയെ ശക്തമായി അപലപിച്ചു. ഇത് തികഞ്ഞ കടത്തരമാണ് എന്ന് മുനിസിപ്പാലിറ്റി അഭിപ്രായപ്പെട്ടു.
മാതാപിതാക്കള്‍ക്കൊപ്പം മെക്‌സിക്കോ സിറ്റിയിലാണ് പിക്കാസോ താമസിച്ചിരുന്നത്. 2018 മുതല്‍ 2021 വരെ അദ്ദേഹം ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ജസ്റ്റിസ് കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു. 2021 അവസാനത്തോടെ, നാഷണല്‍ ആക്ഷന്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ ജോഹാന ഫിലിപ്പെയുടെ ഉപദേശകനായി തീര്‍ന്നു. മാര്‍ച്ച് വരെ ജോലിയില്‍ തുടരുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ഈ വര്‍ഷം പ്യൂബ്ല സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് പിക്കാസോ.