രണ്ടാഴ്ചകൊണ്ട് മില്ല്യൺ കണക്കിന് കാഴ്‌ചക്കാർ; എൻവിഡിയ സിഇഒയുടെ രൂപത്തിൽ ചൈനയെ ഞെട്ടിച്ച് യുവാവ്

Published : Jun 03, 2026, 02:21 PM IST
  Jensen Huang, Yang Yang

Synopsis

പ്രമുഖ ടെക് കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങിനെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി ചൈനയിലെ യാങ് യാങ് എന്ന യുവാവ്. കുറഞ്ഞ ചിലവിൽ ഹുവാങ്ങിന്റെ രൂപഭാവങ്ങൾ പകർത്തി രണ്ടാഴ്ചകൊണ്ട് പതിനായിരക്കണക്കിന് ഫോളോവേഴ്സിനെയും ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു യുവാവ്. 

ചൈനയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള യുവാവ് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ 'എൻവിഡിയ'യുടെ സിഇഒ ജെൻസൻ ഹുവാങ്ങിനെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പതിനായിരക്കണക്കിന് ഫോളോവേഴ്സിനെയാണ് ഇയാൾ സ്വന്തമാക്കിയത്. വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലെ ദാൻദോംഗ് ഗ്രാമത്തിൽ താമസിക്കുന്ന 28-കാരനായ യാങ് യാങ് ആണ് ഇപ്പോൾ ഇന്റർനെറ്റിലെ പുതിയ താരം. ഹുവാങ്ങിന്റെ ചൈനീസ് പേര് വടക്കുകിഴക്കൻ ചൈനീസ് ഭാഷയിൽ ഉച്ചരിക്കുന്ന '@huangyinxun' എന്ന അക്കൗണ്ടിലൂടെയാണ് യാങ് തന്റെ വീഡിയോകൾ പങ്കുവെക്കുന്നത്.

ജെൻസൻ ഹുവാങ്ങിന്റേതുപോലെ നരച്ച മുടിയും, കണ്ണടയും, കറുത്ത ലെതർ ജാക്കറ്റുമണിഞ്ഞ് ഇരുപതിലധികം വീഡിയോകളാണ് യാങ് ഇതുവരെ പങ്കുവെച്ചിട്ടുള്ളത്. മുടി നരച്ചതാക്കാൻ ഗോതമ്പ് പൊടി വിതറിയ ശേഷം ഹെയർ ജെൽ ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തുകയാണ് യാങ് ചെയ്യുന്നത്. അതുപോലെ, ലെതർ ജാക്കറ്റിന് 100 യുവാനും (ഏകദേശം 15 യുഎസ് ഡോളർ), കണ്ണടയ്ക്ക് 10 യുവാനും മാത്രമാണ് ചിലവായതെന്ന് ചൈന ന്യൂസ് വീക്ക്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഇത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 1,551 രൂപ വരും.

ചില വീഡിയോകളിൽ, എൻവിഡിയയുടെ പ്രധാന ഉൽപ്പന്നമായ ഗ്രാഫിക്സ് കാർഡുകളുടെ വലിയൊരു മാതൃകയും യാങ് കൈയിൽ കരുതാറുണ്ട്. മറ്റു ചില വീഡിയോകളിൽ, വലിയൊരു പാത്രത്തിൽ നിന്ന് നൂഡിൽസ് കഴിച്ചും, ചൈനയിലെ പ്രശസ്ത ബ്രാൻഡായ 'മിക്സ്യു'വിന്റെ ഫ്രൂട്ട് ജ്യൂസ് കുടിച്ചും അദ്ദേഹം ഹുവാങ്ങിനെ അതേപടി അനുകരിക്കുന്നു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സംഘത്തോടൊപ്പം ബെയ്ജിംഗ് സന്ദർശിച്ച വേളയിൽ, ജെൻസൻ ഹുവാംഗ് ബെയ്ജിംഗ് തെരുവുകളിൽ നിന്ന് നൂഡിൽസ് കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് യാങ് ഈ വീഡിയോകൾ ചെയ്തത്. ജൂൺ ആദ്യവാരത്തോടെ യാങ്ങിന്റെ അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം 54,000 കടന്നു.

യാങ്ങിന്റെ ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ചില വീഡിയോകൾക്ക് 15 ദശലക്ഷത്തിലധികം കാഴ്‌ചക്കാരുണ്ട്. അദ്ദേഹത്തിന്റെ ലൈവ് സ്ട്രീമിംഗ് സെഷനുകൾ ഒരേസമയം 20,000 പേർ വരെ തത്സമയം കാണാറുമുണ്ട്.

ഒരു സാധാരണ ഗ്രാമീണ കുടുംബത്തിൽ ജനിച്ച യാങ്, തന്റെ 16-ാം വയസ്സിൽ ഒരു കുടിയേറ്റ തൊഴിലാളിയായാണ് ജോലി ആരംഭിച്ചത്. റെസ്റ്റോറന്റുകളിൽ പാത്രങ്ങൾ കഴുകിയും ഭക്ഷണം പാകം ചെയ്തും അദ്ദേഹം ജീവിച്ചു. അഞ്ച് വർഷം മുമ്പ് പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിനായാണ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്. നിലവിൽ ഗ്രാമീണ ജീവിതം ദൃശ്യവൽക്കരിക്കുന്ന ഒരു പ്രാദേശിക ഇൻഫ്ലുവൻസർ കൂടിയാണ് യാങ്. അദ്ദേഹത്തിന്റെ മറ്റൊരു സോഷ്യൽ മീഡിയ അക്കൗണ്ടിന് 3 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടെങ്കിലും, അതിൽ നിന്നുള്ള വരുമാനം സ്ഥിരമല്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം തന്നെ യാങ്ങിന്റെ രൂപസാദൃശ്യം കണ്ട് പലരും ഹുവാങ്ങിനെ അനുകരിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും, അടുത്തിടെ ഹുവാങ്ങിന്റെ ബെയ്ജിംഗ് വീഡിയോകൾ വൈറലായപ്പോഴാണ് യാങ് ഇത് ഗൗരവമായി എടുത്തത്.

'ഹുവാംഗ് ഒരു ഹൈടെക് വിദഗ്ദ്ധൻ ആയതുകൊണ്ട് മാത്രമല്ല ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നത്, അദ്ദേഹം ഒരു സാധാരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ ആളായതുകൊണ്ട് കൂടിയാണ്. ഹുവാംഗ് ചെറുപ്പത്തിൽ റെസ്റ്റോറന്റുകളിൽ പാത്രങ്ങൾ കഴുകിയിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്, ഞാനും അത് ചെയ്തിട്ടുണ്ട്' യാങ് പറഞ്ഞു.

എങ്കിലും, പെട്ടെന്നുണ്ടായ ഈ ജനപ്രീതി തനിക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി യാങ് വെളിപ്പെടുത്തി. എൻവിഡിയയുടെ ലീഗൽ ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്ന് പറഞ്ഞ് ചിലർ എന്നെ ബന്ധപ്പെടുകയും വീഡിയോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു, യാങ് പറഞ്ഞു. 'ബോസ് ഹുവാങ്ങിനോടും അദ്ദേഹത്തിന്റെ എൻവിഡിയ കമ്പനിയോടും എന്നെപ്പോലൊരു സാധാരണക്കാരനോട് ക്ഷമിക്കാൻ ഞാൻ അപേക്ഷിക്കുന്നു. എന്റെ വീഡിയോകൾ കമ്പനിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ശരിക്കും തോന്നുകയാണെങ്കിൽ ദയവായി എന്നെ അറിയിക്കുക, ഞാൻ അവ ഡിലീറ്റ് ചെയ്തോളാം' അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിൽ പ്രശസ്ത വ്യക്തികളെ അനുകരിച്ച് ബ്ലോഗർമാർ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. തായ്‌വാനീസ് പോപ്പ് ഗായകൻ ജെയ് ചൗവിനെ അനുകരിക്കുന്ന ഒരു കച്ചവടക്കാരനും, ഡൊണാൾഡ് ട്രംപിനെ അനുകരിച്ച് ഓൺലൈനായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചോങ്കിംഗിൽ നിന്നുള്ള റയാൻ ചെൻ എന്ന അധ്യാപകനും ഇതിന് മുൻപ് ചൈനയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'സഹപ്രവർത്തകനോ ഡ്രൈവറല്ലേ?' എന്ന് ഡോക്ടർ, മറുപടി സകലരുടെയും മനസ് കീഴടക്കുന്നത്, 4.25 ലക്ഷം ഹൃദയശസ്ത്രക്രിയയ്ക്ക്
50 കമ്പനി സിആർപിഎഫ്; പാറ്റാ സമരം പ്രതിരോധിക്കാൻ സേനാ വിന്യാസം കൂട്ടി സർക്കാർ, പിന്നോട്ടില്ലെന്ന് സിജെപി