ചൈനയില്‍ അതിവേഗത്തില്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 'ഫാറ്റ് പ്രിസൺ' ക്യാമ്പുകൾ. ഒരു മാസം നീളുന്ന ഈ ക്യാമ്പിൽ 12 മണിക്കൂർ വരെ നീളുന്ന കഠിന വ്യായാമവും കർശനമായ ഭക്ഷണക്രമവുമാണത്രെ ഉള്ളത്. 

ചൈനയിൽ നിന്നുള്ള ഒരു പ്രത്യേകതരം 'ജയിലാ'ണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഇത് സാധാരണ ജയിൽ അല്ല. മറിച്ച് തടി കൂടിയവർക്ക് വേണ്ടിയുള്ള 'ഫാറ്റ് പ്രിസൺ' ആണ്. അതായത്, വേ​ഗത്തിൽ ശരീരഭാരം കുറക്കാൻ വേണ്ടിയാണ് ആളുകൾ ഇവിടെ ചേരുന്നത്. ഈ ക്യാമ്പിൽ ഒരുമാസം കൊണ്ട് പ്രത്യേകം വ്യായാമങ്ങളും ഭക്ഷണക്രമവും ഒക്കെ പാലിച്ചുകൊണ്ട് തടി കുറക്കുകയാണ് ചെയ്യുന്നത്. കർശനമായ ചിട്ടവട്ടത്തിലായിരിക്കും ഇവിടെ കാര്യങ്ങൾ നടക്കുന്നത്. ജയിലിലെ തടവുകാർ തന്നെയാണ് ഇവിടെ എത്തുന്നവർ. കൃത്യമായ മേൽനോട്ടത്തിൽ 12 മണിക്കൂർ വരെ ഇവർ വ്യായാമം ചെയ്യേണ്ടി വരും. കൂടാതെ ഇവിടെ നിന്നും പുറത്തുപോകാനും ഇവർക്ക് അനുവാദം ഇല്ലത്രെ.

എന്നാൽ, വളരെ പെട്ടെന്ന് ശരീരഭാരം കുറക്കുന്നത് ഒട്ടും ആരോ​ഗ്യകരമല്ല എന്നാണ് വിദ​ഗ്ദ്ധരുടെ അഭിപ്രായം. അതിനാൽ തന്നെ വലിയ വിമർശനങ്ങളും ഇതിനുനേരെ ഉയർന്നിട്ടുണ്ട്. അപ്പോഴും തടി കുറയ്ക്കുന്നതിനായി അനേകങ്ങളാണത്രെ ഈ ഫാറ്റ് പ്രിസണിലേക്ക് ഒഴുകുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ ഇതുപോലെ ചൈനയിലെ ഫാറ്റ് പ്രിസണിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ക്യാംപിൽ രണ്ടാഴ്ച ചിലവഴിച്ചപ്പോൾ തന്നെ 14 കിലോ കുറഞ്ഞതായിട്ടാണ് ഇവർ പറയുന്നത്.

View post on Instagram

ക്യാംപിലെ ഒരു ദിവസം ഇങ്ങനെയാണത്രെ; രാവിലെ 7.30 -ന് അലാറം മുഴങ്ങും. 8 മണിക്ക് എല്ലാവരുടെയും ഭാരം നോക്കും. 9.20 നും 10.30 നും ഇടയിൽ എയറോബിക്‌സ് ക്ലാസ്. ഇതിനുശേഷം രാവിലെ 11.15 ന് ആദ്യത്തെ ഭക്ഷണം. പ്രഭാതഭക്ഷണത്തിൽ സാധാരണയായി നാല് മുട്ട, പകുതി തക്കാളി, ഒരു കഷ്ണം ബ്രെഡ്, കുറച്ച് കക്കിരി എന്നിവയാണുണ്ടാവുക. പ്രഭാതഭക്ഷണത്തിന് ശേഷം, കാർഡിയോയിൽ നിന്ന് വെയ്റ്റ് ലിഫ്റ്റിം​ഗിലേക്ക് മാറും. ഉച്ചയ്ക്ക് 2.50 മുതൽ 4 വരെ വെയിറ്റ് ലിഫ്റ്റിം​ഗ് ക്ലാസും തുടർന്ന് ഉച്ചഭക്ഷണവും. ഏകദേശം രണ്ട് മണിക്കൂർ കഠിനമായ വ്യായാമങ്ങളുമുണ്ടാകും. രാത്രിയിൽ ഭക്ഷണം കഴിച്ച് തൂക്കം നോക്കിയ ശേഷം ഉറക്കം.

ഈ 'ഫാറ്റ് പ്രിസണു'കളിൽ ചേരാൻ ഏകദേശം 90,000 രൂപ ($1,000)യാണ് വേണ്ടിവരുന്നത്. അതിൽ ഭക്ഷണം, പരിശീലനം, താമസം എല്ലാം പെടും. വളരെ പ്രധാനപ്പെട്ട കാരണങ്ങളില്ലെങ്കിൽ ഒരുതരത്തിലും ഇതിൽ ചേരുന്നവരെ പാതിവഴിയിലിട്ടിട്ട് പോകാൻ സമ്മതിക്കില്ല. കലോറി കൂടിയ ഭക്ഷണം ഒളിച്ചുകഴിക്കുന്നുണ്ടോ എന്നറിയാൻ ബാ​ഗടക്കം പരിശോധിക്കുകയും ചെയ്യുമത്രെ.