
മനുഷ്യർ വളർത്തുമൃഗങ്ങളായി തിരഞ്ഞെടുക്കുന്നവയിൽ ഏറ്റവും ജനപ്രിയ ഇനങ്ങളിൽ ഒന്നാണ് നായ്ക്കൾ. യജമാനനോടുള്ള കൂറും ബുദ്ധിശക്തിയുമാണ് ഈ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങളിൽ ഏറ്റവും പ്രധാനം. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നായ്ക്കളെ വളർത്തുമൃഗങ്ങളായി തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, അവയിൽ ഏറ്റവും ശക്തമായി കടിക്കാൻ, അതായത് മനുഷ്യന്റെ അസ്ഥികൾ പോലും നിഷ്പ്രയാസം കടിച്ച് മുറിക്കാൻ ശേഷിയുള്ള ഇനം നായ ഏതാണന്ന് അറിയാമോ? XL ബുള്ളി ഡോഗ് എന്നാണ് ഈ നായ ഇനം അറിയപ്പെടുന്നത്.
വന്യമൃഗങ്ങളെക്കാൾ ഭീകരമായ ആക്രമണം നടത്താൻ ശേഷിയുള്ള നായ്ക്കളാണ് ഇവ. ഒരു തരം അമേരിക്കൻ ബുള്ളി നായയാണ് ഇത്. വലിപ്പത്തിലും ശക്തിയിലും മറ്റ് നായ്ക്കളേക്കാൾ മുമ്പിലാണ് XL ബുള്ളി ഡോഗ്. മനുഷ്യനും ഒരു സുഹൃത്തും കൂട്ടാളിയും ഒക്കെയായി മാറുന്ന നായയായി ഇതിനെ വളർത്താൻ സാധിക്കുമെങ്കിലും അതിന്റെ സ്വഭാവം രൂപപ്പെടുന്നത് അവയ്ക്ക് നൽകുന്ന പരിശീലനത്തെ ആശ്രയിച്ചാണ്. ശരിയായ പരിശീലനം നൽകിയാൽ ഏറെ വിശ്വസ്തരും അനുസരണ ശീലമുള്ളവരും ആയിരിക്കും ഈ നായ്ക്കൾ. എന്നാൽ, പരിശീലനത്തിൽ വരുന്ന ചെറിയ പാകപ്പിഴകൾ പോലും ഇവയെ ആക്രമകാരികളാക്കും.
XL കൂടാതെ, ഈ നായ ഇനത്തിൽ മറ്റ് മൂന്ന് ഇനങ്ങൾ ഉണ്ട്. അവ സ്റ്റാൻഡേർഡ്, ക്ലാസിക്, പോക്കറ്റ് എന്നിവയാണ്. റിപ്പോർട്ടുകൾ പ്രകാരം, 2021-നും 2023 ജൂണിനും ഇടയിലുള്ള വർഷങ്ങളിൽ നായ്ക്കളുമായി ബന്ധപ്പെട്ട 50 ശതമാനത്തിലധികം ആക്രമണങ്ങൾക്കും ഈ നായ്ക്കൾ ഉത്തരവാദികളാണ്, ചില ആക്രമണങ്ങൾ മരണത്തിൽ പോലും അവസാനിച്ചിട്ടുണ്ട്.
2023 ഡിസംബർ 31 മുതൽ ഈ നായയുടെ ഉടമസ്ഥാവകാശം യുകെ സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ പ്രത്യേക ഇനം നായയെ വളർത്താനോ വിൽക്കാനോ ഉപേക്ഷിക്കാനോ പൗരന്മാർക്ക് അനുവാദമില്ല. പൊതുസ്ഥലത്താണെങ്കിൽ, അവ ഉടമയോടൊപ്പം ചങ്ങലയിലായിരിക്കണം. ഒപ്പം മറ്റുള്ളവരെ ആക്രമിക്കുന്നത് തടയാൻ മുഖം ക്ലിപ്പ് ചെയ്യുകയും വേണം. ഫെബ്രുവരി 1 മുതൽ എക്‌സ്‌പ്‌ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ എക്‌സ്‌എൽ ബുള്ളിയെ സ്വന്തമാക്കുന്നത് കുറ്റകരമാണെന്ന് യുകെ സർക്കാർ ഉത്തരവിറക്കിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
എക്‌സ്‌പ്‌ഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത നായയെ പിടികൂടാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ട്, ഉടമയ്ക്കെതിരെ ക്രിമിനൽ കുറ്റവും ചുമത്തും. ഇവരിൽ നിന്ന് പരിധിയില്ലാത്ത പിഴയും ഈടാക്കും. ഇന്ത്യയിലും നിരോധിക്കപ്പെട്ട ഇനം വളർത്തു നയ്ക്കളുടെ പട്ടികയിലാണ് ഇവ. നോർത്തേൺ അയർലൻഡിലോ സ്കോട്ട്ലൻഡിലോ ഈ നിരോധനം ബാധകമല്ല.
വായിക്കാം: കണ്ടാൽ ചീങ്കണ്ണിയെപ്പോലെ തന്നെ, ഗവേഷകർക്ക് ആവേശമായി ഭീമൻപല്ലികൾ