പേര് പോലെ തന്നെ ഇലകൾക്കിടയിൽ കാണാതാവുന്നൊരു തവള!

By Web TeamFirst Published Mar 19, 2021, 1:11 PM IST
Highlights

ഉണങ്ങിയ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും, മണിക്കൂറുകളോളം പൂർണമായും നിശ്ചലമായിരിക്കാനും അവയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പകൽ ഇലത്തവളകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. 

ഭൂമിയിലെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിൽ ഒന്നാണ് മലയൻ ഇലത്തവള. വളരെ പ്രത്യേകത നിറഞ്ഞ രൂപമാണ് അവയുടേത്.
ഇരയെ പിടികൂടാനും ശത്രുക്കളുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കാനുമായി ഒരു കൊഴിഞ്ഞു വീണ ഇലയുടെ രൂപമാകാൻ അതിന് എളുപ്പം സാധിക്കുന്നു. ഇരയെ കബളിപ്പിച്ച് അതിന്റെ വഴിയെ കൊണ്ടുവരാൻ സാധിക്കുന്ന ഒരു വേട്ടക്കാരന്റെ ഭാവത്തിൽ അത് മഴക്കാടുകളിൽ വേഷപ്രച്ഛനനായി ഇരിക്കും. ഈ ഉഭയജീവിയെ പലപ്പോഴും പ്രകൃതിയിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ഇലകൾ പൊതിഞ്ഞ വനമേഖലയിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞിരിക്കാൻ അതിന് കഴിവുണ്ട്. ഇതിന് long-nosed horned frog എന്നും പേരുണ്ട്. അവയെ പെട്ടെന്നു കാണുമ്പോൾ ഒരു ഇല വീണു കിടക്കുന്നതായിട്ടേ തോന്നൂ.

ഓരോ കണ്ണിനും മൂക്കിനും മുകളിലായി നീണ്ട ത്രികോണാകൃതിയിലുള്ള കൊമ്പുകൾ അതിനുണ്ട്. ഇത് ഇലയുടെ തുമ്പ് പോലെ തോന്നിക്കും. അതുപോലെ തന്നെ ഉണങ്ങി വീണ ഇലയുടെ തവിട്ട് നിറവും, ഒരു ഇലയുടെ സിരകളും പാറ്റേണുകളും എല്ലാം അവയുടെ മുതുകിൽ നമുക്ക് കാണാം. ഇത് മലയൻ ഇലത്തവളയെ ഒരു കൊഴിഞ്ഞു വീണ ഇലയെ പോലെ തോന്നിക്കുന്നു. ആഗ്രഹിക്കുന്ന നിമിഷം ചുറ്റുപാടുകളുമായി അത്ഭുതകരമായ രീതിയിൽ കൂടിച്ചേരാനുള്ള കഴിവ് അതിനുണ്ട്. ഇത് എളുപ്പത്തിൽ ഇരയെ പിടികൂടാൻ അതിനെ സഹായിക്കുന്നു.

ഉണങ്ങിയ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും, മണിക്കൂറുകളോളം പൂർണമായും നിശ്ചലമായിരിക്കാനും അവയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പകൽ ഇലത്തവളകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, രാത്രിയിൽ വെളിച്ചം അതിന്റെ കണ്ണുകളിൽ പ്രതിഫലിക്കുകയും അതിനെ സ്ഥാനം എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുകയും ചെയ്യുന്നു. തെക്കൻ തായ്‌ലൻഡ്, പെനിൻസുലർ മലേഷ്യ മുതൽ സിംഗപ്പൂർ, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിലാണ് അവയെ കണ്ടുവരുന്നത്.

നനഞ്ഞതും തണുത്തതുമായ താഴ്ന്ന പ്രദേശങ്ങളിലെ മഴക്കാടുകളിൽ മലയൻ ഇലത്തവള വസിക്കുന്നു. അതിന്റെ ആവാസവ്യവസ്ഥ ഇത്രയും വലുതായതിനാൽ തവളകളുടെ എണ്ണവും വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷേ, വനനശീകരണം ഇതിനകം തന്നെ അതിന്റെ നിലനിൽപ്പിന് വലിയ ഭീഷണിയായി കണക്കാക്കപ്പെടുന്നു. കാരണം ഇത് അവയുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു. അതുപോലെ തന്നെ വളർത്തുമൃഗ വ്യാപാരവും മലയൻ ഇലത്തവളകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്.

click me!