ഇടിമിന്നൽ എന്തുകൊണ്ടാണ് നേർരേഖയിൽ സഞ്ചരിക്കാത്തത്?

By Web TeamFirst Published Dec 4, 2022, 2:41 PM IST
Highlights

മിന്നൽ അടിസ്ഥാനപരമായി ഭൂമിയിലേക്ക് സഞ്ചരിക്കുമ്പോൾ ഏറ്റവും കുറഞ്ഞ പ്രതിരോധങ്ങൾ ഉള്ള പാത കണ്ടെത്താൻ ആണ് ശ്രമിക്കുക.

ഇടിമിന്നലിന്റെ ആകൃതി എന്താണ്? ഒറ്റവാക്കിൽ പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഇടത്തോട്ടും വലത്തോട്ടും മാറി മാറിയാണ് എപ്പോഴും ഇടിമിന്നലിന്റെ സഞ്ചാര പാത നമുക്ക് ആകാശത്ത് കാണാൻ കഴിയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സിഗ്സാഗ് പാറ്റേണിൽ. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടായിരിക്കാം ഇടിമിന്നൽ നേർരേഖയിൽ അല്ലാത്തത് എന്ന്. ഇങ്ങനെ സിഗ്സാഗ് പാറ്റേണിൽ ഇടിമിന്നൽ കാണപ്പെടാൻ ഒരു കാരണമുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

ജേണൽ ഓഫ് ഫിസിക്സ് ഡി: അപ്ലൈഡ് ഫിസിക്സിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ്
ഇടിമിന്നൽ എന്തുകൊണ്ടാണ് സിഗ്സാഗ് പാറ്റേണിൽ കാണപ്പെടുന്നതെന്നും എങ്ങനെയാണ് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നതെന്നും വിശദമാക്കിയിരിക്കുന്നത്.

നാഷണൽ ജിയോഗ്രാഫിക് പ്രകാരം ക്യുമുലോനിംബസ് മേഘങ്ങളും (ഇടിമേഘങ്ങൾ എന്നറിയപ്പെടുന്നു) ഭൂമിയും തമ്മിലുള്ള അസന്തുലിതാവസ്ഥ മൂലമോ അല്ലങ്കിൽ മേഘങ്ങൾക്കുള്ളിൽ തന്നെയുളള  അസന്തുലിതാവസ്ഥ കാരണമോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാർജാണ് മിന്നൽ. മിക്ക മിന്നലുകളും മേഘങ്ങൾക്കുള്ളിലാണ് സംഭവിക്കുന്നത്. ഇടിമിന്നലിന്റെ താപനില 30,000 ഡിഗ്രി വരെയാണ്. ഇത് വായുവിനെ വളരെയധികം ചൂടാക്കുന്നു.  

മിന്നൽ അടിസ്ഥാനപരമായി ഭൂമിയിലേക്ക് സഞ്ചരിക്കുമ്പോൾ ഏറ്റവും കുറഞ്ഞ പ്രതിരോധങ്ങൾ ഉള്ള പാത കണ്ടെത്താൻ ആണ് ശ്രമിക്കുക. എന്നാൽ ഇത് എല്ലായ്പ്പോഴും ഒരു നേർരേഖയല്ല. വായുവിൽ അടങ്ങിയിരിക്കുന്ന താപനില, ഈർപ്പം, പൊടിപടലങ്ങൾ മുതലായവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും അതുകൊണ്ടുതന്നെ കുറഞ്ഞ പ്രതിരോധമുള്ള മേഖലയിലൂടെ സഞ്ചാര പാത തിരഞ്ഞെടുക്കുമ്പോൾ അതിൽ ഏറ്റക്കുറച്ചിലുകൾ കാണപ്പെടുകയും ചെയ്യുന്നു.

നാഷണൽ വെതർ സർവീസിന്റെ റിപ്പോർട്ട് പ്രകാരം മിന്നലിനും ഇടിയുടെ ശബ്ദത്തിനും ഇടയിലുള്ള സെക്കൻഡുകളുടെ എണ്ണം  കണക്കാക്കി അതിനെ, 5 കൊണ്ട് ഹരിച്ചാൽ, മിന്നലിലേക്കുള്ള ദൂരം നിങ്ങൾക്ക് മൈലുകളിൽ ലഭിക്കും: 5 സെക്കൻഡ് = 1 മൈൽ, 15 സെക്കൻഡ് = 3 മൈൽ, 0 സെക്കൻഡ്  = വളരെ അടുത്ത്.  എണ്ണുന്ന സമയത്ത് നിങ്ങൾ സുരക്ഷിതമായ സ്ഥലത്ത് ആയിരിക്കണമെന്ന് ഓർമ്മിക്കുക.

click me!