Bank Restrictions: സ്വന്തം പണം പിന്‍വലിക്കാന്‍ യുവാവ് ബാങ്ക് 'കൊള്ളയടിച്ചു!'

By Web TeamFirst Published Jan 27, 2022, 7:24 PM IST
Highlights

പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയിലായ വ്യാപാരിയാണ് തോക്കും ഗ്രനേഡുമായി ബാങ്കിലെത്തി സ്വന്തം നിക്ഷേപത്തിന്റെ ഒരു ഭാഗം പിന്‍വലിച്ചത്. 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബാങ്കിംഗ് നിയന്ത്രണത്തില്‍ ജനങ്ങള്‍ ദുരിതത്തിലായ ലബനോനില്‍
ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ബന്ദികളാക്കി യുവാവ് സ്വന്തം പണം പിന്‍വലിച്ചു. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയിലായ വ്യാപാരിയാണ് തോക്കും ഗ്രനേഡുമായി ബാങ്കിലെത്തി സ്വന്തം നിക്ഷേപത്തിന്റെ ഒരു ഭാഗം പിന്‍വലിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. താന്‍ സ്വന്തം പണം പിന്‍വലിക്കുക മാത്രമാണ് ചെയ്തതെന്നും തെറ്റ് ചെയ്തില്ലെന്നും പറഞ്ഞ് ഇയാള്‍ ജയിലില്‍ നിരാഹാര സമരം 
ആരംഭിച്ചു. അതോടെ ഇയാള്‍ക്ക് പിന്തുണയുമായി രാജ്യമെങ്ങും ആയിരങ്ങള്‍ രംഗത്തുവന്നു. 

ഷിയ, സുന്നി മുസ്‌ലിം വിഭാഗങ്ങളും ക്രിസ്ത്യന്‍ വിഭാഗവും മാറി മാറി ഭരിച്ചുകൊണ്ടിരുന്ന ലബേനോനിലെ സാമ്പത്തിക പ്രതിസന്ധി അതിരു കടന്നതോടെയാണ് ഈ പ്രതിസന്ധികള്‍ ഉണ്ടായത്. ഭരണകക്ഷി ഇടയ്ക്കിടെ മാറി വരുന്നതിനാല്‍, ഒന്നിനും ആര്‍ക്കും ഉത്തരവാദിത്തമില്ലാത്തതാണ് ഇവിടത്തെ അവസ്ഥ. ഓരോരുത്തരും ഖജനാവില്‍ കൈയിട്ടു വാരും. അഴിമതി, സ്വജനപക്ഷപാതം,  സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭൂമിയും കൈയേറുക എന്നിവ വ്യാപകമായതിനെ തുടര്‍ന്ന്, രാജ്യം വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഔദ്യോഗിക നാണയമായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ലബനീസ് ജനതയുടെ 78 ശതമാനവും ദാരിദ്ര്യരേഖയ്ക്കു കീഴെയായി. വ്യാപാര വാണിജ്യ മേഖലകളടക്കം വമ്പന്‍ പ്രതിസന്ധിയിലായ ലബനോന്‍ ഇപ്പോള്‍ വിദേശസഹായത്തിനായി കിണഞ്ഞു ശ്രമിക്കുകയാണ്. എന്നാല്‍, ഭരണസുസ്ഥിരത ഇല്ലാത്തതിനാല്‍ വിദേശസഹായം കിട്ടാത്ത അവസ്ഥയുണ്ട്. 

അതിനിടെയാണ് തലസ്ഥാന നഗരത്തിലെ ഒരു ബാങ്കില്‍ പുതിയ സംഭവം. അബ്ദുല്ല അല്‍ സാലി എന്ന 34 -കാരനാണ് ആയുധങ്ങളുമായി ബാങ്കില്‍ എത്തിയത്. ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് തന്റെ ബിസിനസ പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സാലി ആയുധങ്ങളുമായി ബാങ്കിലെത്തിയത്. പുതിയ നിയമപ്രകാരം ബാങ്കില്‍ കാശുണ്ടെങ്കിലും അതു ആവശ്യപ്രകാരം പിന്‍വലിക്കാനാവില്ല. പ്രതിദിനം വളരെ കുറച്ചു പണം മാത്രമാണ് പിന്‍വലിക്കാനാവുക. കാശ് പിന്‍വലിക്കാനാവാത്തതിനാല്‍ തന്റെ കട അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നാണ് സാലി പറയുന്നത്. 

തന്റെ നിക്ഷേപത്തിലുള്ള അമ്പതിനായിരം ഡോളര്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് തോക്കും ഗ്രനേഡുമായി എത്തിയ സാലി ആദ്യമേ ജീവനക്കാരെ ബന്ദികളാക്കി. ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ഇയാള്‍, തന്റെ പണം തിരിച്ചു തന്നില്ലെങ്കില്‍, സ്വയം തീകൊളുത്തി മരിക്കുമെന്നും ഭീഷണിപ്പെടുത്തി. അതോടെ, സാലിയുടെ നിക്ഷേപത്തിന്റെ പകുതി ജീവനക്കാര്‍ക്ക് കൊടുക്കേണ്ടി വന്നു. ഈ പണം കിട്ടിയില്ലെങ്കില്‍, സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാനാവതെ കട പൂട്ടേണ്ടിവരുമെന്ന് പറഞ്ഞാണ് ഇയാള്‍ കാശ് തിരികെ വാങ്ങിയത്. 

ഇതിനു പിന്നാലെയാണ്, ബാങ്ക് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് സാലി നല്‍കിയ തുക തിരിച്ചു നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അവര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് സാലിയെ ജയിലിലടച്ചു. തുടര്‍ന്ന് താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന് വ്യക്തമാക്കി സാലി ജയിലില്‍ നിരാഹാരം ആരംഭിച്ചു. 

സാലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ രാഷ്ട്രം സ്വീകരിച്ച നടപടി അട്ടിമറിക്കുകയാണ് സാലി ചെയ്തതെന്നും ഇത് ഭീകരപ്രവര്‍ത്തനമാണെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ കൂടി ഈ മാര്‍ഗം സ്വീകരിച്ച് ബാങ്കിലെത്തിയാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാവുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനയും കോടതിയെ സമീപിച്ചു. സാലിയുടെ നടപടി മറ്റുള്ളവര്‍ അനുകരിക്കുമെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. 

എന്നാല്‍, സാലിക്ക് പിന്തുണയുമായി ബാങ്ക് നിക്ഷേപകരുടെ സംഘടന രംഗത്തുവന്നു. സാലിയല്ല കുറ്റം ചെയ്തതെന്നും സ്വന്തം പണം സാലിക്ക് തിരികെ നല്‍കാത്ത അധികൃതരാണ് കുറ്റവാളികളെന്നും നിക്ഷേപക സമിതി പ്രസിഡന്റും സാലിയുടെ അഭിഭാഷകയുമായ ദിന അബു സൗര്‍ പറഞ്ഞു. ബാങ്കുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അതിനെതിരായ സ്വാഭാവിക പ്രതിഷേധമാണ് സാലി നടത്തിയതെന്നും അവര്‍ പറഞ്ഞു. 

അതിനിടെ, രാജ്യമെങ്ങും സാലിക്ക് അനുകൂലമായി ആയിരങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെങ്ങും സാലി ഒരു വീരനായകനെപ്പോലെ ആദരിക്കപ്പെടുന്നതായി അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു. 

click me!