ലിവ് ഇൻ റിലേഷൻഷിപ്പ് വെറും നേരംപോക്കാവുന്നു, ആത്മാർത്ഥതയില്ലാത്തതും ദുർബലവുമാകുന്നു; അലഹബാദ് ഹൈക്കോടതി

Published : Oct 24, 2023, 10:50 AM ISTUpdated : Oct 24, 2023, 10:52 AM IST
ലിവ് ഇൻ റിലേഷൻഷിപ്പ് വെറും നേരംപോക്കാവുന്നു, ആത്മാർത്ഥതയില്ലാത്തതും ദുർബലവുമാകുന്നു; അലഹബാദ് ഹൈക്കോടതി

Synopsis

20 -കാരിയായ യുവതിയും ലിവ് ഇൻ‌ റിലേഷൻഷിപ്പിലുള്ള അവളുടെ കാമുകനും ചേർന്നാണ് പൊലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ചത്.

ചില ലിവ് ഇൻ റിലേഷൻഷിപ്പുകൾ വെറും നേരംപോക്കാണ് എന്ന് അലഹാബാദ് ഹൈക്കോടതി. അതിൽ ആത്മാർത്ഥതയില്ല എന്നും അത്തരം ബന്ധങ്ങൾ ദുർബലമാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. ലിവ് ഇൻ റിലേഷനിലുള്ള ഒരു യുവാവും യുവതിയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം. 

20 -കാരിയായ ഹിന്ദു യുവതിയും ലിവ് ഇൻ‌ റിലേഷൻഷിപ്പിലുള്ള മുസ്ലിം കാമുകനും ചേർന്നാണ് പൊലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ചത്. യുവതിയുടെ ആന്റി യുവാവിനെതിരെ ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 366 (തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിക്കൽ) എന്നിവ കാണിച്ചാണ് യുവതിയുടെ ആന്റി യുവാവിനെതിരെ കേസ് കൊടുത്തത്. യുവതിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ആന്റി കേസ് നൽകിയത്. 

യുവാവ് വെറുതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരുവനാണ് എന്നും തന്റെ സഹോദരിയുടെ മകളുടെ ഭാവി അവൻ കാരണം നശിക്കുമെന്നും യുവതിയുടെ ആന്റി ആരോപിച്ചു. ഒപ്പം ​​ഗുണ്ടാ ആക്ടിലെ വകുപ്പുകൾ പ്രകാരം നേരത്തെ തന്നെ അവന്റെ പേരിൽ കേസുകളുണ്ട് എന്നും അവർ പറഞ്ഞു. എന്നാൽ, യുവതി പറഞ്ഞത് തനിക്ക് 20 വയസായി, തന്റെ കാര്യം തീരുമാനിക്കാനുള്ള പ്രായം തനിക്കായിട്ടുണ്ട് എന്നാണ്. ഒപ്പം അച്ഛൻ തങ്ങൾക്കെതിരെ കേസ് കൊടുത്തിട്ടില്ല എന്നതും യുവതി ചൂണ്ടിക്കാട്ടി. 

എന്നാൽ, ഹരജിക്കാർ ഉന്നയിച്ച വാദങ്ങൾ എഫ്‌ഐആർ റദ്ദാക്കുന്നതിന് മതിയായ കാരണങ്ങളല്ലെന്നാണ് ഇരുഭാഗത്തെയും കേട്ടശേഷം കോടതി പറഞ്ഞത്. യുവാവും യുവതിയും പരസ്പരം വിവാഹം കഴിക്കാനും അവരുടെ ബന്ധത്തിന് ഒരു പേര് തീരുമാനിക്കുന്നത് വരെ അത്തരം ബന്ധങ്ങളെ കുറിച്ച് എന്തെങ്കിലും പറയുന്നത് ഒഴിവാക്കുകയാണ് എന്നും കോടതി പറയുകയായിരുന്നു. 

ഒപ്പം, സുപ്രീം കോടതി പല കേസുകളിലും ലിവ് ഇൻ റിലേഷനുകളെ അം​ഗീകരിച്ചിട്ടുണ്ട്. എങ്കിലും, ഇവിടെ ഹർജി നൽകിയ യുവതിയുടെയും യുവാവിന്റെയും പ്രായം, എത്രകാലം അവർ ഒരുമിച്ച് ജീവിച്ചു, ജീവിക്കാനെടുത്ത തീരുമാനം ശ്രദ്ധാപൂർവമാണോ എന്നതെല്ലാം നോക്കിയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. 

"ബഹുമാനപ്പെട്ട സുപ്രീം കോടതി, നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധങ്ങളെ സാധൂകരിച്ചിട്ടുണ്ട് എന്നതിലൊന്നും സംശയമില്ല, എന്നാൽ 20-22 വയസ്സ് പ്രായമുള്ള, രണ്ട് മാസം മാത്രം ഒരുമിച്ച് ജീവിച്ച ഇവരുടെ കാര്യം അങ്ങനെയാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. ഇത്തരം താത്കാലിക ബന്ധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ഇത് എതിർലിംഗത്തിലുള്ളവരോട് തോന്നുന്ന ആത്മാർത്ഥതയില്ലാതെയുള്ള വെറും അമിതമായ അഭിനിവേശമാണ്" എന്നാണ് ജസ്റ്റിസുമാരായ രാഹുൽ ചതുർവേദിയും മുഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് പറഞ്ഞത്.

ലിവ്-ഇൻ ബന്ധങ്ങൾ താത്കാലികവും ദുർബലവും വെറും നേരംപോക്കുമായി മാറുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. "ജീവിതം ഒരു റോസാപ്പൂ വിരിച്ച കിടക്കയല്ല. കഠിനവും പരുഷവുമായ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ദമ്പതികളെയും അത് പരിശോധിക്കുന്നത്. എന്നാൽ, ലിവ് ഇൻ ബന്ധങ്ങൾ പലപ്പോഴും നേരംപോക്കും, താത്കാലികവും ദുർബലവുമാണ്. അതിനാൽ തന്നെ അവർക്ക് സംരക്ഷണം നൽകാൻ ഇപ്പോൾ സാധിക്കില്ല. ഹരജിക്കാരെ കുറിച്ച് അന്വേഷണം നടക്കുകയാണ്” എന്നും ബെഞ്ച് പറഞ്ഞു.

വായിക്കാം: ഇര വിഴുങ്ങി, ഒരടിപോലും അനങ്ങാനാവാതെ പെരുമ്പാമ്പ്, വീഡിയോ പങ്കിട്ട് ഐഎഫ്‍എസ് ഓഫീസർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!