ഒറ്റവോട്ടിന് തെരഞ്ഞെടുപ്പിൽ തോറ്റു, എന്നിട്ടും വാ​ഗ്ദാനം നിറവേറ്റി സ്ഥാനാർത്ഥി, അഭിനന്ദിച്ച് ജനങ്ങൾ

By Web TeamFirst Published Sep 24, 2021, 12:08 PM IST
Highlights

എന്നിരുന്നാലും, തെരഞ്ഞെടുപ്പിൽ തോറ്റെന്ന് അറിഞ്ഞതോടെ എന്റെ പ്രതീക്ഷകൾ തകർന്നു. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീരാമമൂർത്തി അദ്ദേഹത്തിന്റെ വാഗ്ദാനം നിറവേറ്റി. ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു.

തെരഞ്ഞെടുപ്പ് (election) അടുത്താൽ നേതാക്കൾ പല മോഹനവാഗ്ദാനങ്ങളും നൽകാറുണ്ട്. ജയിച്ചാൽ ചിലരെങ്കിലും അതെല്ലാം മനഃപൂർവം മറക്കാറുമുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ തോറ്റിട്ടും തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ഇറങ്ങിത്തിരിച്ച ഒരു അഭിഭാഷകനാണ് ഇപ്പോൾ താരം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജി സിഗഡാം മണ്ഡലത്തിൽ നിന്നുള്ള ശ്രീരാമമൂർത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കേവലം ഒരു വോട്ടിന് തോറ്റു.  

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരു ദിവസം ശ്രീരാമമൂർത്തി കടഗണ രാമുലുവിന്റെ വീട് സന്ദർശിക്കാൻ ഇടയായി. രാമുലു കഴിഞ്ഞ 10 വർഷമായി ഒരു ചെറിയ കുടിലിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ, നാല് പെൺമക്കൾ, ഒരു കൊച്ചുമകൾ എന്നിവരും അദ്ദേഹത്തിനൊപ്പം ആ വീട്ടിലാണ് താമസം. ഇത്രയധികം പേർ ആ ചെറിയ കുടിലിൽ തിങ്ങി പാർക്കുന്നത് ശ്രീരാമമൂർത്തിയെ വല്ലാതെ വേദനിപ്പിച്ചു. പണമില്ലാതെ കഷ്ടപ്പെട്ട രാമുലുവിന് സ്വന്തമായി ഒരു വീട് വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു പുതിയ വീട് അനുവദിക്കണമെന്ന് അദ്ദേഹം ശ്രീരാമമൂർത്തിയോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ദുരവസ്ഥ കണ്ടപ്പോൾ ശ്രീരാമമൂർത്തി പുതിയ വീട് പണിതുനൽകാമെന്ന് ഉറപ്പ് നൽകി.  ജയിച്ചാലും, ഇല്ലെങ്കിലും താൻ തന്റെ വാക്ക് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒടുവിൽ തോറ്റപ്പോൾ, എല്ലാരേയും ഞെട്ടിച്ചുകൊണ്ട് വീട് പണിയാനുള്ള മൂന്ന് ലക്ഷം രൂപ സ്വന്തം പോക്കറ്റിൽ നിന്ന് ശ്രീരാമമൂർത്തി നൽകുകയായിരുന്നു. “ഞാനും എന്റെ കുടുംബത്തിലെ മറ്റ് ഏഴ് അംഗങ്ങളും കഴിഞ്ഞ 10 വർഷമായി ഒരു ചെറിയ കുടിലിലാണ് താമസിക്കുന്നത്. സർക്കാർ ഒരു വീടുവയ്ക്കാനുള്ള സ്ഥലം അനുവദിച്ചെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാൽ എനിക്ക് ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞില്ല" രാമുലു പറഞ്ഞു. "തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഞാൻ ശ്രീരാമമൂർത്തിയോട് എന്റെ പ്രശ്നം പറഞ്ഞു. അദ്ദേഹം എനിക്ക് സർക്കാർ വഴി ഒരു വീട് അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, തെരഞ്ഞെടുപ്പിൽ തോറ്റെന്ന് അറിഞ്ഞതോടെ എന്റെ പ്രതീക്ഷകൾ തകർന്നു. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീരാമമൂർത്തി അദ്ദേഹത്തിന്റെ വാഗ്ദാനം നിറവേറ്റി. ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം താൻ പാവപ്പെട്ടവരെയും, ദരിദ്രരെയും സേവിക്കാനായിട്ടാണ് രാഷ്ട്രീയം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തോറ്റാലും അതിൽ ഒരു മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കൈയിൽ നിന്ന് പണം മുടക്കി വീട് പണിതുകൊടുത്ത അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പ്രശംസിക്കുകയാണ് ജനങ്ങൾ ഇപ്പോൾ. 

(ചിത്രം പ്രതീകാത്മകം)

click me!