
പ്രായം കുറക്കാൻ വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ച കോടീശ്വരനെ കുറിച്ച് അനേകം വാർത്തകൾ വന്നിട്ടുണ്ട്. ബ്രയാൻ ജോൺസൺ എന്ന 46 -കാരന്റെ ജീവിതരീതിയും ചെറുപ്പം കൈവരിക്കാൻ അയാൾ നടത്തുന്ന ചികിത്സകളും ഒക്കെ ചർച്ചയായിരുന്നു. എന്നാൽ, ഇയാൾക്കെതിരെ മുൻ പങ്കാളി കേസ് കൊടുത്തതാണ് ഇപ്പോൾ വാർത്തയാവുന്നത്.
വാനിറ്റി ഫെയർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ബ്രയാന്റെ മുൻ പങ്കാളി നടിയും കണ്ടന്റ് ക്രിയേറ്ററുമായ ടാറിൻ സതേൺ ആരോപിക്കുന്നത് തനിക്ക് സ്തനാർബുദം ആണെന്നറിഞ്ഞപ്പോൾ ബ്രയാൻ തന്നെ ഉപേക്ഷിച്ച് പോയി എന്നാണ്. അതുപോലെ ബ്രയാൻ അയാളുടെ സൗകര്യത്തിനായി തന്നെ കൊണ്ട് ജോലി രാജി വയ്പ്പിച്ചു. അവസാനം യാതൊരു സാമ്പത്തിക പിന്തുണയുമില്ലാതെ തന്നെ ഉപേക്ഷിച്ചു കളഞ്ഞു എന്നും അവർ ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തന്നെ ബ്രയാൻ നിഷേധിച്ചു.
പീപ്പിൾ മാഗസിൻ പറയുന്നതനുസരിച്ച്, സതേൺ 2016 -ലാണ് ജോൺസണുമായി ഡേറ്റിംഗ് ആരംഭിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ തന്നെ തന്നെ മിസ്സിസ് ജോൺസൺ എന്ന് അവളെ കുറിച്ച് പറഞ്ഞു തുടങ്ങി. 2018 -ൽ, വിവാഹനിശ്ചയം കഴിഞ്ഞു. പിന്നീട്, ഇരുവരും ഒരുമിച്ച് കാലിഫോർണിയയിൽ താമസം തുടങ്ങി. ബ്രയാൻ തന്നെ ജീവിതാവസാനം വരെ സാമ്പത്തികമായും ആരോഗ്യപരമായും നോക്കി കൊള്ളാമെന്ന് വാക്ക് നൽകിയിരുന്നു എന്ന് സതേൺ പരാതിയിൽ പറയുന്നു.
അവൾ ജോലി ഉപേക്ഷിച്ചത് ബ്രയാന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതിന് വേണ്ടിയാണ്. പിന്നീട് അവൾക്ക് സ്റ്റേജ് ത്രീ കാൻസറാണ് എന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് അവളെ ബ്രയാൻ ഉപേക്ഷിക്കുന്നത് എന്ന് അവളുടെ അഭിഭാഷകൻ പറയുന്നു. കീമോതെറാപ്പി നടന്നു കൊണ്ടിരിക്കെയാണ് അവളോട് തന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ബ്രയാൻ ആവശ്യപ്പെട്ടത് എന്നും അഭിഭാഷകൻ ആരോപിച്ചു.
2021 ഒക്ടോബറോടെ അവളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കാൻ സതേൺ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നാലെയാണ് കേസ് കൊടുക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം