28 -ാം വയസിൽ അവളാ സത്യം തിരിച്ചറിഞ്ഞു, ദത്തുപുത്രിയായ താൻ ശരിക്കും ഒരു രാജകുമാരിയാണ്! അവിശ്വസനീയമായ ജീവിതകഥ!

By Web TeamFirst Published Jun 26, 2021, 2:43 PM IST
Highlights

ഒടുവിൽ വേരുകൾ തേടി തന്റെ നാട്ടിലേയ്ക്ക് യാത്ര തിരിക്കാൻ അവൾ തീരുമാനിച്ചു. എന്നാൽ, പ്രതീക്ഷിച്ച പോലെ വർണ്ണാഭമായിരുന്നില്ല ആ യാത്ര. തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അവളെ അവിടെ വരവേറ്റത്.

ദത്തുപുത്രിയായ സാറാ കൽ‌ബർ‌സൺ‌ 28 വയസ്സുള്ളപ്പോഴാണ് തന്റെ യഥാർത്ഥ മാതാപിതാക്കളെ തിരഞ്ഞ് ഇറങ്ങിയത്. അന്വേഷണത്തിന് ഒടുവിൽ താൻ ആഫ്രിക്കയിലെ ഒരു രാജകുടുംബത്തിൽ നിന്നാണ് എന്ന സത്യം അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു. രാജകൊട്ടരത്തിലേക്കുള്ള അവളുടെ അവിശ്വസനീയമായ ജീവിതയാത്രയുടെ കഥയാണ് ഇത്. സാറയുടെ ആദ്യ ജന്മദിനത്തിന് പിന്നാലെയാണ് വെസ്റ്റ് വിർജീനിയയിലുള്ള ജൂഡിയും ജിം കൽ‌ബെർ‌സണും അവളെ ദത്തെടുക്കുന്നത്. ആ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു, ലാറയും ലിനും. അവർ തങ്ങളുടെ കുഞ്ഞുസഹോദരിയെ സ്നേഹത്തോടെ സ്വീകരിച്ചു. വളരുന്തോറും താൻ തന്റെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തയാണെന്ന ചിന്ത ആഫ്രിക്കൻ വംശജയായ സാറയിൽ ശക്തമായി. താൻ എവിടെ നിന്നാണ് വന്നതെന്നും, തന്റെ മാതാപിതാക്കൾ ആരാണെന്നും അവൾ എപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നു.  

എന്നിരുന്നാലും ആ കുടുംബത്തെ അവൾ സ്നേഹിച്ചു. അവളെ കുടുംബവും. കാലം കടന്ന് പോയി. ചുരുണ്ട മുടിയും, ഇരുണ്ട നിറവും, നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു സുന്ദരിയായി അവൾ വളർന്നു. വെസ്റ്റ് വിർജീനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവൾ നാടകത്തിൽ ചുവടുറപ്പിച്ചു. പിന്നീട്, കാലിഫോർണിയയിലെ അമേരിക്കൻ കൺസർവേറ്ററി തിയേറ്ററിൽ ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദം നേടി. ഒരു നടിയും നർത്തകിയും പ്രഭാഷകയുമായി മാറി. വിജയത്തിന്റെ ഓരോ പടവുകൾ കയറുമ്പോഴും താൻ ആരാണെന്നും, എവിടെനിന്നുള്ളതാണെന്നുമുള്ള ചോദ്യങ്ങൾ അവളെ അലട്ടി. തന്റെ മാതാപിതാക്കൾ ആരാണെന്ന് അറിയാൻ അവൾക്ക് അതിയായ കൗതുകമുണ്ടായി. വർഷങ്ങളായി അവളുടെ ജീവിതത്തെ പിടിച്ചുലച്ച സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും ഒരു ഉത്തരം കണ്ടെത്താൻ ഒടുവിൽ അവൾ തീരുമാനിച്ചു.  

സാറ വളർത്തച്ഛനൊപ്പം‌

അങ്ങനെ 28 -ാമത്തെ വയസ്സിൽ തന്റെ കുടുംബത്തെ അന്വേഷിച്ച് അവളിറങ്ങി. സിയറ ലിയോണിലെ ബമ്പെയിലെ മെൻഡെ ഗോത്രത്തിൽ നിന്നുള്ളയാളാണ് താനെന്നും, ബമ്പെ ഗ്രാമത്തിലെ രാജകുമാരിയാണ് താനെന്നും അവൾ അറിഞ്ഞു. എന്നാൽ ദൗർഭാഗ്യത്തിന് അവളുടെ അമ്മ കാൻസർ പിടിപെട്ട് മരിച്ചിരുന്നു അപ്പോഴേക്കും. എന്നിരുന്നാലും അവളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹത്തെ ബന്ധപ്പെടാൻ അവൾ ആഗ്രഹിച്ചു. തന്നെ എന്തിനാണ് ഉപേക്ഷിച്ചത് എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് അവൾക്ക് തോന്നി. തുടർന്ന് കുടുംബത്തിന് അവൾ ഒരു കത്തെഴുതി. ഭാഗ്യവശാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവളുടെ അമ്മാവൻ അവളെ വിളിച്ചു. 'ഓ, സാറാ, നിന്നെ കണ്ടെത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നീ ആരാണെന്ന് നിനക്കറിയാമോ? നീ ഒരു രാജകുടുംബത്തിലേതാണ്. നിന്റെ മുത്തച്ഛൻ ഈ നാട് ഭരിച്ചിരുന്ന തലവനായിരുന്നു. നിന്നെ ഒരു രാജകുമാരിയായിട്ടാണ് ഇവിടത്തുകാർ കണക്കാക്കുന്നത്' അദ്ദേഹം അവളോട് പറഞ്ഞു. ഇത് കേട്ട് അവൾക്ക് അത്ഭുതവും, സന്തോഷവും തോന്നി.  

ഒടുവിൽ വേരുകൾ തേടി തന്റെ നാട്ടിലേയ്ക്ക് യാത്ര തിരിക്കാൻ അവൾ തീരുമാനിച്ചു. എന്നാൽ, പ്രതീക്ഷിച്ച പോലെ വർണ്ണാഭമായിരുന്നില്ല ആ യാത്ര. തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അവളെ അവിടെ വരവേറ്റത്. 2004 ലാണ് സിയറ ലിയോണിലെ ബമ്പെയിൽ അവൾ ആദ്യമായി കാല് കുത്തിയത്. വെളുത്ത മണൽ ബീച്ചുകൾക്ക് പേരുകേട്ട പശ്ചിമാഫ്രിക്കൻ രാജ്യത്തേക്കുള്ള ഒരു ഉല്ലാസയാത്രയായിരുന്നില്ല അത്. മറിച്ച്, ദുരിതത്തിൽ ആഴ്ന്ന് കിടക്കുന്ന ഒരു ജനതയുടെ തീരാനോവാണ് അവിടെ അവളെ എതിരേറ്റത്. കൈകാലുകൾ ഇല്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികൾ, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, കത്തിച്ചാമ്പലായ ഒരു ദുരന്തഭൂമിയായിരുന്നു അത്. ആ മണ്ണിൽ ഉയർന്നു പൊങ്ങിയ അശാന്തിയുടെ തീക്ഷ്ണത അവൾക്ക് അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തരാവുന്നതും, സ്വയം സുരക്ഷിതരാകാൻ പാടുപെടുന്നതും അവൾ കണ്ടു. രണ്ടുവർഷമായി ആ നാട്ടിൽ സമാധാനം പുലർന്നിട്ട്. എന്നിട്ടും പക്ഷേ ഇപ്പോഴും ആളുകൾ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്.


 
രണ്ട് വർഷം മുമ്പാണ്, സിയറ ലിയോണിലെ ഒരു ദശാബ്ദക്കാലത്തെ ക്രൂരമായ ആഭ്യന്തര യുദ്ധം അവസാനിച്ചത്. അതിന്റെ ബാക്കിപത്രമാണ് അവിടെ കാണുന്നതെല്ലാം. സർക്കാരിനെതിരെ പ്രചാരണം നടത്തുന്ന ഒരു വിമതസേന കുട്ടികളടക്കം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി, പലരുടെയും കൈകാലുകൾ വെട്ടിമാറ്റി. സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു. എന്നാൽ, കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്റെ മുത്തച്ഛന്റെയും മുതുമുത്തച്ഛന്റെയും കാല്പാടുകൾ പിന്തുടർന്ന് തന്റെ ജനതയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവൾ തീർച്ചപ്പെടുത്തു.  അവളുടെ തിരിച്ച് വരവ് ആ ജനത ആഘോഷമാക്കി. വർഷങ്ങൾക്ക് മുൻപ് കാണാതായ തങ്ങളുടെ രാജകുമാരിയെ കാണാനായി വൻ ജനാവലി തന്നെ അവിടെ തടിച്ച് കൂടി. അവരുടെ കണ്ണിൽ പ്രതീക്ഷ തളംകെട്ടി നിന്നു.

ഒരു അഭിനേത്രിയും നർത്തകിയുമായ സാറ, തന്റെ അത്തരം സ്വപ്നങ്ങൾ എല്ലാം മാറ്റിവച്ച് ജനങ്ങൾക്കായി പ്രവർത്തിക്കാൻ തീരുമാനിച്ചു. കെട്ടിടങ്ങൾ പുനഃസ്ഥാപിക്കുക, സുരക്ഷ ഉറപ്പാക്കുക, യുദ്ധത്തിൽ തകർന്ന ആളുകൾക്ക് പ്രതീക്ഷ നൽകുക ഇതെല്ലാം അവളുടെ ജീവിതലക്ഷ്യങ്ങളായി മാറി. അങ്ങനെ 2006 -ൽ അവളുടെ സഹോദരൻ ഹിന്ദോ ക്പോസോവയ്‌ക്കൊപ്പം, കൽ‌ബെർസൺ ക്പോസോവ ഫൗണ്ടേഷൻ അവൾ സ്ഥാപിച്ചു. ഫൗണ്ടേഷൻ ഇതുവരെ, സിയറ ലിയോണിലുടനീളം 12,000 -ത്തോളം ആളുകൾക്ക് കുടിക്കാനായി ഒൻപത് കിണറുകൾ സ്ഥാപിച്ചു. ആർത്തവ സമയത്ത് വീണ്ടും ഉപയോഗിക്കാവുന്ന പാഡുകൾ സ്ത്രീകൾക്ക് വിതരണം ചെയ്തു. സ്കൂൾ കെട്ടിടം പുനഃസ്ഥാപിച്ചു. ഇപ്പോൾ, ഫൗണ്ടേഷനിലൂടെ, സിൽ‌റ ലിയോണിലെ കൊവിഡ് -19 ന്റെ വ്യാപനം മന്ദഗതിയിലാക്കാൻ 'മാസ്ക് ഓൺ ആഫ്രിക്ക' എന്ന കാമ്പെയ്‌ൻ സാറ ആരംഭിച്ചിരിക്കുന്നു.

സാറ മായ ആഞ്ചലോയ്ക്കൊപ്പം
 

യു എസിലെ തന്റെ ആഡംബര ജീവിതം ഉപേക്ഷിച്ച്, സ്വന്തം ജനതയ്ക്ക് വേണ്ടി വെല്ലുവിളികൾ നിറഞ്ഞ പ്രശ്നസങ്കീർണമായ ഒരു ജീവിതം അവൾ തിരഞ്ഞെടുത്തിട്ട് ഇപ്പോൾ 16 വർഷം കഴിഞ്ഞിരിക്കുന്നു. അവളുടെ ഫൗണ്ടേഷന് ഇതിനോടകം നിരവധി കാര്യങ്ങൾ അവിടെ ചെയ്യാൻ സാധിച്ചു. അഭിനയത്തിലേക്കും നൃത്തത്തിലേക്കും മടങ്ങാൻ അവൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും, രാജകുമാരിയെന്ന നിലയിലുള്ള തന്റെ ജീവിതം ഉപേക്ഷിക്കാൻ അവൾ ഒരുക്കമല്ല. തന്നെ വിശ്വസിച്ച് കഴിയുന്ന ജനതയുടെ പ്രതീക്ഷയോളം, സ്നേഹത്തോളം വരില്ല തന്റെ ഒരു സ്വപ്നങ്ങളും എന്നവൾക്ക് പൂർണ ബോധ്യമുണ്ട് ഇന്ന്.  

(ചിത്രങ്ങൾ: ഫേസ്ബുക്ക്)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!