
യു പി -യിലെ സര്‍ക്കാര്‍ സ്കൂളില്‍ ഉപ്പുമാത്രം കൂട്ടി ചപ്പാത്തി കഴിക്കുന്ന കുഞ്ഞുങ്ങളുടെ വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. 100 കുട്ടികള്‍ പഠിക്കുന്ന മിര്‍സാപൂരിലെ ഒരു സ്കൂളിലെ കുട്ടികള്‍ ചപ്പാത്തി ഉപ്പില്‍ മുക്കിത്തിന്നുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അത് കവര്‍ ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതും വാര്‍ത്തയായിരുന്നു. ഇന്ത്യയിലെ വേറെ സംസ്ഥാനങ്ങളിലേയും വിദ്യാര്‍ത്ഥികളുടെ അവസ്ഥ ഏകദേശം സമാനമാണ് എന്ന് കാണിക്കുന്നതാണ് ഈ വാര്‍ത്തയും. ഇവിടെ വിദ്യാര്‍ത്ഥികള്‍ മഴ കൊള്ളാതിരിക്കാനായി കുടയും പിടിച്ചാണ് ക്ലാസിലിരിക്കുന്നത്.
ഒരു സ്കൂളിന് വേണ്ട അത്യാവശ്യം കാര്യങ്ങളിലൊന്നാണ് അടച്ചുറപ്പുള്ള സ്കൂള്‍ കെട്ടിടം. പക്ഷേ, ഇതുപോലെ പല സ്കൂളുകളിലേയും അവസ്ഥ ദയനീയമാണ്. ഝാർഖണ്ഡിലെ Murethakura ഗ്രാമത്തിലെ സ്കൂള്‍ കെട്ടിടത്തിന്‍റെ അവസ്ഥ വളരെ പരിതാപകരമാണ്. പേനയും പെന്‍സിലും മാത്രമല്ല കുടയും നിര്‍ബന്ധമായും കൂടെക്കരുതണം സ്കൂളില്‍ പോകുമ്പോള്‍. കനത്തുപെയ്യുന്ന മഴ സ്‍കൂള്‍ കെട്ടിടത്തെ ആകെ തകരാറിലാക്കിയിരിക്കുകയാണ്. മിക്ക ക്ലാസ്‍മുറികളും ചോര്‍ന്നൊലിക്കുന്നു. സ്കൂളിന്‍റെ പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കുന്നതിനു പകരം അധികൃതര്‍ കുട്ടികളോട് പറഞ്ഞിരിക്കുന്നത് കയ്യിലെപ്പോഴും കുട കരുതണം എന്നാണ്.
അധ്യാപകനായ രതി കാന്ത് പ്രധാന്‍ പറയുന്നത്, അപകടകരമായ അവസ്ഥയില്ലാതിരിക്കാനായി വൈദ്യുതി വരെ ഞങ്ങള്‍ ഓഫ് ചെയ്യുകയാണ് എന്നാണ്. സര്‍ക്കാരിനോട് ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അവരത് പരിഹരിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടി അദ്ദേഹം പറയുന്നു.
ഏഴ് ക്ലാസ്‍മുറികളാണ് സ്കൂളിലുള്ളത്. മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം അപകടാവസ്ഥയിലാണ്. ഈ മഴയും ചോര്‍ച്ചയും പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. അത് തങ്ങളുടെ പുസ്‍തകങ്ങളും മറ്റും നശിപ്പിക്കുന്നു. മേല്‍ക്കൂര തകര്‍ന്നിരിക്കുകയാണ് കുടയുമായാണ് ഞങ്ങള്‍ ക്ലാസിലിരിക്കുന്നത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കല്‍പ്പന പറയുന്നു. പ്രധാന്‍ പറയുന്നത് സ്കൂളില്‍ ആകെ 170 കുട്ടികളാണ് ഉള്ളത് അവരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട് എന്നാണ്.
സര്‍ക്കാരിന്‍റെ കീഴിലുള്ള സ്കൂളുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ ഇങ്ങനെയാവുന്നത് എന്ത് പരിതാപകരമാണ്. മഴ പെയ്യുന്ന നേരമെല്ലാം കുടചൂടി നില്‍ക്കേണ്ടത് എന്ത് ദുരവസ്ഥയാണ്. ഓരോ രക്ഷിതാവും ഈ കുഞ്ഞുങ്ങളെ സ്കൂളിലയക്കുന്നത് വിദ്യാഭ്യാസം അവര്‍ക്ക് അത്രയും പ്രധാനമാണ് എന്ന് മനസ്സിലായതുകൊണ്ടാവാം. ആ കുഞ്ഞുങ്ങളെ പോലും നല്ലൊരു കെട്ടിടത്തിലിരുത്തി പഠിപ്പിക്കാനാവാത്തത് കാണിക്കുന്നത് അധികൃതരുടെ അനാസ്ഥയല്ലാതെ എന്താണ്.