
വാർദ്ധക്യകാലത്ത് പോലും തങ്ങളുടെ ചെറിയ വരുമാനം മക്കൾക്കായി നീക്കിവെച്ച് ഒതുങ്ങി ജീവിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ തീർച്ചയായും ഹരിയാന സ്വദേശിയായ ഈ മനുഷ്യനെ പരിചയപ്പെടണം. തൻറെ സമ്പാദ്യത്തിൽനിന്ന് ഒരു നാണയത്തുട്ടുപോലും മക്കൾക്ക് കൊടുക്കില്ല എന്ന് തീരുമാനിച്ചുറച്ച് വിശ്രമജീവിതം ആഘോഷമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ധരംവീർ.
തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. തൻറെ സമ്പാദ്യങ്ങൾ ഒന്നും കുട്ടികളുടെ ഭാവിക്കായി നീക്കിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർക്കു വേണ്ടത് അവർ സ്വയം കണ്ടെത്തട്ടെ എന്നുമായിരുന്നു വീഡിയോയിൽ അദ്ദേഹം പറഞ്ഞത്. ഒപ്പം റിട്ടയർമെൻറ് ലൈഫ് സ്വസ്ഥതയോടെയും സമാധാനത്തോടെയും ചെലവഴിക്കാനാണ് സമ്പാദ്യം ഉപയോഗിക്കാൻ പോകുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
ഒരു ആഡംബര സിമ്മിങ് പൂളിൽ സന്തോഷകരമായി സമയം ചെലവഴിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോ ഷൂട്ട് ചെയ്തത്. തങ്ങളെത്തന്നെ എങ്ങനെ പോറ്റണമെന്ന് തന്റെ മക്കൾ പഠിക്കണമെന്നും, എന്തുകൊണ്ടാണ് അവർക്ക് സ്വന്തമായി സമ്പന്നരാകാൻ കഴിയാത്തതെന്നും അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. തന്റെ ജീവിതകാലം മുഴുവൻ താൻ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ തന്റെ അധ്വാനത്തിന്റെ ഫലം ആസ്വദിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറയുന്നു. തന്റെ കുട്ടികളും സ്വയം പര്യാപ്തതയുടെ ആനന്ദം അനുഭവിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ നിരവധി ആളുകൾ ധരംവീറിന് പിന്തുണ അറിയിച്ചുകൊണ്ട് വളരെ നല്ല തീരുമാനം എന്ന് അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാമിൽ സജീവമായ ധരംബീറിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇതിനുമുൻപും അദ്ദേഹത്തിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിട്ടുണ്ട്.