'പതിനഞ്ച് വയസ്സുവരെ പുറംലോകത്തെ കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു, അങ്ങനെയാണ് അതിനുള്ളില്‍ കഴിഞ്ഞത്'

By Web TeamFirst Published Sep 10, 2019, 4:49 PM IST
Highlights

നോക്കാനേല്‍പ്പിച്ചവര്‍ അവരെ നിരന്തരം ശിക്ഷിച്ചിരുന്നു. അവരുടെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ചു. കത്തിച്ചുവെച്ച മെഴുകുതിരികള്‍ക്ക് മുകളില്‍ കൈവെച്ചു പൊള്ളിച്ചു. 

പ്രത്യേകതരം ആരാധനാശൈലി പിന്തുടരുന്ന ഒരു സംഘം... അതിന്‍റെ സ്ഥാപകയാവട്ടെ യേശുവിന്‍റെ പുനര്‍ജന്മമാണ് താന്‍ എന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീ. മയക്കുമരുന്നു കൊടുത്തും മറ്റും അവര്‍ തന്‍റെ കള്‍ട്ട് ഗ്രൂപ്പിലേക്ക് ആളുകളെയെത്തിച്ചു. അവിടെയുള്ള കുട്ടികളെ പുറംലോകത്തോട് ഒന്നും മിണ്ടരുതെന്ന് ചട്ടം കെട്ടി ആ പ്രത്യേകതരം ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു. വെള്ളത്തില്‍ മുക്കിയും മെഴുകുതിരി കൊണ്ട് പൊള്ളിച്ചും അവരെ അവര്‍ 'അനുസരണ' പഠിപ്പിച്ചു. 

തന്‍റെ പതിനഞ്ചാമത്തെ വയസ്സ് വരെ ബെന്‍ ഷെന്‍റണ്‍ ജീവിച്ചത് ആ ഒരു പ്രത്യേക ലോകത്തായിരുന്നു. ലോകമവസാനിച്ചെങ്കിലെന്ന് തോന്നിപ്പോയ കാലം. എന്നാല്‍, പതിനഞ്ചാമത്തെ വയസ്സില്‍ ഒരു ദിവസം പൊലീസ് അവന്‍റെ താമസസ്ഥലത്തെത്തുകയും അവനേയും കൂടെയുണ്ടായിരുന്നു കുട്ടികളേയും മോചിപ്പിക്കുകയും ചെയ്തു. 

ഓസ്ട്രേലിയയിലെ തടാകമായ എൽഡൺ തീരത്തായിരുന്നു അവരുടെ വീട്. നിറയെ പലതരം ചെടികള്‍, അതിനിപ്പുറം മുള്ളുവേലികൾ കൊണ്ട് ചുറ്റപ്പെട്ടിരുന്നു ആ വീട്... പുറത്തുള്ള മറ്റൊരാളോടും ബന്ധമില്ലാത്തപോലെ ആ വീട് നിന്നു. അവിടെ അവര്‍ ബെന്‍ അടക്കം ഏഴ് കുട്ടികളുണ്ടായിരുന്നു. ഒരുപോലെയുള്ള വസ്ത്രങ്ങളും ഹെയര്‍കട്ടുകളുമുള്ള കുട്ടികള്‍... അതിരാവിലെ എഴുന്നേറ്റ് ഹതയോഗ പരിശീലനം പൂർത്തിയാക്കുകയായിരുന്നു അവര്‍. പെട്ടെന്ന് യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ മുറിയിലേക്ക് കയറി. നിമിഷനേരങ്ങള്‍ കൊണ്ട് ആ അഞ്ച് ഏക്കർ സ്ഥലത്ത് നിന്ന് അവരേയും കൊണ്ട് അവര്‍ യാത്രയായി... അന്നുമുതല്‍, ബെന്നിന്‍റെ ലോകം മാറി ജീവിതവും.

ബെന്‍ ഷെന്‍റണ് അതുവരെ പരിചയമില്ലാത്തൊരു ജീവിതത്തിലേക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു അത്. 1987 ഓഗസ്റ്റിലെ ആ നിമിഷം വരെ, അദ്ദേഹത്തിന്റെ ലോകമെന്നാല്‍ ഗ്ലാമറസ് ആയ, കരിസ്മാറ്റിക് യോഗ പരിശീലകയായ ആൻ ഹാമിൽട്ടൺ ബൈറൺ എന്ന സ്ത്രീയുടെ ചിട്ടപ്രകാരമായിരുന്നു. 1960 -കളുടെ അവസാനത്തിൽ, 'ദ ഫാമിലി' എന്ന കള്‍ട്ട് ഗ്രൂപ്പില്‍ (ആരാധനാ ഗ്രൂപ്പില്‍) ചേരാൻ അവര്‍ അനുയായികളെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. യേശുക്രിസ്തുവിന്റെ പുനർജന്മമാണ് ആന്‍ എന്നും ഈ ലോകത്തുള്ളവരെ ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടെന്നും അങ്ങനെ ദ ഫാമിലിയിലുള്ള അംഗങ്ങൾ വിശ്വസിച്ചു.

ആനും ഭര്‍ത്താവും 1993 -ല്‍ മെല്‍ബോണിലെ കോടതിയിലെത്തിയപ്പോള്‍

ബെന്നിനേയും കൂടെയുള്ള മറ്റുകുട്ടികളെയും വിശ്വസിപ്പിച്ചിരുന്നത് ആന്‍ അവരുടെ അമ്മയാണ് എന്നായിരുന്നു. അങ്ങനെതന്നെ അവര്‍ വിശ്വസിക്കുകയും ചെയ്തു. പുറത്ത് നിന്നുള്ള ആരോടും സംസാരിക്കരുതെന്നും ഇടപഴകരുതെന്നും ഈ കുട്ടികള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. തടാകക്കരയിലെങ്ങാന്‍ ആരെയെങ്കിലും കണ്ടുപോയാല്‍ പോലും അവരോട് സംസാരിക്കരുതെന്നും എന്താണ് അവരുടെ വീട്ടില്‍ സംഭവിക്കുന്നത് എന്ന് വിട്ടുപറയരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. 'ദ ഫാമിലി' -ക്ക് പുറത്തുള്ളവരോട് ഈ കുട്ടികളൊന്നും തന്നെ വെളിപ്പെടുത്തിന്നില്ലായെന്ന് ആനും സംഘവും ഉറപ്പ് വരുത്തിയിരുന്നു. മാത്രമല്ല, ബെന്നടക്കമുള്ളവര്‍ അറിയാതെ പോലും ആരോടും ഒന്നും പറയാതിരിക്കാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തി. 

കുറച്ചുപേര്‍ അവിടെ ബെന്നിനേയും മറ്റു കുട്ടികളേയും പരിചരിക്കാനുണ്ടായിരുന്നു. ഡോര്‍മിറ്ററി ശൈലികളുള്ള മുറികളിലായിരുന്നു കുട്ടികളുടെ ഉറക്കം. രാവിലെ അഞ്ച് മണിക്കുണര്‍ന്നാല്‍ അവര്‍ എന്നും ഒരേപോലുള്ള കാര്യങ്ങള്‍ ചെയ്തു. യോഗ, ധ്യാനം, പാഠങ്ങള്‍, യോഗ, ധ്യാനം, ഗൃഹപാഠം, ഉറക്കം... ഇങ്ങനെ... 

അവര്‍ക്ക് കഴിക്കാന്‍ ലഭിച്ചിരുന്നത് വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു. നോക്കാനേല്‍പ്പിച്ചവര്‍ അവരെ നിരന്തരം ശിക്ഷിച്ചിരുന്നു. അവരുടെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ചു. കത്തിച്ചുവെച്ച മെഴുകുതിരികള്‍ക്ക് മുകളില്‍ കൈവെച്ചു പൊള്ളിച്ചു. ആനും യാത്രയിലല്ലാത്ത സമയത്ത് അവരെ അടിച്ചിരുന്നു. 'അത് കണ്ടിരുന്നാല്‍ പോലും നമ്മുടെയുള്ളില്‍ മായാത്ത വടുക്കളവശേഷിക്കും. ഞങ്ങളെല്ലായ്പ്പോഴും ഭയത്തിലാണ് കഴിഞ്ഞിരുന്നത്' എന്നും ബെന്‍ പറയുന്നു. കള്‍ട്ട് അംഗങ്ങളെ നിയന്ത്രിക്കാനായി ആന്‍ ഉപയോഗപ്പെടുത്തിയത് മയക്കുമരുന്നായിരുന്നു. മൊഗാഡോൺ, വാലിയം തുടങ്ങിയ മരുന്നുപയോഗിച്ച് കുട്ടികളുടെ ഉറക്കം വരെ അവര്‍ നിയന്ത്രണത്തിലാക്കി. മുതിർന്നവര്‍ക്കും കൗമാരക്കാര്‍ക്കും നല്‍കിയത്  എല്‍ എസ് ഡി ആയിരുന്നു. അതെടുക്കാന്‍ ആന്‍ അവരെ നിർബന്ധിതരാക്കി. ഇതിലൂടെ തനിക്ക് അനുയായികളുടെ ഭക്തി ശക്തിപ്പെടുത്താൻ കഴിയുമെന്നും ആന്‍ കരുതി.

'ഞങ്ങള്‍ക്ക് മറ്റുമാര്‍ഗ്ഗങ്ങളില്ലായിരുന്നു' എന്നാണ് ബെന്‍ പറയുന്നത്. അത്രയും വലിയ ഭയത്തിലൂടെയാണ് അന്ന് ബെന്നും കൂടെയുള്ളവരും കടന്നുപോയത്. എന്നാല്‍, പൊലീസ് എത്തിയതോടെ ബെന്നിന്‍റേയും മറ്റ് കുട്ടികളുടേയും ജീവിതം മാറി. പൊലീസ് വന്ന ആ ദിവസമാണ് ജീവിതത്തിലാദ്യമായി ഞാന്‍ സ്വതന്ത്രനാണെന്ന് തോന്നിയത് എന്ന് ബെന്‍ പറയുന്നു. അതുവരെ ആരോടും ഒന്നും പറയാതിരുന്ന ബെന്‍ അന്നാണ് എല്ലാം വെളിപ്പെടുത്തിയത്. ഇനിയൊരിക്കലും തനിക്ക് ആനിന്‍റെ അടുത്തേക്ക് തിരികെ പോകേണ്ടി വരില്ല എന്ന ഉറപ്പിന്മേലായിരുന്നു അത്. 

അതുവരെ പുറത്തറിയാതിരുന്ന സത്യം
പൊലീസ് വരുന്നതുവരെ ബെന്‍ കരുതിയിരുന്നത് ആന്‍ തന്‍റെ അമ്മ ആണ് എന്നും കൂടെയുള്ളത് സഹോദരങ്ങളാണ് എന്നുമാണ്. എന്നാല്‍, ആന്‍ തന്‍റെ അമ്മയല്ലെന്നും അവരൊന്നും ആനിന്‍റെ മക്കളല്ലെന്നും ബെന്‍ മനസിലാക്കി. അവരെ പരിചരിക്കാനുണ്ടായിരുന്നവരിലൊരാളായ ജോയ് -യുടെ മകനായിരുന്നു ബെന്‍. അതുപോലെ മറ്റുകുട്ടികളും അവരിലാരുടെയെങ്കിലുമൊക്കെ മക്കളോ ദത്തെടുത്തവരോ ആയിരുന്നു. ബെന്നിന് 14 വയസ്സല്ല, 15 വയസ്സായിരുന്നു പ്രായം. അവനതുവരെ വിശ്വസിച്ചതുപോലെ ആന്‍ ക്രിസ്തുവിന്‍റെ പുനര്‍ജന്മം അല്ലെന്നും അവന്‍ തിരിച്ചറിഞ്ഞു. 

പിന്നീട്, സ്കൂളിലെത്തിയപ്പോഴും ബെന്നിന് ആരോടും ചേര്‍ന്നുപോകാനായില്ല. കാരണം, അതുവരെ അവന്‍റെ ജീവിതം വേറൊരുതരത്തിലായിരുന്നല്ലോ. മറ്റുകുട്ടികള്‍ പറയുന്നതോ ഒന്നും അവന് മനസിലായില്ല. അവന്‍റെ ലോകത്ത് അതൊന്നുമില്ലായിരുന്നു. പലതും അവന് അറിയാത്ത കാര്യങ്ങളായിരുന്നു. അതുകൊണ്ട് അവനെപ്പോഴും ഒറ്റപ്പെട്ടു. അങ്ങനെ എന്നും അവന്‍ വിഷാദത്തിലായി, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. കണ്ണീരൊഴുക്കി. ഒടുവില്‍ ടീച്ചറാണ് അവനോട് പറയുന്നത്, വിഷമിക്കരുത്. സമയമെടുത്തേ ഇതൊക്കെ ശരിയാവൂ. ചുറ്റുമുള്ളവരുമായി എങ്ങനെ ഇടപഴകാമെന്നത് മെല്ലെ മെല്ലെ പഠിക്കണം. ആ ഉപദേശം അവന്‍ പ്രാവര്‍ത്തികമാക്കി. മറ്റുള്ളവരെങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിപ്പഠിച്ചു. എല്ലാം വിശകലനം ചെയ്തു. പയ്യെപ്പയ്യെ, സാധാരണ ഒരാള്‍ നയിക്കുന്ന ജീവിതത്തിലേക്ക് എത്തിത്തുടങ്ങി ബെന്‍.

ബെന്‍ അന്നും ഇന്നും

ബെന്‍ വിവാഹിതനായി. ഇന്ന്, 18 ഉം 20 ഉം വയസ്സുള്ള മക്കളുണ്ട് ബെന്നിന്. ഐ ബി എമ്മിലാണ് ജോലി. തന്‍റെ അമ്മയുടെ അമ്മയെ അവന്‍ ഇടയ്ക്കടയ്ക്ക് സന്ദര്‍ശിക്കാറുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ജോയ് ആണ് തന്‍റെ അമ്മ എന്നറിഞ്ഞിരുന്നു. അന്ന് ജോയ് ബെന്നിനോട് തനിക്ക് അവനോട് യാതൊരു ബന്ധവുമില്ലെന്നും എന്‍റെ വാതിലില്‍ മുട്ടിയിട്ട് കാര്യമില്ല ഞാനത് തനിക്ക് നേരെ കൊട്ടിയടക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, 2006 -ല്‍ ഒരിക്കല്‍ ആക്സമികമായി ബെന്നും ജോയിയും ഒരേസമയം ബെന്നിന്‍റെ മുത്തശ്ശിയുടെ അരികിലെത്തി. അപ്പോഴേക്കും പള്ളിയിലൊക്കെ പോകാന്‍ തുടങ്ങിയ ബെന്‍ ക്ഷമിക്കാന്‍ പഠിച്ചിരുന്നു. അവന്‍ അമ്മയോട് ക്ഷമിച്ചു.

കള്‍ട്ടിന്‍റെ സ്ഥാപകയായ ആനുമായി ജോയ് അപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ടായിരുന്നു. 2012 -ല്‍ ആനിനെ കാണാന്‍ തനിക്കൊപ്പം വരാമോ എന്ന് ജോയ് ബെന്നിനോട് ചോദിച്ചു. ആന്‍ ആ സമയത്ത് ഒരു കെയര്‍ ഹോമില്‍ താമസിക്കുകയായിരുന്നു ഓര്‍മ്മക്കുറവിന് ചികിത്സയിലായിരുന്നു അവര്‍. മൂന്നു കുട്ടികളുടെ വ്യാജപേപ്പറുകള്‍ ഉണ്ടാക്കിയതിന് 5000 ഡോളര്‍ പിഴ മാത്രമായിരുന്നു അവള്‍ക്ക് ലഭിച്ച ശിക്ഷ. മറ്റൊന്നിനും മതിയായ തെളിവുകളുണ്ടായിരുന്നില്ല. ഏതായാലും പെട്ടെന്നുണ്ടായൊരു ജിജ്ഞാസയുടെ പുറത്ത് ജോയ്ക്കൊപ്പം ചെന്ന ബെന്നിനെ ആന്‍ തിരിച്ചറിഞ്ഞില്ല. അന്ന് ആനിന്‍റെ അടുത്ത് കണ്ട ഒരു ആല്‍ബത്തില്‍ ബെന്‍ തന്‍റെയടക്കം കുട്ടിക്കാലത്തെ ചിത്രങ്ങള്‍ കണ്ടു. ആനിനെ അവസാനമായി ബെന്‍ കണ്ടത് അന്നായിരുന്നു. ഈ വര്‍ഷം 97 -ാമത്തെ വയസ്സില്‍ ആന്‍ മരിച്ചു. അവരുടെ മരണത്തില്‍ വല്ലാതെ സന്തോഷിക്കാന്‍ താനില്ലെന്നും ആന്‍ അവരുടേതായ ഏതോ ലോകത്തായിരുന്നുവെന്നും ബെന്‍ പറയുന്നു. 

പക്ഷേ, അന്ന് തന്നോടൊപ്പമുണ്ടായിരുന്ന പലര്‍ക്കും അന്നത്തെ അനുഭവം നല്‍കിയ വേദനകളില്‍ നിന്ന് പുറത്തുകടക്കാനായിട്ടുണ്ടാകില്ല. താന്‍ എത്രയോ ഭാഗ്യവാനാണ് അതിലെന്നും ബെന്‍ പറയുന്നുണ്ട്. ആരാധന, ഏകാധിപത്യ സംഘടനകൾ, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി ബെന്‍ 'റെസ്ക്യൂ ദ ഫാമിലി' (Rescue the Family) എന്ന വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. കൾട്ട് ചിന്തയുടെ അപകടങ്ങളെക്കുറിച്ച് കുട്ടിക്കാലം മുതലുണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്ന 'ലൈഫ് ബിഹൈൻഡ് ദി വയർ' (Life Behind the Wire) എന്ന പുസ്തകവും ബെന്‍ എഴുതുന്നുണ്ട്. 

click me!