വേട്ടക്കാർ കെണിവച്ചു, വൈദ്യുതാഘാതമേറ്റ് ചത്തത് പുള്ളിപ്പുലി

Published : Aug 07, 2022, 09:46 AM ISTUpdated : Aug 07, 2022, 09:48 AM IST
വേട്ടക്കാർ കെണിവച്ചു, വൈദ്യുതാഘാതമേറ്റ് ചത്തത് പുള്ളിപ്പുലി

Synopsis

ജൂണിൽ സത്‌ന ജില്ലയിലെ വന്യജീവി മേഖലയിൽ മൂന്ന് ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ട് പുള്ളിപ്പുലികൾ വൈദ്യുതാഘാതമേറ്റ് ചത്തിരുന്നു.

മധ്യപ്രദേശിലെ ഷാഹ്‌ഡോൾ ജില്ലയിലെ വനമേഖലയിൽ പുള്ളിപ്പുലി വൈദ്യുതാഘാതമേറ്റ് ചത്ത നിലയിൽ. വേട്ടക്കാർ സ്ഥാപിച്ച ഇലക്ട്രിക് വയറടങ്ങിയ കെണിയിൽ നിന്നുമാണ് പുള്ളിപ്പുലിക്ക് വൈദ്യുതാഘാതമേറ്റിരിക്കുന്നത്. പൂർണ വളർച്ചയെത്തിയ പുള്ളിപ്പുലിക്ക് ഏഴിനോടടുത്ത് പ്രായം കാണുമെന്നാണ് കണക്കാക്കുന്നത്. ബിയോഹാരി ഫോറസ്റ്റ് റേഞ്ചിലെ ഖർപയിലെ കുറ്റിക്കാട്ടിൽ വെള്ളിയാഴ്ചയാണ് ചത്ത നിലയിൽ പുലിയെ കണ്ടെത്തിയത്.

"വെള്ളിയാഴ്‌ച രാവിലെ ജഡം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ പുള്ളിപ്പുലി ചത്തിരുന്നു. വൈദ്യുതാഘാതത്തെ തുടർന്നാണ് മരണം നടന്നിരിക്കുന്നത്. പ്രദേശവാസികൾക്കും ഇതിൽ പങ്കുണ്ടായിരിക്കാം. കൂടുതൽ അന്വേഷണം നടന്നു വരികയാണ്" എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് സഞ്ജയ് ടൈഗർ റിസർവിൽ നിന്നുള്ള ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തിൽ മറ്റ് ചില മൃഗങ്ങൾക്കായി വേട്ടക്കാർ സ്ഥാപിച്ച ഇലക്ട്രിക് വയറിലെ കെണിയിൽ ചവിട്ടിയാവണം പുള്ളിപ്പുലി ചത്തത് എന്നാണ് നി​ഗമനം. ശേഷം വേട്ടക്കാർ പുള്ളിപ്പുലിയുടെ ജഡം അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുതള്ളിയതാവാം എന്നും കരുതുന്നു എന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഗൗരവ് ചൗധരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്തു വരികയാണ് എന്നും ചൗധരി പറഞ്ഞു. 

1975 -ൽ സ്ഥാപിതമായ ഈ ടൈഗർ റിസർവ് സഞ്ജയ് ദുബ്രി നാഷണൽ പാർക്കും ദുബ്രി വന്യജീവി സങ്കേതവും ഉൾപ്പെടുന്നതാണ്. രണ്ടും കൂടി 831 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതി വരും. 

ജൂണിൽ സത്‌ന ജില്ലയിലെ വന്യജീവി മേഖലയിൽ മൂന്ന് ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ട് പുള്ളിപ്പുലികൾ വൈദ്യുതാഘാതമേറ്റ് ചത്തിരുന്നു. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. മാംസത്തിന് വേണ്ടിയാണ് അന്ന് പുള്ളിപ്പുലികളെ കൊന്നത് എന്ന് ഉദ്യോ​ഗസ്ഥർ പിന്നീട് വ്യക്തമാക്കി. 

അന്താരാഷ്‌ട്ര വിപണിയിൽ പരമ്പരാഗത മരുന്നിന് വേണ്ടി ഉപയോഗിക്കാനെന്ന പേരും പറഞ്ഞ് പുള്ളിപ്പുലികളെ വേട്ടയാടുന്നുണ്ട്. അവയുടെ തൊലി, എല്ലുകൾ, മറ്റ് ഭാഗങ്ങൾ എന്നിവയ്ക്കായിട്ടാണ് ഈ ക്രൂരമായ വേട്ടയാടൽ. 2021 -ൽ മധ്യപ്രദേശിൽ തന്നെ 22 പുള്ളിപ്പുലികൾ വേട്ടക്കാരാൽ കൊല്ലപ്പെട്ടിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

വായിക്കാം: ഈ വർഷം ഏറ്റവും അധികം കടുവകളുടെ മരണമുണ്ടായിരിക്കുന്നത് 'കടുവകളുടെ സംസ്ഥാന'ത്തിൽ

PREV
Read more Articles on
click me!

Recommended Stories

സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി
'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ