
ഇന്ത്യയിൽ ഇന്ന് വിദേശത്ത് പോകാനും അവിടെ തന്നെ സെറ്റിൽഡാവാനും ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. അങ്ങനെ പോകാൻ പല രാജ്യങ്ങളും അവരുടെ മനസിലുണ്ട്. എന്നാൽ, ന്യൂസിലാൻഡിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ചില മുന്നറിയിപ്പുകൾ നൽകുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ.
വർഷങ്ങളായി ന്യൂസിലാൻഡിൽ താമസിക്കുന്ന ഒരാളാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ന്യൂസിലാൻഡിൽ താമസിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് പോയിന്റ് പോയിന്റായി വിശദീകരിച്ചിരിക്കുന്നത്. പോസ്റ്റിട്ടിരിക്കുന്നയാൾ ജനിച്ചത് അവിടെയല്ലെങ്കിലും കുറേയേറെ വർഷങ്ങളായി ന്യൂസിലാൻഡിലാണ് താമസം. ന്യൂസിലാൻഡിന്റെ ഭൂപ്രകൃതി മുതൽ, വാടക വരെ വിവിധ കാര്യങ്ങളെ കുറിച്ചാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്.
പോസ്റ്റിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം ന്യൂസിലാൻഡ് ഒരു ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് എന്നാണ്. അതിനാൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. ഷിപ്പിംഗ് ചിലവ് കൂടുതലായതിനാൽ തന്നെ ഇവിടെ സാധനങ്ങൾക്ക് വില കൂടുതലാണ്. ആഡംബര വസ്തുക്കൾക്ക് മാത്രമല്ല, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടുന്ന സാധനങ്ങൾക്കടക്കം വില വളരെ കൂടുതലാണ് എന്നും പറയുന്നു.
കൂടാതെ, കേവലം 5 മില്ല്യൺ ജനസംഖ്യയുള്ള ന്യൂസിലാൻഡ് ബിസിനസുകളെ സംബന്ധിച്ച് ഒരു ചെറിയ വിപണിയാണ്. അതിനാൽ ചില പ്രമുഖ ബ്രാൻഡുകൾ ഇവിടെ നിന്നും പൂർണമായും പിൻവലിയുകയാണ്. ഉദാഹരണത്തിന്, Nike അതിൻ്റെ ഓൺലൈൻ സ്റ്റോർ അടച്ചു എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
അതുപോലെ, നല്ല നല്ല പ്രകൃതിദൃശ്യങ്ങളൊക്കെ ഉണ്ടെങ്കിലും അത്ര വൈബൊന്നും ഇല്ലാത്ത ഒരിടമാണ് ന്യൂസിലാൻഡ് എന്നാണ് പോസ്റ്റിട്ടയാളുടെ അഭിപ്രായം. രാത്രി 8.30 ആകുമ്പോഴേക്കും പല സ്ഥലങ്ങളും ആളൊഴിഞ്ഞ ഇടങ്ങളാകും.
തീർന്നില്ല, ഇവിടെ ചികിത്സിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും വലിയ ചിലവാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് കിട്ടാൻ പോലും മാസങ്ങളെടുക്കും എന്നാണ് പറയുന്നത്.
അതുപോലെ, വീട്ടുവാടക വളരെ കൂടുതലാണ് എന്നും ലോകത്തിലെ തന്നെ ഏറ്റവും വാടക കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. അതുപോലെ, കാലാവസ്ഥ പ്രതികൂലമാണ് എന്നും പറയുന്നു. ഒപ്പം തന്നെ ഇന്ത്യക്കാരായ ആളുകൾക്ക് കൂട്ടുകാരെ കണ്ടെത്താനും പങ്കാളികളെ കണ്ടെത്താനും ഒക്കെ ഇവിടെ വളരെ അധികം പ്രയാസമാണ് എന്നാണ് ഈ റെഡ്ഡിറ്ററുടെ അഭിപ്രായം.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ന്യൂസിലാൻഡിൽ താമസിച്ചിരുന്ന ചിലരൊക്കെ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണ് എന്ന് കമന്റിൽ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ന്യൂസിലാന്‍ഡ് മാത്രമല്ല, വേറെയും രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അങ്ങനെ തന്നെയാണ് എന്നും ഇതില്‍ പറയുന്ന ചില കാര്യങ്ങളെല്ലാം മിക്ക രാജ്യങ്ങളിലും ഉള്ളതാണ് എന്നും കമന്‍റ് നല്‍കിയവരും ഉണ്ട്.
ഇന്ത്യയിൽ പ്രേമമുണ്ടാകുന്നതും ഉണ്ടാക്കുന്നതും ഇങ്ങനെയാണ്, വീഡിയോയുമായി ഓസ്ട്രേലിയൻ വനിത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം