
പ്രണയബന്ധങ്ങളെ എതിർക്കുന്നവർ എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ട്. അതുപോലെ തങ്ങളുടെ ചെറുപ്രായത്തിൽ വീട്ടുകാർ വിവാഹം കഴിക്കാൻ അനുവദിക്കാത്ത രണ്ട് പ്രണയികൾ 60 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ വാർധക്യകാലത്ത് വിവാഹിതരായി. ആ റോമിയോയുടെയും ജൂലിയറ്റിന്റെയും പേരുകൾ ബെസോട്ട് ലെൻ ആൾബ്രൈറ്റൺ, ജീനറ്റ് സ്റ്റെയർ എന്നിങ്ങനെയാണ്. ട്രെയിനി നഴ്സുമാരായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുക്കുന്നതും.
ഇരുവരും പ്രണയത്തിലായിരുന്നു. 19 -ാമത്തെ വയസിൽ ലെൻ അന്ന് 18 -കാരിയായിരുന്ന ജീനറ്റിനോട് വിവാഹാഭ്യർത്ഥന നടത്തി. അവളുടെ വിരലിൽ മോതിരവും അണിയിച്ചു. വിവാഹിതരാവാനും ഒരുമിച്ച് ജീവിക്കാനും ഇരുവർക്കും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇരുവരും വിവാഹിതരാവാൻ തന്നെ തീരുമാനിച്ചു. ശേഷം ഓസ്ട്രേലിയയിൽ പോയി ജീവിക്കാനായിരുന്നു പദ്ധതി. ലെൻ അതിന് വേണ്ടി ജീനറ്റിനെ കാത്തിരുന്നു. എന്നാൽ, അപ്പോഴേക്കും ജീനറ്റിന്റെ വീട്ടുകാർ ആ പ്രണയബന്ധം കണ്ടുപിടിച്ചു. അതോടെ വീട്ടുകാർ ഇരുവരെയും അകറ്റി. ജീനറ്റിനെ വീട്ടിൽ അടച്ചിട്ടു. കാണാനും ഒരുമിച്ച് ജീവിക്കാനുമൊന്നും മറ്റ് വഴികളില്ലാതിരുന്ന ലെനും ജീനറ്റും രണ്ട് വഴിക്കായി പിരിഞ്ഞു. ലോകത്തിന്റെ വ്യത്യസ്തമായ രണ്ട് ഇടങ്ങളിൽ ജീവിതം ആരംഭിച്ചു.
ഓസ്ട്രേലിയയിലെത്തിയ ലെൻ കുറച്ച് കാലത്തിന് ശേഷം വിവാഹിതനായി. മൂന്ന് കുട്ടികളുമുണ്ടായി. ജീനറ്റ് യുകെ -യിൽ തന്നെയായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി. എന്നാൽ, 2015 -ൽ ലെൻ വിവാഹമോചിതനായി. പിന്നെ ലെന്നിന്റെ മനസിൽ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. തന്റെ പഴയ സഖിയെ കണ്ടെത്തണം. അങ്ങനെ അയാൾ യുകെയിലെത്തി. ജീനറ്റിന്റെ വിലാസം കണ്ടുപിടിച്ച് അവളുടെ വീട്ടിലെത്തി. ജീനറ്റ് വിവാഹിതയായിരുന്നു. എന്നാൽ, രണ്ട് വർഷങ്ങൾക്ക് ശേഷം അവളുടെ ഭർത്താവ് കാൻസറിനെ തുടർന്ന് മരിച്ചതോടെ അവർ വീണ്ടും ലെനിനെ വിളിക്കാൻ തുടങ്ങി.
18 -ാം വയസിൽ ലെൻ തന്നെ അണിയിച്ച മോതിരം അവൾ അപ്പോഴും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം വീണ്ടും ആരംഭിക്കുകയും 2018 -ൽ ഹെർട്‌സിലെ സ്റ്റീവനേജിൽ ഒരുമിച്ചൊരു വീടെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം 79 -ാമത്തെയും 78 -ാമത്തെയും വയസിൽ ഇരുവരും വിവാഹിതരായി. ഇരുവരുടെയും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും എല്ലാം വിവാഹത്തിൽ പങ്കെടുത്തു.
2015 -ൽ ലെന്നിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ജീനറ്റ് പറയുന്നത്, ഒട്ടും പ്രതീക്ഷിക്കാതെ തന്റെ പൂന്തോട്ടത്തിലെ വേലിക്കരികിൽ ലെന്നിനെ കണ്ടപ്പോൾ തന്റെ ഹൃദയം നിലച്ചുപോയി എന്നാണ്. തങ്ങളുടെ പ്രണയം അത്രമേൽ തീക്ഷ്ണവും തീവ്രവുമാണ് എന്നും താനവളെ ജീവനേക്കാളേറെ സ്നേഹിക്കുന്നു എന്ന് ലെന്നും പറയുന്നു.