
എപ്പോഴും ഒറ്റപ്പെട്ട് കഴിയണമെന്നാഗ്രഹിക്കുന്ന, ഏകാന്തതയെ സ്നേഹിക്കുന്ന ഒരാളാണോ നിങ്ങൾ? നിങ്ങളെപ്പോലൊരാൾക്ക് വേണ്ടിയുള്ള ഒരു സ്വപ്ന ഭവനം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇപ്പോൾ വിൽപ്പനയ്‌ക്കുണ്ട്. 'ലോകത്തിലെ ഏറ്റവും ഏകാന്ത ഭവനം' (World's Loneliest House) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വിജനമായ വീട് ഇപ്പോൾ ഏകദേശം 2.5 കോടി രൂപയ്ക്കാണ് വിൽപനയ്ക്ക്(for sale) വച്ചിരിക്കുന്നത്.
മൈനിലെ ഡക്ക് ലെഡ്ജസ് ദ്വീപിലാണ്(Duck Ledges Island) ഈ വീട് സ്ഥിതി ചെയ്യുന്നത്, 540 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ചെറിയ കോട്ടേജാണിത്. ഒറ്റ അയൽവാസി പോലും ഇല്ല. നഗരത്തിന്റെ തിരക്കോ മടുപ്പിക്കലുകളോ വേഗതയോ ഇല്ലാത്ത ഒരു ജീവിതം സ്വപ്നം കാണുന്ന ആർക്കും ഇത്ര ഐഡിയലായി മറ്റൊരു വീട് കിട്ടാനില്ല.
0 വോഹോ ബേയിലെ അഡിസണിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുഴുവൻ സമയവും താമസിക്കാനുള്ള ഒരു വീട് എന്നതിലുപരിയായി വാരാന്ത്യ അവധികൾക്കും മറ്റും തങ്ങാനുള്ള ഒരു മികച്ച ഇടമായിരിക്കും ഇതെന്നാണ് പറയുന്നത്. ഇരുവശത്തുമുള്ള മണൽ നിറഞ്ഞ ബീച്ചുകളിൽ നിന്ന് ഏതാനും അടി മാത്രം അകലെയാണ് വീടുള്ളത്. പ്രോപ്പർട്ടി 1.5 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു വ്യക്തിയുടെ ആവശ്യങ്ങൾക്കുള്ള എല്ലാം ഇവിടെ ഉണ്ട്. വീടിന് ഒരു കിടപ്പുമുറിയും ഒരു കുളിമുറിയും മാത്രമേയുള്ളൂ. പുറത്താണ് ബാത്ത്‍റൂം ഉള്ളത്. 2009 -ലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ അധികം പഴക്കമില്ലാത്ത വീട് സ്റ്റൈലിഷ് കൂടിയാണ്.
എവിടെ നിന്ന് നോക്കിയാലും കടല് കാണാവുന്ന ഈ വീട് ഏകാന്തത ഇഷ്ടപ്പെടുന്നവരെ കാത്തിരിക്കയാണ്. അയൽക്കാരുടെ ബഹളമോ, ട്രാഫിക് ബഹളമോ ഒന്നുമില്ലാതെ അവർക്കവിടെ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം.