
ഇന്ന് പല സ്ഥാപനങ്ങളിലും വളരെ മോശമായ തൊഴിൽ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ കൂടുതൽ സമയം വേതനമില്ലാതെ തന്നെ ജോലി ചെയ്യേണ്ടി വരുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും എല്ലാം പെടും. പലരും ഇത്തരം സാഹചര്യത്തിൽ ആശിച്ചുമോഹിച്ചു കിട്ടിയതായിട്ട് പോലും ജോലി രാജിവച്ചു പോകാറുണ്ട്. സ്വന്തം സ്വപ്നവും കഠിനാധ്വാനവും എല്ലാം പോയി എന്ന് തോന്നുന്ന അവസ്ഥയിലും സഹിക്കാനാവാതെ ജോലി വേണ്ടെന്ന് വച്ച് പോകുന്നവരേയും ഒരുപാട് കാണാം.
എന്തായാലും, ജോലിക്ക് കയറി പിറ്റേദിവസം തന്നെ രാജിവച്ചതിനെ കുറിച്ചുള്ള ഒരാളുടെ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ റിപ്പോർട്ടിംഗ് മാനേജർ തന്നെ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ നിർബന്ധിച്ചു, അതും ഓവർ ടൈം പേയ്മെന്റ് നൽകാതെ. മാത്രമല്ല, വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ കളിയാക്കി എന്നും ഇയാൾ തന്റെ പോസ്റ്റിൽ പറയുന്നു.
അസോസിയേറ്റ് പ്രൊഡക്ട് ഡിസൈനറായിട്ടാണ് യുവാവ് ജോലിയിൽ പ്രവേശിച്ചത്. ശമ്പളം കുറവാണെങ്കിലും തനിക്ക് എക്സ്പീരിയൻസ് ആകുമല്ലോ എന്നും ഫ്രീ സമയങ്ങളിൽ തന്റെ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാമല്ലോ എന്നും കരുതിയാണ് ഓഫർ സ്വീകരിച്ചത്. എന്നാൽ, ബോസിന്റെ പെരുമാറ്റം കാരണം പിറ്റേന്ന് തന്നെ ജോലി ഉപേക്ഷിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്.
പിന്നീട്, കാരണങ്ങളെല്ലാം വിശദമായി പറഞ്ഞുകൊണ്ട് രാജിക്കത്ത് അയച്ചു. അതിന് ബോസ് മറുപടിയും നൽകി. തങ്ങളുടെ രണ്ടുപേരുടെയും പ്രതീക്ഷകൾ രണ്ട് തരത്തിലുള്ളതാണ് എന്നായിരുന്നു ബോസിന്റെ പ്രതികരണം. എന്തായാലും, ഒരു ദിവസം ജോലി ചെയ്തതിന്റെ ശമ്പളം നൽകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ടത്രെ.
എന്തായാലും, സ്വന്തം കാര്യങ്ങൾ കൂടി നോക്കാനുള്ള സൗകര്യവും സമയവും നമുക്ക് ആവശ്യമുണ്ട്. അത് വളരെ പ്രധാനമാണ്. അക്കാര്യം ബോസിനെ ബോധ്യപ്പെടുത്താനായി എന്നാണ് യുവാവ് പ്രതീക്ഷിക്കുന്നത്. ഒപ്പം, മറ്റുള്ളവരോടും സ്വന്തം ക്ഷേമത്തിന് പ്രാധാന്യം നൽകണമെന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് കമന്റ് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം