തിമിംഗലത്തിന്റെ വായില്‍പ്പെട്ട ചെമ്മീന്‍പിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By Web TeamFirst Published Jun 12, 2021, 3:58 PM IST
Highlights

തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ഇയാളെ 30 മിനിറ്റിനു ശേഷം, അത് പുറത്തേക്കു തുപ്പുകയായിരുന്നു. വെള്ളത്തിലേക്ക് തെറിച്ചുവീണ ഇയാള്‍ക്ക് കാല്‍മുട്ടില്‍ ചെറിയ പരിക്കേ പറ്റിയുള്ളൂ.

ന്യൂയോര്‍ക്ക്: തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ചെമ്മീന്‍പിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ മസചുസെറ്റ്‌സിലാണ് സംഭവം. തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ഇയാളെ 30 സെക്കന്‍റിന് ശേഷം, അത് പുറത്തേക്കു തുപ്പുകയായിരുന്നു. വെള്ളത്തിലേക്ക് തെറിച്ചുവീണ ഇയാള്‍ക്ക് കാല്‍മുട്ടില്‍ ചെറിയ പരിക്കേ പറ്റിയുള്ളൂ. ആശുപത്രിയില്‍ പ്രവേശിച്ച  ചെമ്മീന്‍പിടിത്തക്കാരനെ പിന്നീട്, ഡിസ്ചാര്‍ജ് ചെയ്തു. 

മൈക്കിള്‍ പെക്കാര്‍ഡ് എന്ന ചെമ്മീന്‍പിടിത്തക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 56 വയസ്സുള്ള മൈക്കിള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞണ്ടു പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ആഴക്കടലിലെത്തിയ തങ്ങള്‍ അതിരാവിലെ ജോലി തുടങ്ങിയതായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ''ശാന്തമായ അന്തരീക്ഷമായിരുന്നു. തെളിഞ്ഞ കടല്‍, ''-മൈക്കിള്‍ പറയുന്നു. 

 

മൈക്കിള്‍

 

'സ്‌കൂബാ വസ്ത്രങ്ങളണിഞ്ഞ് സാധാരണ മട്ടില്‍ ഞാന്‍ കടലിലേക്ക് എടുത്തു ചാടിയതായിരുന്നു. പെട്ടെന്ന്, എവിടെയോ ചെന്ന് തട്ടിയതായി തോന്നി. ആകെ ഇരുട്ടായി. ആ ഭാഗത്ത് പതിവായി കാണുന്ന വെള്ള സ്രാവുകള്‍ ആക്രമിക്കുകയായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പല്ലൊന്നും കാണാതായപ്പോള്‍ സംശയമായി. പെട്ടെന്നാണ്, ദൈവമേ ഞാനൊരു തിമിംഗലത്തിന്റെ വായിലാണോ എന്ന് തോന്നിയത്.  അതെന്നെ വിഴുങ്ങാന്‍ നോക്കുകയായിരുന്നു. എല്ലാം തീര്‍ന്നെന്ന് ഉറപ്പായി. ഞാന്‍ ഭാര്യയെയും മക്കളെയും ഓര്‍ത്തു. ഇതാ മരിക്കാന്‍ പോവുകയാണ് എന്ന ഭയത്തോടെ പത്തു മുപ്പത് സെക്കന്റ് നിന്നു.''-ആശുപത്രിയില്‍ കിടക്കുന്നതിനിടെ ഒരു ചാനലിനോട് മൈക്കിള്‍ അനുഭവം പങ്കുവെച്ചു.  

''പെട്ടെന്ന് തിമിംഗലം ഒന്നിളകി. വെള്ളത്തിന്റെ മുകളിലേക്ക് വന്നു. തല കുലുക്കി. പെട്ടെന്ന് ഞാന്‍ വായുവിലൂടെ കുതിച്ച് വെള്ളത്തിലേക്ക് വന്നുവീണു. വിശ്വസിക്കാനായില്ല, ഞാനിപ്പോള്‍ വെള്ളത്തിലാണ്, രക്ഷപ്പെട്ടിരിക്കുന്നു''-മൈക്കിള്‍ പറയുന്നു. 

മൈക്കിളിനെ കാണാതെ തിരച്ചില്‍ നടത്തുകയായിരുന്ന സഹപ്രവര്‍ത്തകര്‍ ഓക്‌സിജന്‍ ഉപകരണത്തില്‍നിന്നുള്ള കുമിളകള്‍ കണ്ടു. അവര്‍ നീന്തിയെത്തി, അയാളെ ബോട്ടില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. കാല്‍മുട്ടിന് ചെറിയ പ്രശ്‌നം ഉള്ളതല്ലാതെ മറ്റ് പ്രശ്‌നം ഒന്നുമില്ലായിരുന്നു. മണിക്കൂറുകള്‍ക്കകം അയാളെ ഡിസ്ചാര്‍ജ് ചെയ്തു. 

ഹംബാക്ക് തിമിംഗലത്തിന്റെ വായില്‍നിന്നാണ് മൈക്കിള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. വളര്‍ന്ന് 50 അടി നീളവും 36 ടണ്‍ ഭാരവും വരെ എത്താറുള്ള ഈ തിമിംഗലങ്ങള്‍ പരമാവധി മല്‍സ്യങ്ങളെ വിഴുങ്ങുന്നതിന് അതിന്റെ വലിയ വായ തുറന്നുവെക്കാറുണ്ട്. അങ്ങനെയാവണം മൈക്കിള്‍ ഇതിന്റെ വായില്‍ ചെന്നുപെട്ടത് എന്നാണ് നിഗമനം. 

click me!