
തങ്ങൾക്ക് അനുയോജ്യമായ ഒരു പങ്കാളി(Partner)യെ കണ്ടെത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്നത്തെ കാലത്ത് അതിന് നിരവധി വഴികളുണ്ട് താനും. ആളുകൾ ഇതിനായി ഡേറ്റിംഗ് സൈറ്റുകളിലോ, അല്ലെങ്കിൽ അത്തരം ഗ്രൂപ്പുകളിലോ ചേരുന്നു. എന്നാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെക്സാസിൽ(United states, Texas) നിന്നുള്ള 66 -കാരനായ ജിം ബേസിന് അതൊന്നും അത്ര നല്ലൊരു ആശയമായി തോന്നിയില്ല. പകരം, അദ്ദേഹം തന്റെ പരിസരത്ത് ഒരു വലിയ പരസ്യബോർഡ് തന്നെ അങ്ങ് സ്ഥാപിച്ചു.
പരസ്യബോർഡിൽ ഒരു കൗബോയ് തൊപ്പി ധരിച്ച് നിൽക്കുന്ന ഒരു രസികൻ ഫോട്ടോയും അദ്ദേഹം ഒട്ടിച്ചു. എന്നിട്ട് “ഒരു നല്ല സ്ത്രീയെ ആവശ്യമുണ്ട്. 50-55 ഇടയിൽ പ്രായം. സംസാരിക്കാനും, ഒരുമിച്ച് നടക്കാനും, പരസ്പരം കരുതൽ നൽകാനും" എന്നൊരു അടിക്കുറുപ്പും നൽകി. ഇതിന് പുറമേ, അദ്ദേഹത്തിന്റെ ഫോൺ നമ്പറും ബോർഡിൽ വച്ചു. ഈ പരസ്യം പെട്ടെന്ന് തന്നെ പ്രദേശവാസികൾക്കിടയിൽ ചർച്ചാ വിഷയമായി.
താൻ നാലോ അഞ്ചോ ഡേറ്റുകൾക്ക് പോയിട്ടുണ്ടെന്നും, ശരിയായ ആളെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് പുറമെ, ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ വഴി പ്രണയം കണ്ടെത്താനുള്ള ഒരു ശ്രമവും അദ്ദേഹം നടത്തി. എന്നാൽ, പിന്നീട് അത് ഉപേക്ഷിച്ചു. ആഴ്ചയിൽ ആറ് ദിവസവും അദ്ദേഹത്തിന് ജോലിയ്ക്ക് പോണം. അതുകൊണ്ട് തന്നെ, ഇതിന്റെ പുറകെ നടക്കാൻ അദ്ദേഹത്തിന് സമയമില്ല. അപ്പോഴാണ് ഇത് ഒരു നല്ല മാർഗമായി തോന്നിയത്. ബോർഡ് സ്ഥാപിച്ചതിന് ശേഷം രണ്ട് ഡസൻ വോയ്സ് മെയിലുകളോളം അദ്ദേഹത്തിന് ലഭിച്ചു.
ഈ വർഷം ആദ്യമാണ് അദ്ദേഹം ടെക്സസിലേക്ക് താമസം മാറിയത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ബേസിന് ഒരു കുടുംബമുണ്ടായിരുന്നു. രണ്ടുതവണ വിവാഹിതനായ അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. തന്റെ മുൻകാല ബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ, താൻ തന്റെ ആദ്യഭാര്യയെ ഒരുപാട് സ്നേഹിച്ചിരുന്നെന്നും, എന്നാൽ അവളുമായി ഒരുപാട് വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. "എന്റെ ആദ്യഭാര്യ, ഞാൻ അവളെ മരണം വരെ സ്നേഹിച്ചു. അവൾ എന്നെയും സ്നേഹിച്ചു, പക്ഷേ ഞങ്ങൾ വഴക്കിടുമായിരുന്നു" അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ തിരക്കേറിയ ജോലി കാരണം രണ്ടാം വിവാഹം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ഈ പരസ്യബോർഡാണ് അദ്ദേഹത്തിന് ആകെയുള്ള പ്രതീക്ഷ. ഇതിലൂടെ തന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെ ലഭിക്കുമെന്നുള്ള വിശ്വാസത്തിലാണ് അദ്ദേഹം.