ലോകത്തിലെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ചിട്ട് 30 വർഷം, ആദ്യ സന്ദേശം ഇതായിരുന്നു

By Web TeamFirst Published Dec 4, 2022, 12:51 PM IST
Highlights

ടെക്നോളജി പരീക്ഷിക്കാൻ ആണെങ്കിൽ കൂടിയും ക്രിസ്തുമസ് മാസം ആയതിനാൽ ആയിരിക്കണം അന്ന് അദ്ദേഹം അയച്ചത്  "മെറി ക്രിസ്മസ്" എന്നായിരുന്നു. 

ഇന്ന് ദിനംപ്രതി നൂറുകണക്കിന് ടെക്സ്റ്റ് മെസ്സേജുകൾ ആണ് നമ്മുടെ ഫോണുകളിലേക്ക് വരുന്നതും നമ്മൾ തിരിച്ചയക്കുന്നതും. എന്നാൽ, ലോകത്തിൽ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത് എന്നാണെന്ന് അറിയാമോ? 30 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ മൂന്നിനായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1992 ഡിസംബർ മൂന്നിന്. സാങ്കേതികവിദ്യയുടെ വളർച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ച് 30 വർഷങ്ങൾ പിന്നിടുമ്പോൾ സാങ്കേതികപരമായി നാം ഏറെ മുൻപോട്ടു പോയിരിക്കുന്നു. ടെക്സ്റ്റ് മെസ്സേജുകളിൽ നിന്നും വോയിസ് മെസ്സേജുകളിലേക്കും വീഡിയോ മെസ്സേജുകളിലേക്ക് ഒക്കെ കാലം വളർന്നു. ഏതായാലും ഈ മുന്നേറ്റങ്ങൾക്കെല്ലാം അടിസ്ഥാനമായത് ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് വിജയകരമായി അയക്കാൻ സാധിച്ചത് തന്നെയാണ്.

യുണൈറ്റഡ് കിംഗ്ഡത്തിലെ ബെർക്ക്‌ഷെയറിലെ ഒരു വോഡഫോൺ എഞ്ചിനീയർ ആണ് ആദ്യമായി ഈ ടെക്സ്റ്റ് മെസ്സേജ് അയച്ച ആൾ. സോഫ്റ്റ്‌വെയർ പ്രോഗ്രാമറായ നീൽ പാപ്‌വർത്ത് ആയിരുന്നു ആ എൻജിനീയർ. അദ്ദേഹം തൻറെ സ്ഥാപനത്തിന്റെ മേധാവികളിൽ ഒരാളായ റിച്ചാർഡ് ജാർവിസിന് ആണ് ഈ സന്ദേശം അയച്ചത്. ജാർവിസ് ഒരു ക്രിസ്മസ് പാർട്ടിയിലായിരുന്നതിനാൽ പാപ്‌വർത്തിന് മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടെക്നോളജി പരീക്ഷിക്കാൻ ആണെങ്കിൽ കൂടിയും ക്രിസ്തുമസ് മാസം ആയതിനാൽ ആയിരിക്കണം അന്ന് അദ്ദേഹം അയച്ചത്  "മെറി ക്രിസ്മസ്" എന്നായിരുന്നു. 

ആദ്യത്തെ ഈ ടെക്സ്റ്റ് മെസ്സേജ് അയക്കാൻ അദ്ദേഹം ഉപയോഗിച്ച ഫോൺ ഒരു പുതിയ ഓർബിറ്റെൽ 901 ആണെന്നും 2.1 കിലോഗ്രാം ഭാരമുള്ളതായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. പരമാവധി 160 അക്ഷരങ്ങളാണ് ടെക്‌സ്‌റ്റ് മെസ്സേജിന്റെ ലെങ്ത്. 1980 -കളുടെ തുടക്കത്തിലാണ് ഈ ആശയം ജനിച്ചത്, എന്നാൽ ഇത് ഒരു മൊബൈൽ ഫോണിലേക്ക് കൈമാറുന്നതിന് ഏകദേശം പത്ത് വർഷമെടുത്തു. പിന്നീട് ഫോൺ ഉപയോക്താക്കൾ ഓരോ വർഷവും ശതകോടിക്കണക്കിന് SMS സന്ദേശങ്ങൾ അയച്ചു, 2010 -ൽ "ടെക്‌സ്റ്റിംഗ്" എന്ന പദം നിഘണ്ടുവിലും ഇടം പിടിച്ചു. 

click me!