
ഒറ്റയ്ക്കാവുക എന്നത് മനുഷ്യർക്ക് വലിയ വേദന സമ്മാനിക്കുന്ന കാര്യമാണ്. ബന്ധുക്കളോ, കൂട്ടുകാരോ ഒന്നും തന്നെ അടുത്തില്ലാത്ത അവസ്ഥ. അത് ചിലപ്പോൾ നമ്മെ പതിയെ ഉൾവലിയുന്നതിലേക്കും വിഷാദത്തിൽ വീഴുന്നതിലേക്കും ഒക്കെ നയിച്ചേക്കാം. എന്നാൽ, എല്ലാവരും ഉപേക്ഷിച്ചുപോയ ഒരു നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്ന ഒരു വൃദ്ധന്റെ അവസ്ഥ എന്താവും?
'ലോകത്തിലെ തന്നെ ഏറ്റവും ഏാകകിയായ വൃദ്ധൻ' എന്നാണ് പാബ്ലോ നൊവാക് അറിയപ്പെടുന്നത്. 93 -കാരനായ അദ്ദേഹത്തിന് ആ നാട്ടിലുള്ള കൂട്ട് ഒരു നായയും കുറച്ച് കന്നുകാലികളും മാത്രമാണ്. ബ്യൂണസ് ഐറിസിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള അർജന്റീനയിലെ എപെക്യുൻ എന്ന നഗരത്തിലാണ് പാബ്ലോയുടെ താമസം. 1985 -ൽ, എപെക്യൂനിൽ ഒരു ഭീകരൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. അതിൽത്തന്നെ കുറേയേറെ വീടുകൾ തകർന്നു. അതിനുശേഷം തിരമാലകൾ ശക്തിയായി ആഞ്ഞടിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന അണക്കെട്ടും തകർന്നു. ഇതോടെ, ആ പ്രദേശം മൊത്തം വെള്ളത്തിലായി.
വെള്ളവും ചതുപ്പുനിലങ്ങളും മാത്രമായി പ്രദേശം മാറിയപ്പോൾ താമസക്കാർ അവിടെ നിന്നും പോകാൻ തുടങ്ങി. 5000 ആളുകൾ താമസിച്ചിരുന്ന നാട്. എപ്പോഴും വിനോദസഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരുന്ന നാട്. അത് ഒടുവിൽ ഒരു ഒറ്റപ്പെട്ട പ്രേതനഗരമായി മാറുകയായിരുന്നു. 2009 -ൽ ഇവിടെ ജലനിരപ്പ് താഴുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തു. എന്നാൽ, അപ്പോഴൊക്കെയും പ്രദേശം തകർച്ച നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. ചുറ്റും വീടിന്റെയും കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളായിരുന്നു. അതിനാൽ ആരും തന്നെ ആ നാട്ടിലേക്ക് വീണ്ടും മടങ്ങാൻ ആഗ്രഹിച്ചില്ല.
എന്നാൽ, തന്റെ കന്നുകാലികളുമായി കഴിയാൻ പാബ്ലോ തെരഞ്ഞെടുത്തത് ഈ പ്രദേശമായിരുന്നു. ഒരു തകർന്ന വീടിനെ അദ്ദേഹം സ്വന്തം വീടാക്കി മാറ്റിയെടുത്തു. ചെറിയ, നിറയെ പൊടിപിടിച്ച വീടായിരുന്നു അത്. അതിന് മുറ്റത്തൊരു പൂന്തോട്ടമുണ്ടായിരുന്നു. ഗ്രാമത്തിലേക്ക് മടങ്ങിയ പാബ്ലോ വൈദ്യുതി പോലുമില്ലാത്ത ഈ വീട്ടിലാണ് താമസം. കുടുംബത്തിലെ മറ്റുള്ളവർ പബ്ലോയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയില്ല. പക്ഷേ, അതൊന്നും പാബ്ലോയെ പിന്തിരിപ്പിച്ചില്ല. അദ്ദേഹം തനിച്ച് അവിടെ തന്നെ തുടരുകയാണ്.
പാബ്ലോയ്ക്ക് കൂട്ടായുള്ളത് കുറച്ച് കന്നുകാലികളും ഒരു നായയുമാണ്. പാബ്ലോ പറയുന്നത്, ജീവിതത്തിന് വിവിധ സ്റ്റേജുകളുണ്ട്. ഇപ്പോൾ താൻ ഇങ്ങനെ ഇവിടെ തനിച്ചു ജീവിക്കുന്ന സ്റ്റേജിലാണ്. തനിക്ക് ഈ ജീവിതം ഒരുപാടിഷ്ടമാണ് എന്നാണ്.
വായിക്കാം: മനുഷ്യന്റെ അസ്ഥിപോലും കടിച്ചുമുറിക്കും, പുറത്തിറക്കുമ്പോള്‍ വാമൂടണം; കൊടും ഭീകരനോ ഇവന്‍?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം