പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം നന്നാക്കണം, പൊലീസ് ഔട്ട്‍പോസ്റ്റിൽ ലൈബ്രറി!

By Web TeamFirst Published Oct 26, 2021, 8:52 AM IST
Highlights

ഹമീദ് പ്രദേശം ചുറ്റി സഞ്ചരിച്ച് വള്ളിയൂർ, പനഗുടി പ്രദേശങ്ങളിൽ 'പുസ്തക ഹണ്ടിയലുകൾ' എന്ന് വിളിക്കുന്ന ഇവ സ്ഥാപിച്ചു. അതിലേക്ക് സന്നദ്ധരായ വ്യക്തികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. താമസിയാതെ തന്നെ ഒരു ലൈബ്രറിക്ക് വേണ്ടുന്ന അത്രയും പുസ്തകങ്ങള്‍ ഇതിലേക്ക് വന്നു. 

പൊലീസും(police) ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനായി പൊലീസ് സ്റ്റേഷനുകൾ പലപ്പോഴും പല പദ്ധതികളും നടപ്പിലാക്കാറുണ്ട് അല്ലേ? ജനമൈത്രി എന്ന പേര് തന്നെ വന്നത് അങ്ങനെയാണ്. എന്നാൽ, തമിഴ്നാട്ടിലെ(Tamil Nadu) ഒരു പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് ഇങ്ങനെ നടപ്പിലാക്കിയത്. അത് എന്താണ് എന്നല്ലേ? വള്ളിയൂർ(Valliyur) ബസ് സ്റ്റാൻഡിനുള്ളിലെ പൊലീസ് ഔട്ട്‌പോസ്റ്റിനോട് ചേർന്ന് കൃത്യമായി ക്രമീകരിച്ച ഒരു ലൈബ്രറിയുണ്ട്. ഒക്‌ടോബർ 21 -നാണ് ഈ ലൈബ്രറിയുടെ ഉദ്ഘാടനം നടന്നത്. 4500 -ഓളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. 

ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദാണ് ഈ പൊലീസ് ലൈബ്രറിയുടെ പിന്നിൽ പ്രവർത്തിച്ചത്. അക്ഷരങ്ങളുടെ വെളിച്ചത്തിന് ആളുകളുടെ ഹൃദയത്തിലേക്കുള്ള വഴി തെളിക്കാനും ജനങ്ങളും പൊലീസും തമ്മിലുള്ള തകർന്ന ബന്ധം നന്നാക്കാനും കഴിയുമെന്ന് അദ്ദേഹം കരുതുന്നു. നാല് മാസം മുമ്പ് വള്ളിയൂർ സ്റ്റേഷനിൽ ജോലിക്ക് കയറിയപ്പോഴാണ് ഹമീദിന് ഈ ആശയം തോന്നിയത്. അങ്ങനെയാണ് അത് നടപ്പിലാക്കുന്നത്.

ഹമീദ് പ്രദേശം ചുറ്റി സഞ്ചരിച്ച് വള്ളിയൂർ, പനഗുടി പ്രദേശങ്ങളിൽ 'പുസ്തക ഹണ്ടിയലുകൾ' എന്ന് വിളിക്കുന്ന ഇവ സ്ഥാപിച്ചു. അതിലേക്ക് സന്നദ്ധരായ വ്യക്തികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. താമസിയാതെ തന്നെ ഒരു ലൈബ്രറിക്ക് വേണ്ടുന്ന അത്രയും പുസ്തകങ്ങള്‍ ഇതിലേക്ക് വന്നു. വള്ളിയൂരിന്റെ മധ്യഭാഗത്തായി സമീപ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറി യുവാക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രദേശവാസിയായ എഡ്വിൻ ജോസ് പറഞ്ഞു. 

“എന്നാൽ ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, പുസ്തകങ്ങൾ കടം വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ കയറാൻ ഭയപ്പെടുന്നു. എന്നിരുന്നാലും, ഇത് ഒരു പൊതു സ്ഥലത്താണെങ്കിൽ, അവർക്ക് അത് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും” ഈ സ്ഥലം മറ്റ് പൊലീസ് ലൈബ്രറികളിൽ നിന്ന് വ്യത്യസ്തമായത് എന്തുകൊണ്ടാണെന്ന് ഹമീദ് പറഞ്ഞു. 

ലൈബ്രറിക്കുള്ളിൽ സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. വായനക്കാർക്കായി 20 സീറ്റുകളുമുണ്ട്. ഇ-ബുക്കുകൾക്കായി കമ്പ്യൂട്ടറുകൾ ഉണ്ട്. എന്തായാലും ഹമീദിന്റെ ആശയത്തിൽ പിറന്ന ഈ ലൈബ്രറി ആളുകളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധിയാളുകളാണ് പൊലീസിന്റെ ഭാ​ഗത്തു നിന്നുമുള്ള ഈ വേറിട്ട പദ്ധതിയെ പ്രശംസിച്ചത്. 

click me!